Kerala
കെ എം ബഷീര്‍ കൊലപാതകം: ശ്രീറാം വെങ്കിട്ടരാമനെതിരെ നിര്‍ണായക സാക്ഷി മൊഴി
ശ്രീറാം അമിത വേഗതയില്‍ കാറോടിച്ചാണ് അപകടമുണ്ടാക്കിയതെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും സംഭവം സംബന്ധിച്ച് താന്‍ രഹസ്യമൊഴി നല്‍കിയതായും ദൃക്‌സാക്ഷി മണിക്കുട്ടന്‍.
തിരുവനന്തപുരം | സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ വിചാരണയില്‍ നിര്‍ണായക സാക്ഷി മൊഴി. കേസിലെ അഞ്ചാം സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ മണികണ്ഠന്റേതാണ് മൊഴി. ശ്രീറാം അമിത വേഗതയില്‍ കാറോടിച്ചാണ് അപകടമുണ്ടാക്കിയതെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും സംഭവം സംബന്ധിച്ച് താന്‍ രഹസ്യമൊഴി നല്‍കിയതായും ദൃക്‌സാക്ഷി മണിക്കുട്ടന്‍ കോടതിയില്‍ പറഞ്ഞു.
താന്‍ ഓട്ടോ ഓടിച്ച് പുലര്‍ച്ചെ ഒരു മണിയോടെ വെള്ളയമ്പലം കെല്‍ട്രോണ്‍ ജങ്ഷന് സമീപത്ത് എത്തിയപ്പോള്‍, കാര്‍ വലിയ ശബ്ദത്തോടെ വെള്ളയമ്പലം റൗണ്ട് അമിത വേഗതയില്‍ തിരിയുന്നത് കണ്ടു. ഇതോടെ ഓട്ടോ ഒതുക്കി നിര്‍ത്തി. തുടര്‍ന്ന് കാര്‍ ഓവര്‍ടേക്ക് ചെയ്ത് 100 കിലോമീറ്ററില്‍ അധികം വേഗതയില്‍ മുന്നോട്ട് പോയി. പിന്നാലെ വാഹനം പബ്ലിക് ഓഫീസിനു സമീപം അപകടത്തില്‍പ്പെട്ടതായി കണ്ടുവെന്നും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ശ്രീറാം ആണ് കാര്‍ ഓടിച്ചിരുന്നതെന്നും മണിക്കുട്ടന്‍ മൊഴി നല്‍കി.
അപകട ശേഷം ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തിറങ്ങിയപ്പോഴാണ് മദ്യപിച്ചിരുന്നതായി മനസ്സിലായതെന്നും മൊഴിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ താന്‍ മജിസ്‌ട്രേട്ട് മുമ്പാകെ രഹസ്യമൊഴി നല്‍കിയതായും മണിക്കുട്ടന്‍ ശ്രീറാമിനെ കോടതിയില്‍ തിരിച്ചറിഞ്ഞ് മൊഴി നല്‍കി. കേസിലെ രണ്ടും മൂന്നും നാലും സാക്ഷികള്‍ വിദേശത്തായതിനാല്‍ സമന്‍സ് നല്‍കാന്‍ സാധിച്ചില്ലെന്ന് പോലീസ് റിപോര്‍ട്ട് സമര്‍പ്പിച്ചു. വിചാരണ ഇന്നും തുടരും.
അതേസമയം, ആവശ്യപ്പെട്ടതനുസരിച്ച് കോടതി മാറ്റിയെങ്കിലും പ്രതിയുടെ അഭിഭാഷകന്‍ രാമന്‍പിള്ള ഒന്നാം സാക്ഷി എ സൈഫുദ്ദീന്‍ ഹാജിയെ ഓണ്‍ലൈനായാണ് ഇന്നലെ ക്രോസ് വിസ്താരം ചെയ്തത്. വിസ്താരം രണ്ട് മണിക്കൂറോളം നീണ്ടു. അഞ്ചാം സാക്ഷി മണികണ്ഠനെ ജൂനിയര്‍ അഭിഭാഷകനാണ് വിസ്തരിച്ചത്.
Content Highlights:
A crucial witness statement has been recorded against IAS officer Sriram Venkitaraman in the KM Basheer murder case. The testimony provides vital details regarding the night of the fatal accident in Thiruvananthapuram. Court proceedings continue as legal scrutiny intensifies around the case.



