Kerala
'കൂട്ടുപ്രതിയെ തള്ളിപ്പറഞ്ഞ് ഒന്നാം പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു'; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍
'പ്രകാശ് ജാവദേക്കറെ ഇ പി കണ്ടത് മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്. സി പി എം-ബി ജെ പി രഹസ്യബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണ്.'
കൊച്ചി | ഇ പി ജയരാജന്‍ ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൂട്ടുപ്രതിയെ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ഒന്നാം പ്രതിയായ മുഖ്യമന്ത്രിയെന്ന് സതീശന്‍ ആരോപിച്ചു. ഇ പിയുടെ വെളിപ്പെടുത്തലും പിണറായിയുടെ പ്രതികരണവും പുറത്തുവന്നതോടെ സി പി എം-ബി ജെ പി രഹസ്യബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.
സി പി എമ്മും ബി ജെ പിയും തമ്മിലുള്ള രഹസ്യബന്ധത്തെ കുറിച്ച് നേരത്തെ തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നതാണ്. അത് സ്ഥിരീകരിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. പ്രകാശ് ജാവദേക്കറെ ഇ പി കണ്ടത് മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്.
പ്രകാശ് ജാവദേക്കറെ താനും പലതവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി എന്തിനാണ് കേന്ദ്ര മന്ത്രി പോലുമല്ലാത്ത ജാവദേക്കറെ പലതവണ കണ്ടത്, ഇ പിയുടെ മകന്റെ ആക്കുളത്തുള്ള വീട്ടിലേക്ക് എന്തിനാണ് ജാവദേക്കര്‍ പോയത് എന്നീ ചോദ്യങ്ങളാണ് ഉയരുന്നത്. പിടിക്കപ്പെട്ടു എന്ന് കണ്ടപ്പോള്‍ മുഖ്യമന്ത്രി ഇ പിയെ കൈയൊഴിയുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.