Connect with us

Ongoing News

അവസാനം അത് സംഭവിച്ചു; വുകോമനോവിചുമായി വേര്‍പിരിഞ്ഞ് ബ്ലാസ്റ്റേഴ്‌സ്

പരസ്പര ധാരണയോടെയുള്ള പിരിയലാണെന്ന് ടീം മാനേജ്‌മെന്റ് പറയുന്നുണ്ടെങ്കിലും ടീമിനെ കിരീടനേട്ടത്തിലെത്തിക്കാനാകാത്തതാണ് ഒഴിവാക്കലിന് വഴിയൊരുക്കിയതെന്നാണ് സൂചന.

Published

|

Last Updated

കൊച്ചി | തുടര്‍ച്ചായ മൂന്ന് സീസണുകളില്‍ ടീമിനെ പ്ലേഓഫിലെത്തിച്ച പരിശീലകന്‍ ഇവാന്‍ വുകോമനോവിചിനെ ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. പരസ്പര ധാരണയോടെയുള്ള പിരിയലാണെന്ന് ടീം മാനേജ്‌മെന്റ് പറയുന്നുണ്ടെങ്കിലും ടീമിനെ കിരീടനേട്ടത്തിലെത്തിക്കാനാകാത്തതാണ് ഒഴിവാക്കലിന് വഴിയൊരുക്കിയതെന്നാണ് സൂചന. ഇതുസംബന്ധിച്ച് ഇതുവരെ വുകോമനോവിച് പ്രതികരിച്ചിട്ടില്ല.

ഒഴിവാക്കലുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലും ഇവാന്റെ പ്രതികരണമില്ല. 2025 വരെ സെര്‍ബിയന്‍ പരിശീലകന് ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ടായിരുന്നു. കോച്ചിന്റെ അപ്രതീക്ഷിത പുറത്താകല്‍ ബ്ലാസ്റ്റേഴ്‌സ് പ്രേമികളെ ഞെട്ടിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതുവരെ കിരീടം നേടാനാകാത്ത കേരള ബ്ലാസ്റ്റേഴ്‌സിന്റെ പത്താം പരിശീലകനായാണ് 2021 ജൂണില്‍ സെര്‍ബിയക്കാരന്‍ ചുമതലയേറ്റത്. ആദ്യ സീസണില്‍ തന്നെ ടീമിനെ ഫൈനലില്‍ എത്തിച്ച വുകോമനോവിചുമായി 2022ല്‍ ടീം കരാര്‍ പുതുക്കിയിരുന്നു. ടീമിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു പരിശീലകനുമായുള്ള കരാര്‍ പുതുക്കല്‍. 2025 വരെ ഇവാന്‍ ടീമിനൊപ്പം തുടരുമെന്നായിരുന്നു 2022ലെ പ്രഖ്യാപനം.

ക്ലബിന്റെ കളിശൈലിയിലുണ്ടാക്കിയ മാറ്റമാണ് ഇവാനെ നിലനിര്‍ത്താന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. 2021 സീസണില്‍ ഫൈനലില്‍ തോറ്റെങ്കിലും 2016ന് ശേഷം മികച്ച പ്രകടനമായിരുന്നു ടീമിന്റേത്. പത്ത് മത്സരങ്ങളിലെ അപരാജിത കുതിപ്പിലൂടെ ചരിത്രത്തിലാദ്യമായി പോയിന്റ് ടേബിളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സ്, ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഏറ്റവും കൂടുതല്‍ പോയിന്റുകള്‍, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, ഏറ്റവും കുറഞ്ഞ തോല്‍വികള്‍ തുടങ്ങിയ നേട്ടങ്ങളും 2021-22 സീസണില്‍ ഇവാന്റെ കീഴില്‍ സ്വന്തമാക്കിയിരുന്നു.

2022-23 സീസണില്‍ റഫറിയുടെ വിവാദ തീരുമാനത്തെ തുടര്‍ന്ന് ബെംഗളൂരു എഫ് സിക്കെതിരായ പ്ലേഓഫ് ബഹിഷ്‌കരിച്ചതിന് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടീമിനും കോച്ചിനും പിഴ ചുമത്തിയിരുന്നു. ടീമിന് നാല് കോടി രൂപ പിഴയും കോച്ചിന് അഞ്ച് ലക്ഷം രൂപ പിഴയും പത്ത് കളികളില്‍ വിലക്കുമാണ് ലഭിച്ചത്. പിഴക്കെതിരെ ബ്ലാസ്റ്റേഴ്‌സ് നല്‍കിയ അപ്പീല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് തള്ളിയതും തിരിച്ചടിയായി.

പോയ സീസണില്‍ ഡിസംബര്‍ ഇടവേളക്ക് മുമ്പ് വരെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീം ഇടവേളക്ക് ശേഷം തകര്‍ച്ചയിലേക്ക്് പോയി. പ്ലേഓഫില്‍ ഒഡീഷയോട് തോറ്റതോടെ ടീം കപ്പിലേക്കുള്ള പോരില്‍ നിന്ന് പുറത്തായി. പ്രധാന താരങ്ങളുടെ പരുക്കായിരുന്നു ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണം.

 

Latest