Connect with us

ksrtc driver

മേയറെ അപമാനിച്ച ഡ്രൈവര്‍ യദു യാത്രക്കിടെ ഒരു മണിക്കൂര്‍ ഫോണില്‍ സംസാരിച്ചതിന് തെളിവ്

ക്യാമറയുടെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ അന്വേഷണം ശക്തമാക്കി

Published

|

Last Updated

തിരുവനന്തപുരം | മേയര്‍ ആര്യാ രാജേന്ദ്രന്‍ ചോദ്യം ചെയ്ത കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദു കുറ്റകരമായ രീതിയില്‍ ഡ്രൈവിങ്ങ് നടത്തിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. മേയര്‍ ഡ്രൈവറെ ചോദ്യം ചെയ്ത ദിവസം യാത്രക്കിടെ ഡ്രൈവര്‍ ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചെന്ന് പോലീസ് കണ്ടെത്തി. ഇതോടെ ബസ്സിലെ ക്യാമറയുടെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ ഇയാള്‍ക്കു പങ്കുണ്ടാവാമെന്ന സംശയം ബലപ്പെട്ടു. ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ ആയിരുന്നെങ്കിലും ഇയാളെ പിന്‍തുണക്കുന്നവരിലേക്കും അന്വേഷണം നീളുന്നുണ്ട്.

മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം എല്‍ എയും അപകടകരമായ ഡ്രൈവിങ്ങും അശ്ലീല ആംഗ്യവും ചോദ്യം ചെയ്‌തെങ്കിലും മേയറോട് തര്‍ക്കിച്ച യദുവിനെ പിന്‍തുണക്കാനായിരുന്നു ചില മാധ്യമങ്ങള്‍ തയ്യാറായത്. യദുവിന്റെ ചിത്രം പുറത്തുവന്നതോടെ ഇയാളെ തിരിച്ചറിഞ്ഞ നടി റോഷ്ണയും രംഗത്തുവന്നതോടെ ഇയാളുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ബലമേറി. ആദ്യം റോഷ്ണയെ കുറ്റപ്പെടുത്തി രക്ഷപ്പെടാനായിരുന്നു ഡ്രൈവറുടെ നീക്കം. ഇതു പിന്നീട് പൊളിഞ്ഞു. നേരത്തെ ഇയാള്‍ക്കെതിരെയുള്ള വിവിധ കേസുകളുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. നടി റോഷ്ണയുടെ പരാതിയില്‍ കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗം അന്വേഷണം ശക്തമാക്കി.

ഡ്രൈവര്‍ യദുവിനെ മേയറും എം എല്‍ എയും ചോദ്യം ചെയ്തതിനെതിരെ കേസ് എടുക്കാത്തതിനെതിരെയും ചില മാധ്യമങ്ങള്‍ രംഗത്തുവന്നിരുന്നു. ഇതോടെ യദു കോടതിയെ സമീപിച്ചു. തുടര്‍ന്നു കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. ബസിനുള്ളിലേക്ക് സച്ചിന്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു എന്നും ഡ്രൈവര്‍ ആരോപിച്ചിരുന്നു. ഈ പരാതി നാളെ കോടതി പരിഗണിക്കും.

തര്‍ക്കമുണ്ടായ കഴിഞ്ഞ 27ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് തൃശൂരില്‍ നിന്ന് ബസ് പുറപ്പെടുന്നത്. രാത്രി 9.45 ഓടെയാണ് തിരുവനന്തപുരം പാളയത്ത് വെച്ച് മേയര്‍ ഇയാളെ ചോദ്യം ചെയ്തത്. മേയറാണെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു ഇയാളുടെ ആദ്യ പ്രതികരണം. യാത്രയില്‍ പലസമയത്തായി ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പല ടവറുകളിലായാണ് സംസാരം. ഡ്യൂട്ടിക്കിടയിലെ ഫോണ്‍ വിളിയില്‍ പോലീസ് റിപ്പോര്‍ട്ട് കെ എസ് ആര്‍ ടി സിക്ക് നല്‍കും. നടി റോഷ്ണയെ ഇയാള്‍ റോഡില്‍ അപമാനിച്ച, കഴിഞ്ഞ വര്‍ഷം ജൂണ്‍18-19 തിയതികളില്‍ തിരുവനന്തപുരം- വഴിക്കടവ് ബസ് ഓടിച്ചത് ഇയാളാണെന്ന് ട്രിപ്പ് ഷീറ്റില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

ഈ ബസിലെ യാത്രാക്കരെ കണ്ടെത്തി മൊഴി രേഖപ്പെടുത്തിയേക്കും. അന്ന് സാക്ഷിയായ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും. ഇതിനിടെ കെ എസ് ആര്‍ ടി സിയിലെ താല്‍ക്കാലിക ജീവനക്കാരുടെ നിയമനത്തില്‍ പോലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കണമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ശുപാര്‍ശ നല്‍കും. നേരത്തെ രണ്ട് കേസുകളില്‍ പ്രതിയായ ഇയാളെ താല്‍ക്കാലിക ജീവനക്കാരനായി നിയമിക്കാന്‍ ഇടയായ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം.

---- facebook comment plugin here -----

Latest