Connect with us

National Anti-Terrorism Day 2024

രാജീവ് ഗാന്ധിയുടെ വിയോഗമോര്‍മിപ്പിച്ച് ഇന്ന് ദേശീയ തീവ്രവാദ വിരുദ്ധ ദിനം

തീവ്രവാദത്തില്‍ നിന്നും അക്രമത്തില്‍ നിന്നും ജനങ്ങളെ മുക്തമാക്കുക എന്നതാണ് തീവ്രവാദ വിരുദ്ധ ദിനം ആചരിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം.

Published

|

Last Updated

രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി രാജീവ് ഗാന്ധി തീവ്രവാദികളുടെ ആക്രമണത്താല്‍ ജീവന്‍വെടിഞ്ഞതിന്റെ ഓര്‍മ പുതുക്കുന്ന ദിനമാണ് ഇന്ന്. അന്ന് തീവ്രവാദികളുടെ ആക്രമണത്തില്‍ രാജ്യത്തിന് നഷ്ടമായത് മഹാനായ ഒരു നായകനെ ആയിരുന്നു. അതുകൊണ്ട് തന്നെ രാജ്യം ഈ ദിനം ദേശീയ തീവ്രവാദ വിരുദ്ധ ദിനമായാണ് ആചരിക്കുന്നത്. തീവ്രവാദത്തിന്റെ ഫലമായി രാജ്യത്തിനുണ്ടായ ഏറ്റവും വലിയ നഷ്ടം തന്നെയായിരുന്നു രാജീവ് ഗാന്ധി.

തന്റെ നാല്‍പ്പതാം വയസ്സില്‍ പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ രാജീവ് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. 1984 ഒക്ടോബര്‍ 31 ന് രാജീവിന്റെ മാതാവും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ക്രൂരമായ കൊലപാതകത്തെ തുടര്‍ന്നാണ് രാജീവിന് പ്രധാനമന്ത്രി പദം ഏറ്റെടുക്കേണ്ടിവന്നത്. 1991 മെയ് 21 ന് മദ്രാസിനടുത്തുള്ള (ഇപ്പോഴത്തെ ചെന്നൈ) ഗ്രാമമായ ശ്രീപെരുമ്പത്തൂരില്‍വച്ചാണ് രാജീവ് കൊല്ലപ്പെടുന്നത്. ശ്രീലങ്കയില്‍ തമിഴര്‍ക്ക് പ്രത്യേക മാതൃരാജ്യത്തിനായി പോരാടുന്ന ഒരു തീവ്രവാദ സംഘടനയായ ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം നടത്തിയ ചാവേര്‍ ബോംബ് ആക്രമണത്തിലാണ് രാജീവ് വിടവാങ്ങുന്നത്.

തീവ്രവാദത്തിന്റെയും അക്രമത്തിന്റെയും അപകടത്തെക്കുറിച്ചും രാജ്യത്ത് അത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും എല്ലാ വിഭാഗം ജനങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. തീവ്രവാദത്തില്‍ നിന്നും അക്രമത്തില്‍ നിന്നും ജനങ്ങളെ മുക്തമാക്കുക എന്നതാണ് തീവ്രവാദ വിരുദ്ധ ദിനം ആചരിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം. ഭീകരതയുടെ ഇരകളോടുള്ള ആദരസൂചകമായി കൂടിയാണ് ദേശീയ തീവ്രവാദ വിരുദ്ധ ദിനം ആചരിക്കുന്നത്. സമൂഹത്തിലെ ഏറ്റവും വലിയ തിന്മകളിലൊന്നാണ് തീവ്രവാദം. തീവ്രവാദത്തിന് ജാതിയോ മതമോ ഇല്ലെന്നും അത് സമൂഹത്തില്‍ നിന്ന് എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെടേണ്ട വിപത്താണെന്നുമുള്ള സന്ദേശം കൈമാറിയാണ് ഇന്ന് രാജ്യം ഒന്നാകെ ഈ ദിനം ആചരിക്കുന്നത്.

ദിനാചരണത്തോടനുബന്ധിച്ച് രാജ്യത്തുടനീളം നിരവധി പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാറുണ്ട്. സ്‌കൂളുകളും കോളജുകളും സര്‍വ്വകലാശാലകളും ഇന്ന് ഈ വിഷയത്തില്‍ സംവാദങ്ങളും സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കും.

ഭീകരതയ്ക്കെതിരെ പോരാടി വീരമൃത്യു വരിച്ച ധീരരായ ജവാന്മാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്ന ഒരു ദിനം കൂടിയാണ് ഇന്ന്. ഇരകളുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും നമ്മുടെ സായുധ സേനയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ത്യാഗങ്ങളെ അംഗീകരിക്കുന്നതിനും നമുക്ക് ഈ ദിവസം പ്രയോജനപ്പെടുത്താം.

 

 

 

 

Latest