Connect with us

Editors Pick

ഒട്ടും ഉന്മേഷം തോന്നുന്നില്ലേ! എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ...

നിങ്ങളുടെ വ്യായാമം ചെയ്യാനുള്ള മടിയെ കുറയ്ക്കുന്നതിനുള്ള മറ്റൊരു രസകരമായ വഴിയാണ് നിങ്ങളുടെ ജോലി സ്ഥലത്തുനിന്ന് കുറച്ച് അകലെയായി വാഹനങ്ങൾ പാർക്ക് ചെയ്യുക എന്നുള്ളത്. വാഹനങ്ങളുടെ അടുത്തെത്തും വരെ നമുക്ക് ചെറിയൊരു നടത്തം ഇതിലൂടെ ഫ്രീയായി ലഭിക്കും.

Published

|

Last Updated

ജോലിത്തിരക്കുകൾക്കിടയിലും വെറുതെയിരിക്കുമ്പോഴും എല്ലാം ഒരുതരം അലസതയും ക്ഷീണവും അനുഭവിക്കുന്നവരാണ് നമ്മളിൽ ഏറെയും. ഈ അലസത മൊബൈൽ ഫോണിൽ റീലുകൾ കാണുന്നതിലേക്കോ ഗെയിമിന്റെ ഭാഗമാകുന്നതിലേക്കോ ഒക്കെ നയിക്കുന്നു. ഇത് നമ്മുടെ ജീവിതം കൂടുതൽ ഉദാസീനമാക്കുന്നു എന്നതാണ് വാസ്തവം. ഇങ്ങനെ ചടഞ്ഞിരിക്കുന്നതിലൂടെ ശാരീരിക അധ്വാനം ചെയ്യാതെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടി നമ്മൾ കൂടുതൽ ക്ഷീണിതരാവുകയും ചെയ്യും. എന്നാൽ ജീവിതം ഉദാസീനതയില്ലാതെ കൂടുതൽ ഊർജ്ജസ്വലമാക്കാൻ ചില മാർഗ്ഗങ്ങൾ നമുക്ക് പരീക്ഷിച്ചു നോക്കാം.

നമ്മുടെ പേശികളുടെ ആരോഗ്യം ശരിയായ രീതിയിൽ നിലനിർത്താനും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാനും പകൽ സമയത്ത് നമ്മൾ സജീവമായിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ കാലഘട്ടത്തിൽ അധികം പേരും ഇരുന്നുകൊണ്ടുള്ള ജോലികളാണ് ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ ശരീരത്തെ ഊർജ്ജസ്വലമാക്കുന്ന കായിക അധ്വാനങ്ങൾക്കുള്ള സാധ്യത വളരെയധികം കുറഞ്ഞു വരികയാണ്.

ഒരു സ്റ്റാൻഡിങ് ഡെസ്ക്കിനെ കൂടെ കൂട്ടൂ

ഇരുന്ന് ജോലി ചെയ്യുന്നവരുടെ ജീവിതത്തിൽ കൊണ്ടുവരാവുന്ന ആദ്യത്തെ മാറ്റം എന്ന് പറയുന്നത് ജോലിക്കായി ഒരു സ്റ്റാൻഡിങ് ഡെസ്ക് തിരഞ്ഞെടുക്കുക എന്നതാണ്. നിങ്ങൾ ദിവസവും 9-10 മണിക്കൂർ ഇരിക്കുകയാണെങ്കിൽ, ജോലിക്കായി ഒരു സ്റ്റാൻഡിംഗ് ഡെസ്ക് ഉപയോഗിക്കുന്നത് പ്രയോജനപ്രദമാണ്. അല്ലെങ്കിൽ അരമണിക്കൂർ ഇടവേളകളിൽ നിങ്ങൾ ഇരിക്കുന്ന സീറ്റിൽ നിന്ന് എഴുന്നേറ്റ് നിൽക്കുന്നതും നടക്കുന്നതും നിങ്ങളുടെ തളർച്ചയെയും ഉദാസീനതയെയും അകറ്റാൻ സഹായിക്കും.

നടത്തം ശീലമാക്കാം

ഫിറ്റ്നസ് നിലനിർത്താൻ ഹ്രസ്വകാല ശാരീരിക പ്രവർത്തനങ്ങൾ പോലും വളരെ ഫലപ്രദമാണ്. അര മണിക്കൂറോ കാൽ മണിക്കൂറോ നടക്കുന്നതുപോലും നിങ്ങളുടെ ദിവസത്തിന് പുതിയ ഒരു ഉന്മേഷം നൽകിയേക്കാം.

ലിഫ്റ്റും എസ്കലേറ്ററും വേണ്ട

ജോലിയുടെ ആവശ്യങ്ങൾക്കും ഷോപ്പിംഗ് ആവശ്യങ്ങൾക്കും എല്ലാം ലിഫ്റ്റിനെയും എസ്കലേറ്ററിനെയും ആശ്രയിക്കുന്നവരാണ് നമ്മളിൽ ഏറെയും. നടക്കാൻ വയ്യ എന്ന് പറഞ്ഞ് നമ്മൾ ഒഴിവാക്കി വിടുന്നത് നമ്മുടെ ജീവിതത്തിലെ വ്യായാമത്തിനുള്ള നല്ലൊരു അവസരമാണ്. ലിഫ്റ്റും എസ്കലേറ്ററും മറ്റ് എളുപ്പ ഉപാധികളും ഒഴിവാക്കി സ്റ്റെപ്പുകൾ നടന്നു കയറുന്നതും ഇറങ്ങുന്നതും ശരീരത്തിലെ കൊഴുപ്പ് കുറച്ച് ഉന്മേഷവാന്മാർ ആക്കി നിർത്താൻ നിങ്ങളെ സഹായിക്കും.

ഫോൺ വിളി നടന്നുകൊണ്ടാകാം

സാധാരണ ജീവിതത്തിൽ ഇരുന്നുകൊണ്ട് ഫോൺ ചെയ്യുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ ഫോൺ സംസാരം പോലും നമ്മുടെ ഊർജ്ജസ്വലതയ്ക്ക് ഒരു വഴിയാക്കാൻ കഴിയും എന്നതാണ് സത്യം. നിങ്ങൾ ഇരുന്ന് ഫോണിൽ സംസാരിക്കുന്നവരാണെങ്കിൽ അൽപനേരം എഴുന്നേറ്റ് നടന്നുകൊണ്ട് ഫോണിൽ സംസാരിച്ചു നോക്കൂ. ഇത് വ്യായാമവും അതോടൊപ്പം ഉന്മേഷവും പ്രദാനം ചെയ്യുന്നു.

കാർ ഒരല്പം അകലെ നിർത്താം

നിങ്ങളുടെ വ്യായാമം ചെയ്യാനുള്ള മടിയെ കുറയ്ക്കുന്നതിനുള്ള മറ്റൊരു രസകരമായ വഴിയാണ് നിങ്ങളുടെ ജോലി സ്ഥലത്തുനിന്ന് കുറച്ച് അകലെയായി വാഹനങ്ങൾ പാർക്ക് ചെയ്യുക എന്നുള്ളത്. വാഹനങ്ങളുടെ അടുത്തെത്തും വരെ നമുക്ക് ചെറിയൊരു നടത്തം ഇതിലൂടെ ഫ്രീയായി ലഭിക്കും.

വ്യായാമത്തെ കൂടെ കൂട്ടാം

ശ്വസന വ്യായാമങ്ങളോടൊപ്പം വെയിറ്റ് ലിഫ്റ്റിംഗ് വ്യായാമങ്ങളും നിങ്ങളുടെ ജീവിതചര്യയിൽ ഉൾപ്പെടുത്തുന്നത് മനസ്സിന്റെയും ശരീരത്തിന്റെയും ഉദാസീനത മാറ്റി ഊർജ്ജത്തോടെ പ്രവർത്തിക്കാൻ സഹായിക്കും.

Latest