Connect with us

Kerala

മാറാത്തതായി ഒന്നുമില്ല; ശബരിമല യുവതീ പ്രവേശനം; നിലപാട് വ്യക്തമാക്കാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി

സര്‍ക്കാര്‍  കോടതിയില്‍ അവതരിപ്പിക്കുന്ന നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം|  ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സര്‍ക്കാര്‍  കോടതിയില്‍ അവതരിപ്പിക്കുന്ന നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു യുവതികളെ പ്രവേശിപ്പിച്ചതെന്നും, ജനാധിപത്യത്തിന്റെ അന്തസ് സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ സിപിഐഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് “മാറാത്തതായി ഒന്നുമില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും, ദേവസ്വം ബോര്‍ഡിന് മുമ്പാകെ ഇതുവരെ പൂര്‍ണ റിപ്പോര്‍ട്ട് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണമായ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ പ്രതികരിക്കാനാകൂവെന്നും, നിലവിലെ റിപ്പോര്‍ട്ട് അപാകതകളോടെ നിറഞ്ഞതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. മതാചാരങ്ങളും വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കോടതി പരിശോധിക്കുക. യുവതീ പ്രവേശനം അനുവദിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ പുനഃപരിശോധന ഉള്‍പ്പെടെ 67 ഹര്‍ജികളാണ് നിലവില്‍ കോടതിയില്‍ ഉള്ളത്.

2019ല്‍ ഒമ്പതംഗ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ ഉണ്ടായിരുന്ന ജഡ്ജിമാരില്‍ നിലവില്‍ തുടരുന്ന ഏക ജഡ്ജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഒമ്പതംഗ ബെഞ്ചില്‍ വാദം ആരംഭിക്കുന്ന തീയതി സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമുണ്ടാകാനിടയുണ്ട്.

ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കേണ്ടിവരും. നിലവില്‍ യുവതീ പ്രവേശനത്തിന് അനുകൂലമാണ് സര്‍ക്കാരിന്റെ നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഹര്‍ജികളില്‍ വാദം നടക്കുമോ എന്നതും ശ്രദ്ധേയമാണ്.

Latest