Connect with us

Articles

ഈ പ്രക്ഷോഭം അവരെ വീഴ്ത്തും

പോലീസിന്റെ ക്രൂരമായ മര്‍ദനമേല്‍ക്കുമ്പോഴും "ഫ്രീ ഫലസ്തീന്‍' എന്ന് മുഷ്ടിയുയര്‍ത്തി മുദ്രാവാക്യം വിളിക്കുന്ന വിദ്യാര്‍ഥികള്‍ പുതിയ രാഷ്ട്രീയ ഭൂപടം വരക്കുകയാണ്. ആ ഭൂപടത്തിനകത്ത് അല്‍അഖ്‌സ പള്ളി നില്‍ക്കുന്ന കിഴക്കന്‍ ജറൂസലമുണ്ട്, വിഭജന മതിലുകളില്ലാത്ത ഗസ്സയുണ്ട്, കൈയേറ്റ ഭവനങ്ങളില്ലാത്ത പിടഞ്ഞാറന്‍ തീരമുണ്ട്.

Published

|

Last Updated

“നെത്‌സാ യഹൂദ’- ഇസ്‌റാഈല്‍ സൈന്യത്തിലെ ഒരു ബറ്റാലിയനാണത്. വെറും ബറ്റാലിയനല്ല. കൊടുംക്രൂരതക്ക് കുപ്രസിദ്ധമായ സൈനിക വിഭാഗം. വെസ്റ്റ് ബാങ്കില്‍ കൈയേറ്റത്തിന് കൂട്ടമായെത്തുന്ന സയണിസ്റ്റുകള്‍ക്ക് സംരക്ഷണമൊരുക്കലാണ് ഈ സംഘത്തിന്റെ പ്രധാന ദൗത്യം. ചെറുത്തുനില്‍ക്കുന്ന ഫലസ്തീനികളെ ക്രൂരമായി അടിച്ചമര്‍ത്തും. അല്ലെങ്കില്‍ പച്ചക്ക് കൊല്ലും. 2022ലെ ഒരൊറ്റ സംഭവം മാത്രം മതി ഇവര്‍ സൈനികരല്ല, ഭീകരരാണെന്ന് മനസ്സിലാക്കാന്‍. അമേരിക്കന്‍ പൗരത്വമുള്ള, 78കാരനായ ഫലസ്തീന്‍ പൗരനെ വധിച്ചത് കൈകാലുകള്‍ ബന്ധിച്ച് ശീതീകരണിയില്‍ അടച്ചിട്ടായിരുന്നു. ഇസ്‌റാഈല്‍ രൂപവത്കരണത്തിന് മുമ്പ് അറബ് കൂട്ടക്കുരുതി നടത്തിയിരുന്ന ഇര്‍ഗുന്‍, ഹഗാന തുടങ്ങിയ സയണിസ്റ്റ് ഭീകര ഗ്രൂപ്പുകളിലെ അംഗങ്ങളെ ആയുധസഹിതം ഇസ്‌റാഈല്‍ സൈന്യത്തിന്റെ ഭാഗമാക്കുകയായിരുന്നുവല്ലോ. ആ പാരമ്പര്യം അതേ പടി തുടരുന്ന ബറ്റാലിയനാണ് നെത്‌സാ യഹൂദ.

അമേരിക്കന്‍ വിദേശകാര്യ വകുപ്പ് നെത്‌സാ യഹൂദക്ക് നേരേ ഉപരോധം പ്രഖ്യാപിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നിരിക്കുന്നത്. ഉപരോധം വന്നാല്‍ നെത്‌സക്ക് അമേരിക്കന്‍ ഫണ്ട് കിട്ടാതെയാകും. ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്‌സിലെ അഞ്ച് വിഭാഗങ്ങള്‍ക്കെതിരെ യു എസ് നടപടിക്കൊരുങ്ങിയെന്നും എന്നാല്‍ മറ്റുള്ളവ പരിഹാര നടപടികള്‍ കൈക്കൊണ്ടതിനാല്‍ ഒഴിവാക്കിയെന്നുമാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ഏതായാലും നെത്‌സാ യഹൂദക്കെതിരെ അമേരിക്ക നിലപാടെടുത്തിരിക്കുന്നു. യു എസിന്റെ ഇസ്‌റാഈല്‍ നയത്തില്‍ മാറ്റം വന്നതുകൊണ്ടോ, ഫലസ്തീനികള്‍ ആക്രമിക്കപ്പെടുന്നതിലെ വേദന കൊണ്ടോ അല്ല യു എസ് ഇത്തരമൊരു നിലപാടെടുക്കുന്നത്. ഒറ്റക്കാരണമേയുള്ളൂ. അമേരിക്കന്‍ ക്യാമ്പസുകളില്‍ കത്തിപ്പടരുന്ന ഫലസ്തീന്‍ അനുകൂല പ്രക്ഷോഭം. അമേരിക്കന്‍ പൊതുബോധത്തില്‍ വലിയ അട്ടിമറിയുണ്ടാക്കാന്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് സാധിച്ചിരിക്കുന്നു.

ഒക്‌ടോബര്‍ ഏഴിലെ ഹമാസ് സായുധ നീക്കം ഇസ്‌റാഈലിലുണ്ടാക്കിയ അരക്ഷിതാവസ്ഥ യു എസ് പോളിറ്റിയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. “ഹമാസിന്റെ ക്രൂരത’ പ്രത്യേകം തയ്യാറാക്കിയ വീഡിയോകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും മാധ്യമ വാര്‍ത്തകളിലൂടെയും പാശ്ചാത്യ നാടുകളിലേക്ക് ഒഴുകിയപ്പോള്‍ ഫലസ്തീനോട് അനുഭാവം പുലര്‍ത്തുന്നവര്‍ പോലും ആ നിലപാടില്‍ നിന്ന് പിന്നോട്ട് പോയി. സയണിസ്റ്റ് പക്ഷപാതികളായവര്‍ കൂടുതല്‍ ക്രൗര്യത്തോടെ നെതന്യാഹുവിന് പിന്നില്‍ അണിനിരന്നു. ക്രിസ്ത്യന്‍ സയണിസ്റ്റുകളുടെ ആഘോഷ കാലമായിരുന്നു അത്. പക്ഷേ, ഗസ്സാ വംശഹത്യയിലേക്ക് ഇസ്‌റാഈല്‍ പ്രതിരോധ സേന (ഐ ഡി എഫ്) എടുത്തു ചാടിയതോടെ ചിത്രം അപ്പടി മാറി. സിവിലിയന്‍ കൂട്ടക്കൊലയുടെ ചോരച്ചിത്രങ്ങള്‍ എത്ര മറച്ചുവെച്ചിട്ടും ലോകത്തിന് മുമ്പിലെത്തി. ഹമാസല്ല, കുഞ്ഞുങ്ങളും സ്ത്രീകളുമാണ് ലക്ഷ്യമെന്ന സത്യം എല്ലാവരും തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ സി സി)യിലെയും അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി ജെ)യിലെയും ഇസ്‌റാഈല്‍വിരുദ്ധ പ്രോസിക്യൂഷന്‍ നടപടികളുടെ അടിസ്ഥാനം.

യു എസിലെ സര്‍വകലാശാലകള്‍ പ്രക്ഷുബ്ധമാകുന്നതും ആ തിരിച്ചറിവിന്റെ ഊര്‍ജത്തിലാണ്.
അമേരിക്കന്‍ ജ്യൂയിഷ് ആക്ടിവിസ്റ്റ് സാം കൊപാര്‍ക്കിന്റെ വാക്കുകളില്‍ മുഴങ്ങുന്നുണ്ട് ആ പ്രകമ്പനം: “എനിക്കറിയാം ഹിറ്റ്‌ലര്‍ എന്താണ് ജൂത സമൂഹത്തോട് ചെയ്തതെന്ന്. ഹോളോകോസ്റ്റ് അതിജീവിച്ചയാളുടെ മകനാണ് ഞാന്‍. അന്ന് ഞങ്ങള്‍ അനുഭവിച്ചതെന്തോ അതാണ് ഞങ്ങളുടെ പേരില്‍ സ്ഥാപിതമായ ഇസ്‌റാഈലിന്റെ ക്രൂരതയില്‍ ഫലസ്തീന്‍ ജനത അനുഭവിക്കുന്നത്. ആ മനുഷ്യരെയോര്‍ത്ത് ഞങ്ങള്‍ കണ്ണീര്‍ വാര്‍ക്കുന്നു’. മുസ്‌ലിം വിദ്യാര്‍ഥികളും സെമിറ്റിക് വിരുദ്ധരും അഴിച്ചുവിടുന്ന പ്രൊപ്പഗണ്ടയുടെ ഭാഗമാണ് പ്രക്ഷോഭമെന്ന ദുരാരോപണത്തിനുള്ള മറുപടിയാണ് സാമിനെപ്പോലുള്ളവരുടെ വാക്കുകള്‍.

അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ നിന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. ഇപ്പോഴത് കൂടുതല്‍ പാശ്ചാത്യ രാജ്യങ്ങളിലെ കലാലയങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇരുപതിലേറെ ക്യാമ്പസിലേക്ക് യു എസില്‍ മാത്രം പ്രക്ഷോഭം പടര്‍ന്നു കഴിഞ്ഞു. കൊളംബിയ സര്‍വകലാശാലയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. യൂനിവേഴ്സ്റ്റി ഓഫ് ടെക്‌സാസ്, യൂനിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, പ്രിന്‍സ്റ്റണ്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ക്രൂരമായ പോലീസ് നടപടിയുണ്ടായി. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ സര്‍വകലാശാലകളില്‍ കൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. പാരീസിലെ പ്രമുഖമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സയന്‍സസിലും പ്രക്ഷോഭ സംഗമം നടന്നു. ആസ്‌ത്രേലിയയിലെ ക്യാമ്പസുകളിലും ഫലസ്തീന്‍ അനുകൂല കൂട്ടായ്മകള്‍ ഉയര്‍ന്നു വരുന്നുണ്ട്. സ്വീഡിഷ്, ബ്രിട്ടീഷ് സര്‍വകലാശാലകളും പ്രക്ഷോഭത്തില്‍ അണിനിരക്കുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും പ്രക്ഷോഭഭരിതമാണ്.

പ്രക്ഷോഭകാരികള്‍ മൂന്ന് ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ട് വെക്കുന്നത്. ഇസ്‌റാഈലിന് അമേരിക്ക നല്‍കുന്ന നിരുപാധിക പിന്തുണ അവസാനിപ്പിക്കണം. സര്‍വകലാശാലകള്‍ ഇസ്‌റാഈല്‍ പ്രൊജക്ടുകളില്‍ നിക്ഷേപിക്കുന്നത് നിര്‍ത്തണം. യുദ്ധമുഖത്തേക്ക് ആക്രമണ സാങ്കേതിക വിദ്യകളെത്തിച്ച് വന്‍ ലാഭം കൊയ്യുന്ന കമ്പനികളുടെ ഗവേഷണ പരിപാടികള്‍ ബഹിഷ്‌കരിക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു.

പ്രക്ഷോഭത്തിന് തുടക്കം കുറിച്ച ന്യൂയോര്‍ക്ക് കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രധാനമായും ആവശ്യപ്പെടുന്നത് “ഡിവെസ്റ്റ്‌മെന്റ്’ ആണ്. നിക്ഷേപ നിഷേധമെന്ന് പരാവര്‍ത്തനം ചെയ്യാം. ഇസ്‌റാഈലിലെ പ്രൊജക്ടുകളില്‍ പണം മുടക്കുന്നത് നിര്‍ത്തണം. ഇപ്പോള്‍ നിക്ഷേപിച്ചത് പിന്‍വലിക്കണം. കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി സംഘടനകള്‍ ഇതാദ്യമായല്ല ഇത്തരമൊരു ആവശ്യത്തിനായി മുദ്രാവാക്യം മുഴക്കുന്നത്.

ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറി സര്‍ക്കാറിന്റെ പല പ്രൊജക്ടുകളില്‍ കൊളംബിയ സര്‍കലാശാലയിലെ എന്‍ഡോവ്‌മെന്റ് ഫണ്ട് ഉപയോഗിച്ചിരുന്നു. ആഫ്രിക്കന്‍ സര്‍ക്കാറുമായി സഹകരിക്കുന്ന കൊക്കോ കോളയടക്കമുള്ള കമ്പനികളില്‍ നിക്ഷേപിക്കാനും സര്‍വകലാശാല തയ്യാറായിരുന്നു. ശക്തമായ പ്രക്ഷോഭത്തിനൊടുവില്‍ അവ സമ്പൂര്‍ണമായി പിന്‍വലിക്കാന്‍ സര്‍വകലാശാല അധികൃതര്‍ നിര്‍ബന്ധിതരായി. ലോകത്താകെ പടര്‍ന്ന വര്‍ണവെറിവിരുദ്ധ പ്രക്ഷോഭത്തിനാണ് 1985ല്‍ കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് നാന്ദിയായത്. അന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ “കൊളംബിയ അപാര്‍തീഡ് ഡിവെസ്റ്റ്’ എന്ന വിദ്യാര്‍ഥി മുന്നണിയാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെയും നേതൃത്വം വഹിക്കുന്നത്. സുഡാനെതിരെയും പുകയില ഉത്പന്നങ്ങളുണ്ടാക്കുന്ന കമ്പനികള്‍ക്കെതിരെയും കൊളംബിയ സര്‍വകലാശാല വിദ്യാര്‍ഥി ബ്ലോക്കുകള്‍ ഡിവെസ്റ്റ് ക്യാമ്പയിന്‍ നടത്തിയിരുന്നു.

അസറ്റ് മാനേജ്‌മെന്റ് ഭീമന്‍മാരായ ബ്ലാക്ക് റോക്ക്, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്ന എയര്‍ ബി എന്‍ ബി, ഇസ്‌റാഈല്‍ ഉപയോഗിക്കുന്ന ബുള്‍ഡോസറുകള്‍ നിര്‍മിക്കുന്ന കാറ്റര്‍പില്ലാര്‍ തുടങ്ങിയ കമ്പനികളുമായി ഒരു നീക്കുപോക്കും പാടില്ലെന്നാണ് പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്യുന്നത്. ഇസ്‌റാഈലിന് എ ഐ സേവനങ്ങള്‍ നല്‍കുന്ന ഗൂഗിളിനെതിരെ സ്ഥാപനത്തിന് അകത്ത് നിന്ന് തന്നെ പ്രതിഷേധമുയര്‍ന്നു. ഫലസ്തീന്‍ ആക്ടിവിസ്റ്റുകള്‍ 2005ല്‍ ആരംഭിച്ച ബി ഡി എസ് മൂവ്‌മെന്റിന്റെ തുടര്‍ച്ചയാണ് അമേരിക്കയിലെയും മറ്റ് പാശ്ചാത്യ നാടുകളിലെയും വിദ്യാര്‍ഥികള്‍ സാധ്യമാക്കുന്നത്. ഇസ്‌റാഈലിനെ പരമാവധി ബഹിഷ്‌കരിക്കുക, അവിടെ നിക്ഷേപം നടത്തുന്നത് തടയുക, അവര്‍ക്ക് മേല്‍ ഉപരോധത്തിന് ക്യാമ്പയിന്‍ ചെയ്യുക എന്നിവയാണ് ബോയ്‌കോട്ട്, ഡിവെസ്റ്റ്‌മെന്റ്, സാന്‍ക്ഷന്‍ (ബി ഡി എസ്) പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന മേഖല. വിശാലമായ സാമ്പത്തിക, സൈനിക, രാഷ്ട്രീയ സ്വാധീനമുള്ള ഇസ്‌റാഈലിനെ വിറപ്പിക്കാന്‍ ഇത്തരം അമേച്വര്‍ നീക്കങ്ങള്‍ പര്യാപ്തമാകുമോയെന്ന ചോദ്യമുയര്‍ത്തുന്നവരുണ്ട്. ശരിയാണ്. യു എസും ജി 7 രാജ്യങ്ങള്‍ മിക്കവയും കൂടെയുള്ളപ്പോള്‍ ബി ഡി എസും വിദ്യാര്‍ഥി പ്രക്ഷോഭവുമൊക്കെ ജൂത രാഷ്ട്രത്തിന് ഉറുമ്പ് കടിക്കുന്ന വേദനയേ ഉണ്ടാക്കുന്നുള്ളൂ. എന്നാല്‍ എണ്ണിയാലൊടുങ്ങാത്ത ഉറുമ്പുകള്‍ പൊതിഞ്ഞു കഴിഞ്ഞാല്‍ ഏത് ഭീമാകാരനും വീഴും. ചരിത്രം അതാണ് സാക്ഷ്യപ്പെടുത്തുന്നത്.

ഫലസ്തീന്‍ അനുകൂല പൊതുബോധം സൃഷ്ടിക്കുന്നതില്‍ വിദ്യാര്‍ഥി പ്രക്ഷോഭം വിജയിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിന്റെ ആദ്യ പ്രതിഫലനം കാണുന്നത് യു എസ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെയാണ്. നവംബറില്‍ തന്റെ രണ്ടാമൂഴത്തിനായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന ജോ ബൈഡന്റെ പ്രതിച്ഛായ കുത്തനെ ഇടിയാന്‍ പ്രക്ഷോഭം കാരണമായിട്ടുണ്ട്. ഇസ്‌റാഈല്‍ അനുകൂല നയം തുടരുന്ന മറ്റ് രാജ്യങ്ങളിലും ഈ രാഷ്ട്രീയ മാറ്റം സംഭവിക്കും. ഫലസ്തീന്‍ ജനതക്ക് ഇപ്പോള്‍ ആയുധങ്ങളേക്കാള്‍ ആവശ്യം അവരുടെ യാഥാര്‍ഥ്യം ഉറക്കെ വിളിച്ചു പറയുന്ന മനുഷ്യരെയാണ്. പോലീസിന്റെ ക്രൂരമായ മര്‍ദനമേല്‍ക്കുമ്പോഴും “ഫ്രീ ഫലസ്തീന്‍’ എന്ന് മുഷ്ടിയുയര്‍ത്തി മുദ്രാവാക്യം വിളിക്കുന്ന വിദ്യാര്‍ഥികള്‍ പുതിയ രാഷ്ട്രീയ ഭൂപടം വരക്കുകയാണ്. ആ ഭൂപടത്തിനകത്ത് അല്‍അഖ്‌സ പള്ളി നില്‍ക്കുന്ന കിഴക്കന്‍ ജറൂസലമുണ്ട്, വിഭജന മതിലുകളില്ലാത്ത ഗസ്സയുണ്ട്, കൈയേറ്റ ഭവനങ്ങളില്ലാത്ത പിടഞ്ഞാറന്‍ തീരമുണ്ട്. പ്രക്ഷോഭകര്‍ ധരിച്ച കഫിയ ഒരു രാഷ്ട്രീയ ചിഹ്നമാണ്. കൊളംബിയ സര്‍വകലാശാലയുടെ പ്രസിദ്ധമായ ഹാമില്‍ട്ടണ്‍ ഹാള്‍ പിടിച്ചെടുത്ത പ്രക്ഷോഭകര്‍ അതിന് പേരിട്ടത് ഹിന്ദ്‌സ് ഹാള്‍ എന്നാണ്. ഇസ്‌റാഈല്‍ സൈന്യം ബോംബിട്ട് കൊന്ന ആറ് വയസ്സുകാരി ഹിന്ദ് റജബിന്റെ പേര്.