Connect with us

Articles

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്!

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, വിവിധ പാര്‍ട്ടികള്‍ പരസ്പരം ആരോപണ പ്രത്യാരോപണം നടത്തുക പതിവാണ്. എന്നാല്‍ മതപരമായും വംശീയമായും അധിക്ഷേപങ്ങള്‍ നടത്തുന്നതും ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രസ്താവനകളും അഭിപ്രായപ്രകടനങ്ങളും നടത്തുന്നതും തിരഞ്ഞെടുപ്പ് ചട്ടത്തിനു വിരുദ്ധമാണ്. ഇത് സംബന്ധിച്ചുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിലെ 153 എ വകുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയാതിരിക്കില്ല.

Published

|

Last Updated

കുയിലിനെ കൊണ്ടുചെന്ന് കോട്ടന്റെ കൈയില്‍ കൊടുക്കുക എന്നൊരു ചൊല്ലുണ്ട്. ഈ ചൊല്ല് കൊണ്ട് ഉദ്ദേശിക്കുന്നത് നല്ല വസ്തുവിനെ അര്‍ഹനല്ലാത്ത ആളെ ഏല്‍പ്പിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളാണ്. നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ ഈ ചൊല്ലിനെ അനുസ്മരിപ്പിക്കുന്നു. മതേതര, ബഹുസ്വര, ജനാധിപത്യ രാജ്യമെന്നനിലയില്‍ ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നിന്ന ഇന്ത്യയെ താത്കാലിക ലാഭത്തിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരും ലോകത്തിനു മുമ്പില്‍ നാണം കെടുത്തുകയാണ്. നുഴഞ്ഞുകയറ്റക്കാരായും ഏറ്റവും കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുന്നവരായും മുസ്ലിംകളെ വിശേഷിപ്പിച്ച നരേന്ദ്ര മോദി നാഗ്പൂരിലെ സംഘി കൂടാരത്തിലെ വിദ്യാര്‍ഥിയായിരുന്നുവെന്ന കാര്യം മറക്കുന്നില്ല. വേഷം കണ്ടാല്‍ കലാപകാരികളെ തിരിച്ചറിയാം എന്ന് പറഞ്ഞ മോദിയില്‍ നിന്ന് ഇതിനപ്പുറവും പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് എന്നിടത്താണ് വിഷയത്തിന്റെ കാതല്‍. രാജ്യത്തെ ജനങ്ങളെ ഒരുമിച്ചു നിര്‍ത്തേണ്ട ഭരണാധികാരി ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിദ്വേഷവും പരസ്പര സംശയവും പടര്‍ത്തുന്ന രീതിയിലുള്ള പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നത് രാജ്യനന്മ ലക്ഷ്യമാക്കിയല്ല. രാജ്യം പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ വോട്ടിനു വേണ്ടി എതിര്‍ പാര്‍ട്ടിക്കാരെ കുറിച്ച് ഉള്ളതും ഇല്ലാത്തതും പറയുക പതിവാണ്. എന്നാല്‍ നരേന്ദ്ര മോദിയും കൂട്ടരും കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കാന്‍ എന്ന പേരില്‍ കടന്നാക്രമിക്കുന്നത് മുസ്ലിംകളെയാണ്. രാജസ്ഥാനിലെ ബന്‍സ്വാരയിലും ജലോറിലും ടോങ്കിലും തുടര്‍ന്ന് അലിഗഢിലും ഛത്തീസ്ഗഢിലും മുസ്ലിം വിരോധം മോദി ആവര്‍ത്തിക്കുകയുണ്ടായി. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയെ പരാമര്‍ശിച്ച് കൊണ്ടാണ് മോദിയുടെ വിമര്‍ശം.

ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം മോദിക്കുണ്ടായ ഈ ബോധോദയം പരാജയ ഭീതിയില്‍ നിന്നുണ്ടായതാണ്. ‘മോദി ഗ്യാരന്റി’ ജനം വിശ്വസിക്കില്ല എന്ന തിരിച്ചറിവാണ് മോദിയെ വര്‍ഗീയത പറയാന്‍ നിര്‍ബന്ധിപ്പിച്ചിരിക്കുന്നതെന്നു വ്യക്തം. വികസനവും ഗ്യാരന്റിയും പറഞ്ഞാല്‍ യു പി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ താമരക്ക് വോട്ട് ചെയ്യാനുള്ള സാധ്യത കുറവാണ്. അവിടെ വൈകാരിക പ്രശ്നങ്ങളും വര്‍ഗീയതയുമാണ് വോട്ടായി മാറുക എന്ന് മോദിക്കറിയാം. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാമക്ഷേത്രത്തിന്റെ പേരില്‍ ഭരണം കൈക്കലാക്കിയ മോദി ഇപ്പോള്‍ മംഗല്യ സൂത്രത്തിലാണ് കയറിപ്പിടിച്ചിരിക്കുന്നത്. സ്ത്രീകളെ ഏറെ വൈകാരികമായി ചിന്തിപ്പിക്കുന്ന ഒന്നാണ് മംഗല്യസൂത്രം. മംഗല്യസൂത്രം നഷ്ടപ്പെടുന്ന ഒരവസ്ഥ ഒരു സ്ത്രീയും ആഗ്രഹിക്കില്ല. കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രികയില്‍ സ്ത്രീകളുടെ മംഗല്യസൂത്രം പറിച്ചെടുക്കുന്ന കാര്യം പറയുന്നുണ്ടെന്ന ആരോപണമാണ് മോദി ഉന്നയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രിക പുറത്തുവന്നപ്പോള്‍ മോദി അതില്‍ കണ്ടിരുന്ന കുറ്റം അത് മുസ്ലിം ലീഗിന്റെ പ്രകടന പത്രിക എന്നായിരുന്നു. അന്ന് ഉന്നയിക്കാത്ത ആരോപണമാണ് കോണ്‍ഗ്രസ്സ് പ്രകടനപത്രികയെ കുറിച്ച് ഇപ്പോള്‍ മോദി ഉന്നയിച്ചിരിക്കുന്നത്.

ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം പിടിച്ചെടുത്ത് കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും വിതരണം ചെയ്യുമെന്ന മോദിയുടെ വിദ്വേഷ പ്രസംഗത്തെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനതയോടൊപ്പം വിദേശമാധ്യമങ്ങളും വിമര്‍ശിക്കുകയുണ്ടായി. അമേരിക്കയിലെ ലോസ് ആഞ്ചലസ് ടൈംസ്, ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ഇംഗ്ലണ്ടിലെ ദി ഗാര്‍ഡിയന്‍, ഖത്വറിലെ അല്‍ജസീറ തുടങ്ങിയ മാധ്യമങ്ങള്‍ മോദിയുടെ പ്രസംഗം സാമുദായിക വിഭജനം ലക്ഷ്യമാക്കിയുള്ളതാണെന്ന് വിമര്‍ശിക്കുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് 2006ല്‍ നടത്തിയ പ്രസ്താവനയെ മോദി ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. രാജ്യത്തിന്റെ വിഭവങ്ങളുടെ പ്രഥമാവകാശി മുസ്ലിംകളാണെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു എന്നായിരുന്നു മോദിയുടെ ദുര്‍വ്യാഖ്യാനം. തിരഞ്ഞെടുപ്പ് ഘട്ടത്തിലുള്ള മോദിയുടെ ഈ വിദ്വേഷ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമാണെന്ന് തിരഞ്ഞെടുപ്പ് ചട്ടങ്ങളെ കുറിച്ച് പ്രാഥമിക ജ്ഞാനമുള്ളവര്‍ക്ക് പോലും മനസ്സിലാകുന്നതാണ്. എന്നാല്‍ പരാതികള്‍ പലതും കൈയില്‍ കിട്ടിയിട്ടും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ചട്ടവിരുദ്ധത കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കുന്നില്ല. രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി ബി ജെ പി സമീപിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉണര്‍ന്നു. ഒടുവില്‍ ഇരു പാര്‍ട്ടികളുടെയും അധ്യക്ഷന്മാരോട് വിശദീകരണം തേടിയിരിക്കുകയാണ്. നേരത്തേ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ ഉടന്‍ നോട്ടീസ് നല്‍കുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിഗുരുതരമായ ചട്ടലംഘനം നടത്തിയ മോദിക്കെതിരെ ദിവസങ്ങളോളം മൗനം പാലിച്ചതിനു ശേഷമാണ് മോദിയോട് വിശദീകരണം തേടാതെ ബി ജെ പി അധ്യക്ഷന് കത്തയച്ചിരിക്കുന്നത്. മഥുരയിലെ ബി ജെ പി സ്ഥാനാര്‍ഥി ഹേമമാലിനിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന പരാതി കിട്ടിയ ഉടനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസ്സ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലക്ക് പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, വിവിധ പാര്‍ട്ടികള്‍ പരസ്പരം ആരോപണ പ്രത്യാരോപണം നടത്തുക പതിവാണ്. എന്നാല്‍ മതപരമായും വംശീയമായും അധിക്ഷേപങ്ങള്‍ നടത്തുന്നതും ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രസ്താവനകളും അഭിപ്രായപ്രകടനങ്ങളും നടത്തുന്നതും തിരഞ്ഞെടുപ്പ് ചട്ടത്തിനു വിരുദ്ധമാണ്. ഇത് സംബന്ധിച്ചുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിലെ 153 എ വകുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയാതിരിക്കില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍, കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ട് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരെങ്ങനെയുണ്ടായി എന്ന് പ്രസംഗിച്ചതിന് ഗുജറാത്തിലെ സൂററ്റ് മജിസ്ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനെന്നു വിധിക്കുകയുണ്ടായി. ഈ വിധി ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന പേരില്‍ ലോക്സഭാ സ്പീക്കര്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ലിമെന്റ് അംഗത്വം റദ്ദാക്കുകയും ചെയ്തു. സ്പീക്കറുടെ ഈ നടപടി സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്ക് ലോക്സഭാംഗത്വം തിരികെ ലഭിച്ചത്. പൊതുരംഗത്തുള്ള ഒരാള്‍ പ്രസംഗം നടത്തുമ്പോള്‍ സംയമനം പാലിക്കണമെന്നും തങ്ങളുടെ അഭിപ്രായങ്ങള്‍ ചിലപ്പോള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും രാഹുല്‍ ഗാന്ധി കേസില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.

1980ല്‍ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിന് ശിവസേനാ അധ്യക്ഷന്‍ ബാല്‍ താക്കറെക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആറ് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുകയുണ്ടായി. ഈ അനുഭവങ്ങള്‍ മുന്നിലിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു കളിക്കുന്നത്.