From the print
ഭേഷ് ഗുകേഷ്
ടൂര്‍ണമെന്റ്ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയിയെന്ന നേട്ടവും 17കാരന്‍ സ്വന്തമാക്കി. വിശ്വനാഥന്‍ ആനന്ദിനു ശേഷം (2014) ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ കളിക്കാരനാണ് ഗുകേഷ്.
ടൊറന്റോ | ടൊറന്റോ ചെസ്സില്‍ ചരിത്ര നേട്ടം കൊയ്ത് ഇന്ത്യയുടെ ഡി ഗുകേഷ്. ഈ വര്‍ഷാവസാനം നടക്കുന്ന ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍, ലോക ചാമ്പ്യന്‍ ഡിംഗ് ലിറന്റെ എതിരാളിയെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ വിജയക്കൊടി പാറിച്ചാണ് ദൊമ്മരാജു ഗുകേഷ് എന്ന ഡി ഗുകേഷ് ചരിത്രം കുറിച്ചത്. ടൂര്‍ണമെന്റ്ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയിയെന്ന നേട്ടവും 17കാരന്‍ സ്വന്തമാക്കി. വിശ്വനാഥന്‍ ആനന്ദിനു ശേഷം (2014) ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ കളിക്കാരനാണ്. രണ്ട് പേരും തമിഴ്‌നാട്ടുകാരാണെന്ന പ്രത്യേകതയുമുണ്ട്.
ആറാം സീഡും അരങ്ങേറ്റക്കാരനുമായ ഗുകേഷ് 14ാം റൗണ്ടില്‍ യു എസിന്റെ ഹികാരു നകാമുറയെ സമനിലയില്‍ തളച്ചാണ് ജേതാവായത്. ഒമ്പത് പോയിന്റ്‌നേടിയാണ് താരത്തിന്റെ വിജയം. റഷ്യയുടെ യാന്‍ നെപോംനിയാചിയും ടോപ് സീഡായ അമേരിക്കയുടെ ഫാബിയോ കരുവാനയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചതും ഗുകേഷിന് കാര്യങ്ങള്‍ അനുകൂലമാക്കി. രണ്ട് പേരില്‍ ആരെങ്കിലും ജയിച്ചിരുന്നെങ്കില്‍ ടൈ ബ്രേക്കര്‍ ആവശ്യമായി വന്നേനെ.
കാന്‍ഡിഡേറ്റ്സ് ജേതാവിന് 48 ലക്ഷത്തോളം രൂപ സമ്മാനം ലഭിക്കും. രണ്ടാമന് 28.6 ലക്ഷം രൂപയും മൂന്നാമന് 21.5 ലക്ഷം രൂപയും ലഭിക്കും. കഴിഞ്ഞവര്‍ഷം നടന്ന ഹാംഗ്്ഷൂ ഏഷ്യന്‍ ഗെയിംസില്‍ ഗുകേഷ് വെള്ളി നേടിയിരുന്നു.
2019 ജനുവരിയില്‍ 12 വയസ്സും ഏഴ് മാസവും 17 ദിവസവും പ്രായമുള്ളപ്പോഴാണ് ഗുകേഷ് ഗ്രാന്‍ഡ് മാസ്റ്ററായത്. ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററും ലോകത്തെ രണ്ടാമത്തെ പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററെന്ന നേട്ടവും അന്ന് ഗുകേഷ് സ്വന്തമാക്കിയിരുന്നു. 2750+ എന്ന റേറ്റിംഗ് മറികടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായും ഗുകേഷ് മാറി. ലിറനെ മറികടന്നാല്‍, ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനാകും.