From the print
മഅ്ദിൻ അക്കാദമി 30ാം വാർഷികം: "ഖോജ് സഫർ' ദേശീയ പൈതൃക യാത്രക്ക് ഇന്ന് തുടക്കം
ഖോജ് സഫർ അഖിലേന്ത്യാ പൈതൃക യാത്രയുടെ ബ്രാൻഡ് ബുക്ക് പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹി കേരള ഹൗസിൽ നിർവഹിച്ചു
ന്യൂഡൽഹി| മഅ്ദിൻ അക്കാദമിയുടെ 30ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന “ഖോജ് സഫർ’ ദേശീയ പൈതൃക യാത്രക്ക് ഇന്ന് ന്യൂഡൽഹിയിൽ തുടക്കമാകും. മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്ര, ഇന്ത്യയുടെ വൈവിധ്യത്തെ വിജ്ഞാനത്തിന്റെയും സാഹോദര്യത്തിന്റെയും ദേശീയ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്ന സമഗ്ര സംരംഭമായാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖോജ് സഫർ അഖിലേന്ത്യാ പൈതൃക യാത്രയുടെ ബ്രാൻഡ് ബുക്ക് പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹി കേരള ഹൗസിൽ നിർവഹിച്ചു.
യാത്രയുടെ ഭാഗമായി, “ഇന്ത്യ ഖുർആൻ അവാർഡ്’ രാജ്യവ്യാപകമായി പരിചയപ്പെടുത്തും. രാജ്യത്തെ ഖുർആൻ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി അഞ്ച് കോടി രൂപയുടെ സമഗ്ര പദ്ധതിയാണ് ഇന്ത്യ ഖുർആൻ അവാർഡ്. പ്രമുഖ പണ്ഡിതന്മാർ, ഖാരിഉകൾ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരടങ്ങുന്ന ദേശീയ അക്കാദമിക് സമിതിയാണ് മത്സരത്തിന്റെ മാനദണ്ഡങ്ങളും മൂല്യനിർണയ സംവിധാനങ്ങളും ഏകോപിപ്പിക്കുന്നത്. ഹിഫ്‌ള് (മനഃപാഠം), ഖുർആൻ പാരായണം (തജ്‌വീദും അവതരണവും) എന്നീ രണ്ട് പ്രധാന വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. ഹിഫ്‌ള് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന മത്സരാർഥിക്ക് 11,11,111 രൂപ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. പാരായണ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇരു വിഭാഗങ്ങളിലെയും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കും സംസ്ഥാനതല ജേതാക്കൾക്കും പ്രത്യേക പുരസ്‌കാരങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നൽകും.
12 മുതൽ 30 വയസ്സ് വരെയുള്ള ഇന്ത്യയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിദ്യാർഥികൾക്കും ബിരുദധാരികൾക്കും മത്സരത്തിൽ പങ്കെടുക്കാം. രജിസ്‌ട്രേഷൻ 2026 സെപ്തംബർ 30 വരെ തുടരും. രജിസ്‌ട്രേഷൻ പൂർണമായും സൗജന്യമാണ്.
കൃത്യമായ സംഘാടനം ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖേന മാത്രമായിരിക്കും രജിസ്‌ട്രേഷൻ സ്വീകരിക്കുക. സ്‌കൂൾ, ജില്ലാ, സംസ്ഥാന തലങ്ങളിലായി രാജ്യത്തുടനീളം നൂറിലധികം കേന്ദ്രങ്ങളിൽ പ്രാഥമിക മത്സരങ്ങൾ നടക്കും. ദേശീയ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർഥികൾക്കായി 2027 ഫെബ്രുവരിയിൽ മലപ്പുറത്ത് അന്തിമ മത്സരങ്ങൾ സംഘടിപ്പിക്കും.
വിജയികൾക്കുള്ള അവാർഡുകൾ 2027 ഫെബ്രുവരിയിൽ മലപ്പുറം സ്വലാത്ത് നഗറിൽ നടക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക് പീസ് കോൺഫറൻസിൽ വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, ഗ്ലോബൽ ഡയറക്ടർ ഉമർ മേൽമുറി, ഖോജ് സഫർ ക്യാപ്റ്റൻ സയ്യിദ് അഹ്‌മദുൽ കബീർ അൽ ബുഖാരി, മഅ്ദിൻ മാനേജർ ദുൽഫുഖാർ അലി സഖാഫി, എസ് എസ് എഫ് ഇന്ത്യ ജനറൽ സെക്രട്ടറി ദിൽഷാദ് റഹ്‌മാൻ, മുഹമ്മദ് അബൂബക്കർ സ്വാദിഖ് നൂറാനി, സുബൈർ അംജദി സംബന്ധിച്ചു.
Content Highlights: Ma’din Academy launched its Khoj Safar National Heritage Yatra in New Delhi as part of its 30th anniversary celebrations. Chief Minister VD Satheesan released the brand book at Kerala House. The initiative introduces the 5 Crore India Quran Award with global finals set for Malappuram in 2027.




