Kerala
ശബരിമല യുവതീ പ്രവേശനം; സർക്കാർ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷ ജി സുകുമാരന്‍ നായര്‍
യുവതീ പ്രവേശന വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരും ഇടപെട്ടിട്ടില്ലെന്നും എന്‍എസ്എസ് മാത്രമാണ് കേസിലെ കക്ഷിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
തിരുവനന്തപുരം|ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. അതാണ് ആഗ്രഹിക്കുന്നതെന്നും, എന്നാല്‍ സര്‍ക്കാര്‍ അന്തിമമായി എന്ത് നിലപാട് സ്വീകരിക്കും എന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതീ പ്രവേശന വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരും ഇടപെട്ടിട്ടില്ലെന്നും എന്‍എസ്എസ് മാത്രമാണ് കേസിലെ കക്ഷിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പഴയ വാശിയിലും ഉശിരിലും കേസ് മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് വ്യക്തമാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനുള്ള തീയതി നാളെ നിശ്ചയിക്കുമെന്നാണ് ലഭിക്കുന്ന വിവരം. യുവതീ പ്രവേശന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. മതാചാരങ്ങളും വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കോടതി പരിശോധിക്കുക. യുവതീ പ്രവേശനം അനുവദിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ പുനഃപരിശോധന ഉള്‍പ്പെടെ 67 ഹര്‍ജികളാണ് നിലവില്‍ കോടതിയില്‍ ഉള്ളത്.
2019ല്‍ ഒമ്പതംഗ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ ഉണ്ടായിരുന്ന ജഡ്ജിമാരില്‍ നിലവില്‍ തുടരുന്ന ഏക ജഡ്ജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഒമ്പതംഗ ബെഞ്ചില്‍ വാദം ആരംഭിക്കുന്ന തീയതി സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമുണ്ടാകാനിടയുണ്ട്.
ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കേണ്ടിവരും. നിലവില്‍ യുവതീ പ്രവേശനത്തിന് അനുകൂലമാണ് സര്‍ക്കാരിന്റെ നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഹര്‍ജികളില്‍ വാദം നടക്കുമോ എന്നതും ശ്രദ്ധേയമാണ്.




