Connect with us

Articles

ഈ വിജയം ജനാധിപത്യത്തിന്റെ മരണ മണിയാണ്

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുക എന്നത് മഹത്തായ ജനാധിപത്യ വ്യവസ്ഥിതിയുടെ നഗ്‌നമായ ലംഘനമാണ്. ജനാധിപത്യത്തിന്റെ ജീവവായു തിരഞ്ഞെടുപ്പാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ വിജയികളാകേണ്ടത് വോട്ടര്‍മാര്‍ തിരഞ്ഞെടുക്കപ്പെടുന്നവരായിരിക്കണം. സൂററ്റില്‍ സമ്മതിദായകരുടെ മൗലികാവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മത്സര രംഗത്ത് ഒരാള്‍ മാത്രമേ ഉള്ളൂവെങ്കിലും ആ സ്ഥാനാര്‍ഥി സമ്മതിദായകര്‍ക്ക് സ്വീകാര്യനാണോ എന്നറിയേണ്ടത് വോട്ടെടുപ്പിലൂടെയായിരിക്കണം.

Published

|

Last Updated

തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം എം പിമാരെയും എം എല്‍ എമാരെയും വിലക്കെടുക്കുന്നതിനു പകരം തിരഞ്ഞെടുപ്പിനു മുമ്പേ എതിര്‍ സ്ഥാനാര്‍ഥികളെ വിലക്കുവാങ്ങി സ്വന്തം സ്ഥാനാര്‍ഥികളെ എതിരില്ലാതെ തിരഞ്ഞെടുക്കുന്ന ഒരവസ്ഥയിലേക്ക് രാജ്യം നടന്നടുക്കുകയാണ്. സൂററ്റിലെയും ഇന്‍ഡോറിലെയും ബി ജെ പി സ്ഥാനാര്‍ഥികള്‍ക്കെതിരെ പത്രിക നല്‍കിയവരുടെ പിന്മാറ്റം വ്യക്തമാക്കുന്നത് അതാണ്.

രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായി ലോക്സഭാ പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണ്. ആദ്യ രണ്ട് ഘട്ടങ്ങളിലായി 191 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഉണ്ടായിരുന്ന ആത്മവിശ്വാസം ബി ജെ പിക്ക് നഷ്ടപ്പെട്ടു എന്നാണ് തുടര്‍ന്നുള്ള ആ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രിയടക്കമുള്ള നേതാക്കളുടെ പ്രസംഗങ്ങളും വ്യക്തമാക്കുന്നത്. മെയ് ഏഴിന് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കേണ്ട ഗുജറാത്തിലെ സൂററ്റ് ലോക്സഭാ മണ്ഡലത്തില്‍ വിജയിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. അവിടെ ബി ജെ പി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുക എന്നത് മഹത്തായ ജനാധിപത്യ വ്യവസ്ഥിതിയുടെ നഗ്‌നമായ ലംഘനമാണ്. ജനാധിപത്യത്തിന്റെ ജീവവായു തിരഞ്ഞെടുപ്പാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ വിജയികളാകേണ്ടത് വോട്ടര്‍മാര്‍ തിരഞ്ഞെടുക്കപ്പെടുന്നവരായിരിക്കണം. സൂററ്റില്‍ സമ്മതിദായകരുടെ മൗലികാവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മത്സര രംഗത്ത് ഒരാള്‍ മാത്രമേ ഉള്ളൂവെങ്കിലും ആ സ്ഥാനാര്‍ഥി സമ്മതിദായകര്‍ക്ക് സ്വീകാര്യനാണോ എന്നറിയേണ്ടത് വോട്ടെടുപ്പിലൂടെയായിരിക്കണം. അല്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏകപക്ഷീയമായി ഒരാളെ വിജയിയായി പ്രഖ്യാപിക്കുന്നത് ജനാധിപത്യത്തെ അവഹേളിക്കലാണ്.

നോട്ടക്ക് വോട്ട് ചെയ്യാന്‍ അനുവാദമുള്ള രാജ്യമാണ് നമ്മുടേത്. ബാലറ്റില്‍ നോട്ടക്ക് വോട്ട് രേഖപ്പെടുത്താനുള്ള കോളം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയത് 2013ല്‍ വന്ന സുപ്രീം കോടതി നിര്‍ദേശപ്രകാരമായിരുന്നു. ഈ നിര്‍ദേശം വോട്ടര്‍മാരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. നോട്ടയുമായി ബന്ധപ്പെട്ട് ഒരു കേസ് സുപ്രീം കോടതിയില്‍ നിലവിലുണ്ട്. നോട്ടക്ക് കൂടുതല്‍ വോട്ട് ലഭിക്കുന്ന മണ്ഡലങ്ങളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹരജിയിന്മേല്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയിരിക്കുകയാണ്. മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ നോട്ടയേക്കാള്‍ കുറഞ്ഞ വോട്ട് ലഭിച്ച സ്ഥാനാര്‍ഥികളെ വിജയിയായി പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജിയിന്മേലാണ് കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സൂററ്റിലും ഇന്‍ഡോറിലും ബി ജെ പി സ്ഥാനാര്‍ഥികളുടെ വിജയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ നോട്ടയുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതിയുടെ നിലപാട് പ്രസക്തമാണ്. ആര് ജയിക്കണം, ആര് തോല്‍ക്കണം, ആരും വേണ്ട എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം വോട്ടര്‍മാര്‍ക്കാണെന്ന് ഓര്‍മിപ്പിക്കുന്നതാണ് സുപ്രീം കോടതിയുടെ തീരുമാനം.

പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സംസ്ഥാനമായ ഗുജറാത്തിലെ 26 ലോക്സഭാ സീറ്റുകളില്‍ നിലവിലെ എം പിമാര്‍ ബി ജെ പിയുടേതാണ്. സൂററ്റ് മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ തവണ ബി ജെ പിയിലെ ദര്‍ശന ജാര്‍ദേഷ് ജയിച്ചത് പോള്‍ ചെയ്ത 7.96 ലക്ഷം വോട്ടുകളില്‍ 5.48 ലക്ഷം വോട്ട് നേടിക്കൊണ്ടായിരുന്നു. ഇത്രയും സുരക്ഷിതമായ ഒരു മണ്ഡലത്തില്‍ നിന്ന് എതിര്‍ സ്ഥാനാര്‍ഥികളെ പിന്‍വലിപ്പിച്ച ബി ജെ പി എന്തിനെയോ ഭയക്കുന്നു എന്ന് വേണം കരുതാന്‍. ഏതായാലും മണ്ഡലത്തിലെ 16.56 ലക്ഷത്തോളം വരുന്ന വോട്ടര്‍മാര്‍ക്ക് തങ്ങളുടെ അവകാശം വിനിയോഗിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇവിടെ ബി ജെ പിയിലെ മുകേഷ് ദലാലിയടക്കം ഒമ്പത് പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇതില്‍ ആദ്യം കോണ്‍ഗ്രസ്സിന്റെ ഡമ്മി സ്ഥാനാര്‍ഥി, പത്രികയിലെ ഒപ്പ് തന്റേതല്ല എന്ന് കാണിച്ച് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയുണ്ടായി. തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി നിലേഷ് കുംഭാനിയുള്‍പ്പെടെയുള്ളവരും ബി ജെ പിയുടെ കെണിയില്‍ വീണു.

പത്രികകള്‍ ഒന്നൊന്നായി പിന്‍വലിച്ചു. അവസാനമായി ബി എസ് പി സ്ഥാനാര്‍ഥി പ്യാരേലാല്‍ ഭാരതിയും പത്രിക പിന്‍വലിച്ചതോടെ ബി ജെ പി സ്ഥാനാര്‍ഥി മുകേഷ് ദലാലിനെ ഏപ്രില്‍ 22ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജയിയായി പ്രഖ്യാപിച്ചു. സൂററ്റില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ 19 ആയിരുന്നു. ബി ജെ പിയുടെ ഉരുക്കു കോട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂററ്റില്‍ ആ പാര്‍ട്ടി ഇതുപോലൊരു രാഷ്ട്രീയ സദാചാരമില്ലായ്മ കാട്ടിയത് പരാജയ ഭീതി മൂലമാണോ എന്ന സംശയം ഉയര്‍ന്നു വന്നിട്ടുണ്ട്. 400 എന്ന മോദിയുടെ വിജയ പ്രതീക്ഷക്ക് മങ്ങലേറ്റതായിരിക്കാം കാരണം. രാജ്യത്തെ എല്ലാ വിഭാഗത്തിലുള്ള ജനങ്ങളും അസംതൃപ്തരാണെന്ന് ബി ജെ പി മനസ്സിലാക്കിയിട്ടുണ്ട്. കര്‍ഷകരുടെ പ്രശ്നങ്ങള്‍, പാരമ്പര്യ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി, വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ, മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍, മുതിര്‍ന്ന പൗരന്മാരുടെയും സ്ത്രീകളുടെയും ആവലാതികള്‍, എല്ലാത്തിനുമുപരി മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്ക. ഇതൊക്കെ വോട്ടെടുപ്പില്‍ പ്രതിഫലിച്ചതായി രണ്ടാം ഘട്ട തിരഞ്ഞെടുപ്പോടെ ബി ജെ പിക്ക് വ്യക്തമായിട്ടുണ്ട്. എതിര്‍ സ്ഥാനാര്‍ഥികളെ വിലക്കെടുക്കുന്ന രീതി കാവി പാര്‍ട്ടി തുടര്‍ന്നേക്കാം.

മെയ് 13ന് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ഇന്‍ഡോറിലും രാഷ്ട്രീയ സദാചാരമില്ലായ്മ ബി ജെ പി ആവര്‍ത്തിച്ചിരിക്കുകയാണ്. ഇന്‍ഡോറിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചത് ബി ജെ പിയുടെ ഭീഷണിയെ തുടര്‍ന്നായിരുന്നു. 17 വര്‍ഷം മുമ്പ് നടന്ന ഒരു കൊലപാതക ശ്രമത്തിന്റെ കേസ് കുത്തിപ്പൊക്കിയാണ് വ്യവസായിയായ അക്ഷയ് കാന്തി ബാമിനെ ബി ജെ പി വരുതിയിലാക്കിയത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന മണിക്കൂറില്‍ ബി ജെ പി. എം എല്‍ എ രമേശ് മെന്‍ഡോളയോടൊപ്പം റിട്ടേണിംഗ് ഓഫീസറെ സന്ദര്‍ശിച്ചാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചത്. സംസ്ഥാന മന്ത്രി കൈലാഷ് വിജയയും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയെ അനുഗമിച്ചിരുന്നു. ജനാധിപത്യത്തെ ഗളച്ഛേദം ചെയ്ത ആ നടപടിക്ക് റിട്ടേണിംഗ് ഓഫീസര്‍ സാക്ഷ്യം വഹിക്കുകയും ചെയ്തുവെന്ന് പറയാം. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി അക്ഷയ കാന്തി ബാമിന്റെ പിന്മാറ്റം സ്വമേധയാ അല്ലെന്ന് റിട്ടേണിംഗ് ഓഫീസര്‍ക്ക് മനസ്സിലാകാതെ വരില്ല. പക്ഷേ, നമ്മുടെ തിരഞ്ഞെടുപ്പ് ചട്ടത്തില്‍ ഇത്തരം തോന്നിവാസങ്ങള്‍ തടയാന്‍ വ്യവസ്ഥയില്ല എന്നത് ഖേദകരമാണ്. ഒരു പാര്‍ട്ടി ഒരു ഭരണം എന്നത് ബി ജെ പിയുടെ പ്രഖ്യാപിത നയമാണ്. കാലുമാറ്റങ്ങളിലൂടെയും കൂറുമാറ്റങ്ങളിലൂടെയും അതിനായി മണ്ണൊരുക്കി കൊണ്ടിരിക്കുന്ന കാവി പാര്‍ട്ടി തിരഞ്ഞെടുപ്പേ വേണ്ട എന്ന അവസ്ഥയിലേക്ക് നാടിനെ കൊണ്ടെത്തിക്കുകയാണ്. പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അരുണാചല്‍ പ്രദേശില്‍ പത്ത് പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഈ പത്ത് പേരും ബി ജെ പി അംഗങ്ങളാണെന്നത് യാദൃച്ഛികമല്ല. ചിലര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നതിലെ നിഗൂഢത തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കേണ്ടതാണ്. വോട്ടര്‍മാരെയും സ്ഥാനാര്‍ഥികളെയും സമ്മര്‍ദത്തിലാക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത കമ്മീഷനുണ്ട്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ഥികളുടെ അസ്വാഭാവിക പിന്‍മാറ്റത്തെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കേണ്ടതാണ്.

 

Latest