Connect with us

articles

സ്ഥാനം ചവറ്റുകൊട്ടയിലാകും

വ്യക്തിപരമായ ലക്ഷ്യങ്ങൾക്ക് വേണ്ടിയും രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയും മതത്തെ ഉപയോഗിക്കുകയും ചൂഷണവിധേയമാക്കുകയും ചെയ്യുന്ന വ്യക്തിയെയാണ് രാഷ്ട്രീയരംഗത്തെ വർഗീയവാദി എന്നു വിളിക്കുന്നത്. അധികാരി വർഗം വർഗീയതയെ എപ്പോഴും പ്രോത്സാഹിപ്പിക്കുകയാണ്. ഭരണപരാജയങ്ങൾ മൂടിവെക്കാൻ അവർ വർഗീയത എന്ന കുറുക്കുവഴിയാണ് സ്വീകരിച്ചത്.

Published

|

Last Updated

മതേതര രാഷ്ട്രമായ ഇന്ത്യയിൽ എല്ലാ മതങ്ങൾക്കും തുല്യസ്ഥാനമാണുള്ളത്. ഒരു മതത്തിനും പ്രത്യേകമായ അധികാര- അവകാശങ്ങളൊന്നും നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല. നിർഭാഗ്യവശാൽ ഏവരും കൊട്ടിഘോഷിച്ചുകൊണ്ടിരുന്ന മതേതരത്വം വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ വിവിധ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ നടത്തിയ പ്രസംഗം. ആ വിദ്വേഷ പരാമർശങ്ങൾ തെറ്റായിപ്പോയെന്ന് പറയുകയല്ല, ആവർത്തിക്കുകയും കൂടുതൽ കടന്ന് പറയുകയുമാണ് അദ്ദേഹം തുടർന്നുള്ള ദിവസങ്ങളിൽ ചെയ്തത്.

വർഗീയതയാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. യാഥാസ്ഥികത്വം, വിജ്ഞാനവിരോധം എന്നിവയുടെ പര്യായമായി പലപ്പോഴും ഈ വർഗീയത മാറുകയും ചെയ്യുന്നുണ്ട്. ഒരു മതത്തിന്റെ വളർച്ചക്ക് മറ്റ് മതങ്ങൾ തടസ്സമാണെന്ന വിശ്വാസമാണ് ജനങ്ങളിൽ വർഗീയത പ്രചരിപ്പിക്കുന്നത്. സ്വന്തം മതത്തോട് അഭിനിവേശവും മറ്റ് മതങ്ങളോട് വിദ്വേഷവും വെച്ചുപുലർത്താൻ അത് പ്രേരിപ്പിക്കുന്നു. സ്വന്തം മതത്തോടുള്ള അതിര് കവിഞ്ഞ സ്‌നേഹം മറ്റ് മതങ്ങളോടുള്ള വിരോധമായി മാറുമ്പോഴാണ് വർഗീയത ഉടലെടുക്കുന്നത്. മതങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി അത് മാറുകയും ചെയ്യുന്നു.

വ്യക്തിപരമായ ലക്ഷ്യങ്ങൾക്ക് വേണ്ടിയും രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയും മതത്തെ ഉപയോഗിക്കുകയും ചൂഷണവിധേയമാക്കുകയും ചെയ്യുന്ന വ്യക്തിയെയാണ് രാഷ്ട്രീയരംഗത്തെ വർഗീയവാദി എന്നു വിളിക്കുന്നത്. അതിനാൽ വർഗീയവാദി ബാഹ്യമായി മതത്തോട് താത്പര്യം കാണിക്കുകയും ആന്തരികമായി അധികാരത്തോട് ഭ്രമം വെച്ചുപുലർത്തുകയും ചെയ്യുന്നു.

വർഗീയത ദേശീയതക്കും മതേതരത്വത്തിനും മാനവികതക്കും ജനാധിപത്യത്തിനും എതിരായ ഒരു വികാരമാണ്. പരസ്പര വെറുപ്പും മുൻവിധികളും സംശയവും ഹിംസയുമാണ് അതിന്റെ പ്രധാന സവിശേഷതകൾ. “വർഗീയത ഫാസിസത്തിന്റെ ഇന്ത്യൻ പതിപ്പാണെന്ന്’ ജവഹർലാൽ നെഹ്‌റു അഭിപ്രായപ്പെട്ടിട്ടുണ്ട്. ജാതി, മതം, ഭാഷ, ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള എല്ലാ ഭിന്നതകളെയും പഴയ ബ്രിട്ടീഷ് ഭരണാധികാരികൾ പ്രോത്സാഹിപ്പിച്ചിരുന്നു. അബ്രാഹ്മണരെ ബ്രാഹ്മണർക്കെതിരെയും താഴ്ന്ന ജാതിക്കാരെ ഉയർന്ന ജാതിക്കാർക്കെതിരെയും അവർ ഇളക്കിവിട്ടു. ഇന്ത്യയിലെ രണ്ട് പ്രമുഖ മതവിഭാഗങ്ങളായ ഹിന്ദുക്കളെയും മുസ്‌ലിംകളെയും അവർ തമ്മിലടിപ്പിക്കാൻ ശ്രമിച്ചു. നിലവിലെ മോദി സർക്കാറും ഈ പണി തന്നെയാണ് തുടരുന്നത്.

അതിന്റെ ദുരന്തഫലമാണ് രാജ്യം ഇന്നനുഭവിക്കുന്നത്. അധികാരി വർഗം വർഗീയതയെ എപ്പോഴും പ്രോത്സാഹിപ്പിക്കുകയാണ്. ഭരണപരാജയങ്ങൾ മൂടിവെക്കാൻ അവർ വർഗീയത എന്ന കുറുക്കുവഴിയാണ് സ്വീകരിച്ചത്. രാജ്യത്തെ സമ്പന്ന വിഭാഗങ്ങളും അവരുടെ നേതൃത്വത്തിലുള്ള ഭരണകൂടവും തങ്ങളുടെ മേധാവിത്വം സ്ഥാപിക്കുന്നതിനായി ജാതിയെയും മതത്തെയും ഉപയോഗിച്ചുവരികയാണ്. മതം രാഷ്ട്രീയക്കാരും ഉപകരണമാക്കുന്നു. പ്രശ്‌നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും തങ്ങളുടെ പരാജയങ്ങൾ മൂടിവെക്കാനും ഇക്കൂട്ടർ ജാതിയെ സമർഥമായി ഉപയോഗിച്ചുവരികയാണ്. എന്നാൽ മതത്തെയും വർഗീയതയെയും കൈയിലെടുത്ത് ഭരണാധികാരികൾ രാജ്യത്തെ വലിയപ്രതിസന്ധിയിലെത്തിച്ചിരിക്കുന്നു.

ഒരു മതേതര രാഷ്ട്രത്തിലെ മുഖ്യഭരണാധികാരിക്ക് ഒരിക്കലും ഒരു മതത്തിന്റെ പേരിൽ സംസാരിക്കാനോ ഒരു മതത്തെ മറ്റൊരു മതത്തിനെതിരെ തിരിച്ചുവിടാനോ അധികാരമില്ല. പക്ഷേ, നരേന്ദ്ര മോദി യാതൊരു മറയുമില്ലാതെ അത് ചെയ്തിരിക്കുന്നു. ഹീനമായ വിദ്വേഷപ്രസംഗമാണ് രാജസ്ഥാനിൽ മോദി നടത്തിയത്. അദ്ദേഹത്തിന്റെ മുസ്‌ലിംവിരുദ്ധ പ്രസംഗം എല്ലാ സീമകളെയും ലംഘിക്കുന്നതായിരുന്നു.

കോൺഗ്രസ്സ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിംകൾക്കായി വീതിച്ചുനൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നിങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും നരേന്ദ്ര മോദി തന്റെ പ്രസംഗം കേട്ട് നിന്ന ശ്രോതാക്കളോടായി ചോദിച്ചു. “രാജ്യത്തെ സമ്പത്തിന്റെ ആദ്യ അവകാശി മുസ്‌ലിംകളാണെന്ന് കോൺഗ്രസ്സ് നേതാവായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് മുമ്പ് പ്രസ്താവിച്ചിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ച് കൂട്ടി കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞു കയറ്റക്കാർക്കും നൽകുമെന്നാണ് അതിനർഥം’ ഇങ്ങനെ പോകുന്നു മോദിയുടെ ആക്രോശം.

കോൺഗ്രസ്സ് ഒരു സർവേ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ഈ സർവേയുടെ അടിസ്ഥാനത്തിൽ വ്യക്തികളുടെ സ്വർണവും വെള്ളിയും സ്വത്തുക്കളും മറ്റ് സ്ഥാവര ജംഗമവസ്തുക്കളുമെല്ലാം സമൂഹത്തിൽ വിതരണം ചെയ്യുമെന്നാണ് പറയുന്നതെന്നും മോദി തട്ടിവിടുന്നുണ്ട്. ആദിവാസികളുടെ കൈയിലുള്ള ആഭരണങ്ങളും സ്ത്രീകളുടെ കെട്ടുതാലിപോലും ഈ നിലയിൽ പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ്സിന്റെ മാനിഫെസ്റ്റോയിൽ പറയുന്നതെന്നും മോദി പച്ചക്കള്ളം വാരിവിതറുന്നുണ്ട്.

കോൺഗ്രസ്സിനെപ്പറ്റിയുള്ള പൊതുവായ ആക്ഷേപം മൃദുഹിന്ദുത്വ സമീപനം ആ പാർട്ടി സ്വീകരിക്കുകയാണെന്നുള്ളതാണ്. മോദി സർക്കാർ പാസ്സാക്കിയെടുത്ത മുത്വലാഖ് നിയമം, പൗരത്വ ഭേദഗതിനിയമം, ജമ്മു കശ്മീർ വെട്ടിമുറിക്കൽ തുടങ്ങിയവക്ക് എതിരായി ശക്തമായി കോൺഗ്രസ്സ് പ്രതികരിച്ചിട്ടില്ല എന്ന ആക്ഷേപം ഇപ്പോഴും നിലനിൽക്കുകയുമാണ്. പൗരത്വഭേദഗതി നിയമത്തിന്റെ കാര്യത്തിൽ കോൺഗ്രസ്സിന് വ്യക്തമായി ഒരു സമീപനമില്ലെന്ന ആക്ഷേപം വ്യാപകമായി ഉണ്ട്. പാർട്ടിയുടെ പ്രകടന പത്രികയിൽ ഇക്കാര്യത്തെപ്പറ്റി മൗനം അവലംബിക്കുകയാണ്. എന്നാൽ ആ പാർട്ടി ഒരു വർഗീയ പാർട്ടിയാണെന്ന് മോദിയല്ലാതെ ആരും പറയില്ല. അർബൻ നക്‌സലേറ്റ് നിലപാടുള്ള മാവോയിസ്റ്റ് ഐഡിയോളജിയിൽ നിലകൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസ്സെന്ന മോദിയുടെ പ്രസ്താവനക്കും യാതൊരടിസ്ഥാനവുമില്ല. രാജ്യത്തൊട്ടാകെ നടന്ന ഡസൻ കണക്കിന് മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുന്ന നീതീകരണമില്ലാത്ത മനുഷ്യക്കുരുതികൾക്കെതിരായി കോൺഗ്രസ്സ് ഇതുവരെ പ്രതികരിച്ചിട്ടുപോലുമില്ലെന്നോർക്കണം.

രാജ്യത്തെ മൗലിക ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മോദിയുടെ ഈ പ്രസ്താവനയെന്ന് രാഹുൽ ഗാന്ധി പറയുന്നു. പ്രധാനമന്ത്രി നടത്തിയത് ഒരു വിഷംചീറ്റുന്ന പ്രസംഗമാണെന്ന് കോൺഗ്രസ്സ് നേതാവ് ജയ്റാം രമേശും വ്യക്തമാക്കി. രാജ്യത്തെ വിഭാഗീയത വർധിപ്പിക്കുന്നതിനും വർഗീയത ആളിക്കത്തിക്കുന്നതിനും വേണ്ടിയുള്ള ശ്രമമാണ് മോദിയുടെ പ്രസംഗത്തിൽ കാണാൻ കഴിയുന്നതെന്ന് സി പി എം നേതാവ് പ്രകാശ് കാരാട്ട് വിലയിരുത്തുന്നു. പ്രധാനമന്ത്രിയുടെ രാജസ്ഥാൻ പ്രസംഗത്തെ തുടർന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച് മുസ്‌ലിം ജനസമൂഹം അപ്പാടെ ഭയചകിതരായിരിക്കുകയാണ്. ഈ സമൂഹത്തിന് ആരാണ് ആത്മവിശ്വാസം നൽകുക.

മുമ്പും നമ്മുടെ രാജ്യത്തെ ചില ഭരണാധികാരികൾ വർഗീയ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. വർഗീയത ആളിക്കത്തിച്ച് വോട്ട് തട്ടാനുള്ള ശ്രമങ്ങളും ഇവിടെ പുത്തരിയൊന്നുമല്ല. എന്നാൽ ഇത്ര നഗ്നമായി വർഗീയവികാരം ആളിക്കത്തിക്കുന്നതിനും ഭൂരിപക്ഷമതത്തെ ഒരു ന്യൂന പക്ഷമതത്തിനെതിരായി തിരിച്ചുവിടാനും വേണ്ടിയുള്ള കരുതിക്കൂട്ടിയുള്ള ഒരു പ്രസംഗം രാജ്യത്ത് ആദ്യമായാണ് ഉണ്ടായിരിക്കുന്നത്. ചരിത്രവുമായും യാഥാർഥ്യവുമായും പുലബന്ധം പോലുമില്ലാത്ത പ്രസ്താവനയാണ് പ്രധാനമന്ത്രിയിൽ നിന്നുണ്ടായിരിക്കുന്നത്. ഈ പ്രസ്താവന തിരുത്താനും രാജ്യത്തോട് മാപ്പ് പറയാനും മോദി തയ്യാറാകേണ്ടതുണ്ട്. അതിനദ്ദേഹം തയ്യാറായില്ലെങ്കിൽ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനം.
നാല് വോട്ടിന് പച്ച നുണ പറയുന്ന ഒരു പ്രധാനമന്ത്രിയെ ആരാണ് അഭിമാനപൂർവം ഓർക്കുക.

മനുഷ്യരെ വിഭജിച്ച് നേടുന്ന വിജയം ഒരിക്കലും സ്ഥായിയായിരിക്കില്ല. ഒരു ഘട്ടം കഴിയുമ്പോൾ ജനങ്ങൾ അത് തിരിച്ചറിയും. തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലാക്കുന്ന ആ നിമിഷം ഭരണാധികാരിക്കെതിരായ അപ്രതിരോധ്യമായ ജന മുന്നേറ്റം ഉയർന്നു വരും. അത് ഒരു കൊടുങ്കാറ്റായിരിക്കും. ഗുജറാത്ത് വംശഹത്യയിൽ പങ്കെടുത്ത ദളിത് സമൂഹത്തിൽ പെട്ടവർ പിന്നീട് തിരിച്ചറിവ് നേടിയപ്പോൾ മതേതര മൂല്യത്തിന്റെ ശക്തരായ വക്താക്കളായി മാറുകയാണല്ലോ ചെയ്തത്.

---- facebook comment plugin here -----

Latest