Connect with us

Articles

ഇറാന്‍ ആകാശ ദുരന്തം: പിന്നില്‍ അവരല്ലെങ്കിലും ആണെങ്കിലും

കനത്ത മഞ്ഞും വഴി തെളിയാത്ത അന്തരീക്ഷവും കോപ്റ്റര്‍ അപകടത്തിന്റെ കാരണങ്ങള്‍ തന്നെയാണ്. പക്ഷേ, കൂട്ടത്തിലുള്ള രണ്ട് കോപ്റ്ററുകള്‍ സുരക്ഷിതമായി തിരിച്ചെത്തിയിട്ടുണ്ട്. അപ്പോള്‍ യഥാര്‍ഥ കാരണം റഈസിയും അമീര്‍ അബ്ദുല്ലഹ്്യാനും സഞ്ചരിച്ച കോപ്റ്ററിന്റെ തകരാറാണോ? ആ തകരാര്‍ സൃഷ്ടിക്കപ്പെട്ടതാണോ? ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ നിരവധി അന്തരീക്ഷത്തിലുണ്ട്.

Published

|

Last Updated

ഇറാന്‍ പ്രസിഡന്റ് ഇബ്റാഹീം റഈസിയും വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലഹ്്യാനും കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയില്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം വന്നുതുടങ്ങിയിട്ടില്ല. മധ്യ പൗരസ്ത്യ ദേശത്തെ സ്ഫോടനാത്മകമായ വര്‍ത്തമാനകാല രാഷ്ട്രീയം അപകടമല്ല, കൊലപാതകം തന്നെയാണ് സംഭവിച്ചതെന്ന വായനയിലേക്ക് ഏതൊരാളെയും തള്ളിവിടുന്നുണ്ട്. ഇസ്റാഈലുമായുള്ള ഇറാന്റെ ശത്രുത ഇതാദ്യമായി പ്രയോഗവത്കരിക്കപ്പെട്ട ഘട്ടമാണെന്നതും ഈ സംശയത്തെ ബലപ്പെടുത്തുന്നു. ജോ ബൈഡന്‍ നേരിട്ട് അധ്യക്ഷത വഹിച്ച് യു എസ് അധികാരികള്‍ യോഗം ചേര്‍ന്നത് വെറുതെയല്ല. അവരും ഈ വായന നടത്തുന്നുണ്ട് എന്നാണല്ലോ ആ കൂടിയാലോചന സൂചിപ്പിക്കുന്നത്. കനത്ത മഞ്ഞും വഴി തെളിയാത്ത അന്തരീക്ഷവും കോപ്റ്റര്‍ അപകടത്തിന്റെ കാരണങ്ങള്‍ തന്നെയാണ്. പക്ഷേ, കൂട്ടത്തിലുള്ള രണ്ട് കോപ്റ്ററുകള്‍ സുരക്ഷിതമായി തിരിച്ചെത്തിയിട്ടുണ്ട്. അപ്പോള്‍ യഥാര്‍ഥ കാരണം റഈസിയും അമീര്‍ അബ്ദുല്ല ഹിയാനും സഞ്ചരിച്ച കോപ്റ്ററിന്റെ തകരാറാണോ? ആ തകരാര്‍ സൃഷ്ടിക്കപ്പെട്ടതാണോ?

ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ നിരവധി അന്തരീക്ഷത്തിലുണ്ട്. പക്ഷേ, ഒന്നിനും സ്ഥിരീകരണമില്ല. ഇറാന്റെ സമീപകാല രാഷ്ട്രീയത്തില്‍ ഇത്രമാത്രം കര്‍ക്കശ നിലപാടെടുത്ത മറ്റൊരു നേതാവില്ലെന്ന് തന്നെ പറയാം. പരമോന്നത ശിയാ സഭയുടെ തലവന്‍ ആയത്തുല്ല ഖാംനഈയുടെ വിശ്വസ്തനായിരുന്നു റഈസി. ഖാംനഈയുടെ പിന്‍ഗാമിയായി പരമോന്നത പദവിയില്‍ വരുമെന്ന് പ്രതീക്ഷിക്കപ്പെട്ട നേതാവുമാണ് ഈ മുന്‍ ചീഫ് ജസ്റ്റിസ്. ശിയാ രാഷ്ട്രീയക്രമത്തിന്റെ നീതിന്യായം, ഭരണ നിര്‍വഹണം, നയരൂപവത്കരണം തുടങ്ങി സര്‍വ മേഖലയിലും വന്‍ സ്വാധീനമുള്ള റഈസി ആഭ്യന്തരമായി കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നുവെന്നതും വസ്തുതയാണ്. കൂടെയുണ്ടായിരുന്ന അമീര്‍ അബ്ദുല്ലഹ്്യാനാകട്ടെ രാജ്യത്തെ റവല്യൂഷനറി ഗാര്‍ഡുമായി അടുത്ത ബന്ധമുള്ളയാളാണ്. തീവ്ര നിലപാടുള്ളവരുടെ കൂട്ടത്തിലാണ് അദ്ദേഹവും. ഇക്കാര്യങ്ങള്‍ വെച്ച് ആഭ്യന്തര എതിര്‍പ്പുകളാണോ കോപ്റ്റര്‍ അപകടത്തിന് പിന്നിലെന്ന ചോദ്യവും ഉയരുന്നുണ്ട്. പാരീസ് ആസ്ഥാനമായുള്ള നാഷനല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്‍ എന്ന വിമത ആക്ടിവിസ്റ്റ് ഗ്രൂപ്പിന്റെ പ്രസിഡന്റ് മറിയം രജാവി നടത്തിയ പ്രതികരണം ഇതിനോട് ചേര്‍ത്ത് വായിക്കാം: ‘അലി ഖാംനഈ അടക്കമുള്ള മുഴുവന്‍ ഭരണാധികാരികള്‍ക്കുമുള്ള തന്ത്രപരമായ പ്രഹരമാണിത്. മത സ്വേച്ഛാധിപത്യത്തില്‍ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. യുവാക്കളെ കലാപോത്സുകരാക്കും. കൊല്ലപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരുടെ ശാപമാണ് പുലരുന്നത്’.

കഴിഞ്ഞ മാസമാണ് സമ്പൂര്‍ണ യുദ്ധത്തിന്റെ വക്കോളമെത്തിയ ആക്രമണ, പ്രത്യാക്രമണം ഇറാനും ഇസ്റാഈലും തമ്മില്‍ അരങ്ങേറിയത്. ആനുപാതിക പ്രതികരണം മാത്രം മതിയെന്ന ഇറാന്റെ തീരുമാനം കൊണ്ടും കര്‍ട്ടന് പിറകില്‍ നിന്ന് യു എസ് ഇടപെട്ടത് കൊണ്ടും മാത്രമാണ് മേഖലയെ ഒന്നാകെ തകര്‍ത്തെറിയാവുന്ന യുദ്ധം ഒഴിവായിപ്പോയത്. സിറിയയിലെ ഇറാന്‍ എംബസി ആക്രമിച്ച് ഇത്തരമൊരു സംഘര്‍ഷത്തിന് വഴിമരുന്നിട്ടത് ഇസ്റാഈലായിരുന്നു. ഇസ്റാഈല്‍ ഉടമസ്ഥതയിലുള്ള കപ്പല്‍ പിടിച്ചെടുത്ത് ആദ്യ പ്രതികരണം നടത്തിയ ഇറാന്‍, ജൂത രാഷ്ട്രത്തിന്റെ അതിര്‍ത്തിക്കകത്ത് മിസൈല്‍, റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തു. ലബനാനിലെ ഹിസ്ബുല്ലയും യമനിലെ ഹൂതികളും ഇറാഖിലെ ചില ശിയാ ഗ്രൂപ്പുകളും ഉള്‍പ്പെട്ട നിഴല്‍ യുദ്ധങ്ങള്‍ നടക്കുന്നുവെന്നല്ലാതെ തുറന്ന പോരിലേക്ക് വളരാതെ ഒഴിഞ്ഞു പോയ സംഘര്‍ഷത്തിന്റെ ബാക്കിപത്രമാണോ റഈസിയുടെയും അമീറിന്റെയും ആകാശ പതനമെന്ന സംശയം അന്തരീക്ഷത്തില്‍ നിന്ന് തുടച്ചു നീക്കണമെങ്കില്‍ കൃത്യമായ വിശദീകരണങ്ങള്‍ വന്നേ തീരൂ. മൊസാദ് ഇത്തരം ഓപറേഷനുകള്‍ നടത്താത്തവരല്ല. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് കുപ്രസിദ്ധമാണ് ആ ഏജന്‍സി. യു എസ് ഏജന്‍സികളുടെ സഹായത്തോടെ നിരവധി കൊലപാതകങ്ങള്‍ നടപ്പാക്കിയതിന്റെ കൈത്തഴക്കം അവര്‍ക്കുണ്ട്. ഇറാനിലെ റവല്യൂഷനറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത് മാത്രമെടുക്കാം. അദ്ദേഹം 2020ല്‍ കൊല്ലപ്പെടുന്നത് ഇറാഖിലെ ബഗ്ദാദ് വിമാനത്താവളത്തിലാണ്. അമേരിക്കയാണ് ആക്രമണം നടത്തിയതെന്നാണ് അന്ന് പുറത്തുവന്ന വിവരം. അന്നേ പല കോണില്‍ നിന്ന് സംശയമുയര്‍ന്നു, യഥാര്‍ഥത്തില്‍ ആ ഓപറേഷന്‍ തയ്യാറാക്കിയത് മൊസാദാണെന്ന്. അത് സ്ഥിരീകരിക്കാന്‍ ഇസ്റാഈല്‍ ചാരവിഭാഗം തലവന്‍ മേജര്‍ ജന. തമിര്‍ ഹേമാന്‍ വിരമിക്കേണ്ടി വന്നു. സര്‍ക്കാറിന്റെ നാവായ ഹീബ്രു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആ സത്യം വിളിച്ചു പറഞ്ഞു. ഇന്നുയരുന്ന ചോദ്യങ്ങള്‍ക്കും ഉത്തരം വരാന്‍ കാത്തിരിക്കേണ്ടി വരും. ഇറാന്റെ നിരവധി ആണവ ശാസ്ത്രജ്ഞരെ വകവരുത്തിയതിന്റെ രക്തപങ്കില ചരിത്രം ഇസ്റാഈലിനുണ്ട്.

ഈ ഗൂഢാലോചനാ തിയറിക്ക് വിരുദ്ധമായി ഉയരുന്ന പ്രധാന ചോദ്യം, ഗസ്സയിലെ വംശഹത്യാ പദ്ധതിയില്‍ ഇസ്റാഈല്‍ വാര്‍ ക്യാബിനറ്റ് കടുത്ത ഭിന്നതയില്‍ നില്‍ക്കുമ്പോള്‍ ഇത്തരമൊരു എടുത്തു ചാട്ടത്തിന് ഇസ്റാഈല്‍ മുതിരുമോയെന്നതാണ്. അതിന് യു എസ് അനുവദിക്കുമോയെന്നതും. ‘അതിന് പിന്നില്‍ ഞങ്ങളല്ല’ എന്ന ഒറ്റ വരി നിഷേധത്തില്‍ ഒതുങ്ങുന്നു ഇസ്റാഈല്‍ പ്രതികരണം. അതും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥര്‍. പിന്നില്‍ അവരല്ലെങ്കിലും ആണെങ്കിലും റഈസിയുടെയും അമീര്‍ അബ്ദുല്ലഹ്്യാന്റെയും മരണം ഇസ്റാഈല്‍ ആഘോഷിക്കുമെന്നുറപ്പാണ്. ഒന്നാമത്തെ കാരണം ഇറാന്‍ അകപ്പെടുന്ന സ്തംഭനാവസ്ഥയുടെ ആദ്യ ഗുണഭോക്താക്കള്‍ ജൂത രാഷ്ട്രമാണെന്നത് തന്നെ. ഇറാനെ കുറിച്ച് എന്തെല്ലാം വിയോജിപ്പുകളുണ്ടെങ്കിലും ഗസ്സയിലെ സയണിസ്റ്റ് വംശഹത്യയെ ശക്തമായി തള്ളിപ്പറഞ്ഞത് ആ രാജ്യമാണല്ലോ. പറയുക മാത്രമല്ല ഇസ്റാഈലിനെ പ്രതിസന്ധിയിലാക്കുന്ന സായുധ ഇടപെടലിന് നേതൃത്വം നല്‍കാനും ഇറാന് സാധിച്ചു. വിവിധ രാജ്യങ്ങളുമായി നയതന്ത്ര ഇടപെടലുകള്‍ക്കും ശ്രമിച്ചു. യു എസിന്റെ ഉപരോധം മറികടക്കാന്‍ മാത്രമല്ല, മേഖലയിലെ തങ്ങളുടെ താത്പര്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയായിരുന്നു ഈ ഇടപെടലുകള്‍. ഈ നീക്കങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചവരാണ് മഞ്ഞുമൂടിയ കാട്ടില്‍ അപ്രത്യക്ഷരാകുന്നത്.

ഇറാനില്‍ ആഭ്യന്തരമായി ഉയര്‍ന്നു വരുന്ന സമരങ്ങളും സംഘര്‍ഷങ്ങളുമൊന്നും സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നല്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന വസ്തുതയാണ്. പുറമെ നിന്നുള്ള ചരടുവലികളാണ് അവക്ക് പിന്നില്‍. ശക്തമായ നേതൃത്വം, ഒരു വേള ജനാധിപത്യപരമല്ലെന്ന് വിശേഷിപ്പിക്കാവുന്ന നേതൃത്വമാണ് ഇറാനെ പോലുള്ള ഒരു രാജ്യത്തെ സുസ്ഥിരമാക്കി നിര്‍ത്തുന്നത്. അവിടെ പെട്ടെന്നുണ്ടാകുന്ന നേതൃ ശൂന്യതകള്‍ വലിയ പ്രത്യാഘാതമുണ്ടാക്കും. വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബിറിന് പ്രസിഡന്റിന്റെ ചുമതല നല്‍കിയിട്ടുണ്ട്. അമ്പത് ദിവസത്തിനകം തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം. ഈ തിരഞ്ഞെടുപ്പ് പ്രക്രിയ പ്രശ്നഭരിതമാക്കാന്‍ നിഗൂഢ ശക്തികള്‍ ശ്രമിക്കും. അതിന് ഇറാനിനകത്തും പുറത്തുമുള്ള വിമത ആക്ടിവിസ്റ്റുകളെ ഉപയോഗിക്കും.

നിലവില്‍ ഇറാന്‍ ഭരണകൂടം തുടരുന്ന തീവ്ര രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് പിന്തിരിയാനോ മയപ്പെടുത്താനോ ഈ നേതൃ നഷ്ടം കാരണമാകുമെന്ന് തോന്നുന്നില്ല. അറബ് രാജ്യങ്ങളോടും ഇന്ത്യയടക്കം ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളോടും കൂടുതല്‍ ഊഷ്മളമായ ബന്ധം സൂക്ഷിക്കുകയെന്ന നയതന്ത്ര നീക്കം ശിയാ രാഷ്ട്രം ശക്തമാക്കും. സഊദിയുടെ വിപരീത പദമാണ് ഇറാനെന്ന ആഖ്യാനത്തെ മറികടക്കാന്‍ തെഹ്റാന് സാധിക്കുകയെന്നതാകും പാശ്ചാത്യ ശക്തികള്‍ക്കുള്ള ശരിയായ മറുപടി.

റഈസിയുടെ നിശ്ചല ശരീരത്തെ മുന്‍നിര്‍ത്തി ലോകം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം ഉപരോധമെന്ന മനുഷ്യത്വവിരുദ്ധ ഭീകരതയാണ്. റഈസിയും സംഘവും മരിച്ചത് അപകടത്തില്‍ തന്നെയായിരിക്കാം. അപകടം വരുത്തിവെച്ച കോപ്റ്ററിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ മുമ്പിലുണ്ട്. ദശകങ്ങള്‍ പഴക്കമുള്ള കോപ്റ്ററായിരുന്നു അത്. പാര്‍ട്സ് മാറ്റാത്ത പഴഞ്ചന്‍ വാഹനം. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? ഉപരോധത്തില്‍ ഞെരിഞ്ഞമര്‍ന്ന ഇറാന് പുതിയ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യാന്‍ സാധിക്കുന്നില്ല. ഇറാനുമായി സഹകരിക്കുന്നവരെ ഒന്നാകെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കുന്ന യു എസ് ഒരു ജനതയെയൊന്നാകെ ബന്ദിയാക്കുകയാണ് ചെയ്യുന്നത്. കൊവിഡ് കാലത്ത് പോലും ഇതിന് ഇളവ് ലഭിച്ചില്ല. വാക്സീനും മരുന്നും കിട്ടാതെ ആയിരങ്ങള്‍ അവിടെ മരിച്ചു വീണു. സ്വന്തം എണ്ണ സമ്പത്തിന് വിപണി കണ്ടെത്താന്‍ രാജ്യം പാടുപെട്ടു. ഇറാന്‍ അണുബോംബുണ്ടാക്കുന്നുവെന്ന തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആരോപണത്തിന്റെ പേരിലാണ് ഇതെന്നോര്‍ക്കണം. ഏകധ്രുവ ലോകത്തിന്റെ കെടുതിയാണ് ഉപരോധം. അപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന തലക്കെട്ടാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍, കൂടെ ഇത് കൂടി ചേര്‍ക്കണം. റഈസിയെ കൊന്നത് ഉപരോധമാണ്!

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----