Ongoing News
17 പാക് സൈനികരെ തടവിലാക്കിയെന്ന് ബലൂച് ലിബറേഷൻ ആർമി; പത്ത് പേരെ വിട്ടയച്ചു; ഏഴ് പേരെ വെച്ച് വിലപേശൽ
ബലൂച് തടവുകാരെ വിട്ടയക്കുന്നതിന് പകരമായി ബാക്കിയുള്ള ഏഴ് സൈനികരെ പാകിസ്താൻ സർക്കാരിന് കൈമാറാൻ ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ബലൂചിസ്താൻ | പാകിസ്താൻ സൈനികരെ ബലൂച് ലിബറേഷൻ ആർമി (ബി എൽ എ) തടവിലാക്കിയതായി റിപ്പോർട്ട്. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് 17 പാകിസ്താൻ സൈനികരെ തടവിലാക്കിയതായും ഇതിൽ 10 പേരെ വിട്ടയച്ചതായും ബി എൽ എ. അവകാശപ്പെട്ടത്. ബലൂച് തടവുകാരെ വിട്ടയക്കുന്നതിന് പകരമായി ബാക്കിയുള്ള ഏഴ് സൈനികരെ പാകിസ്താൻ സർക്കാരിന് കൈമാറാൻ ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ബി എൽ എയുടെ മീഡിയ വിഭാഗമായ ഹക്കൽ പുറത്തുവിട്ട പ്രസ്താവനയിൽ വക്താവ് ജിയന്ദ് ബലൂചാണ് ‘ഓപ്പറേഷൻ ഹെറോഫിന്റെ’ രണ്ടാം ഘട്ടമാണിതെന്ന് വ്യക്തമാക്കിയത്.
പ്രാദേശിക പോലീസിംഗിന്റെ ഭാഗമായിരുന്ന 10 ബലൂച് വംശജരെ താക്കീത് നൽകിയ ശേഷം വിട്ടയച്ചതായി സംഘടന അറിയിച്ചു. നിലവിലുള്ള ഏഴ് തടവുകാർ പാകിസ്താൻ സൈന്യത്തിലെ റെഗുലർ യൂണിറ്റുകളിൽ നിന്നുള്ളവരാണെന്നും ഇവർക്കെതിരെ ബലൂച് നാഷണൽ കോടതിയിൽ വിചാരണ നടന്നതായും ബി എൽ എ. അവകാശപ്പെടുന്നു. സാധാരണക്കാർക്കെതിരായ അതിക്രമങ്ങൾ, ബലൂച് ജനതയെ കാണാതാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഇവർക്ക് ശിക്ഷ വിധിച്ചെങ്കിലും തടവുകാരെ കൈമാറാൻ തയ്യാറാണെങ്കിൽ ഇവരെ മോചിപ്പിക്കാമെന്നാണ് സംഘടനയുടെ നിലപാട്.
അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ഇസ്‍ലാമാബാദ് അനുകൂലമായി പ്രതികരിച്ചാൽ ബലൂച് തടവുകാരെ വിട്ടയക്കുന്നതിന് പകരമായി സൈനികരെ കൈമാറാം. മുൻപ് നൽകിയ സമാനമായ നിർദ്ദേശങ്ങളോട് പാകിസ്താൻ അധികൃതർ പ്രതികരിച്ചില്ലെന്നും സ്വന്തം ഉദ്യോഗസ്ഥരുടെ ജീവന് സർക്കാർ മുൻഗണന നൽകുന്നില്ലെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു. നിശ്ചിത സമയത്തിനുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ കോടതി വിധി നടപ്പിലാക്കുമെന്നും ബി എൽ എ മുന്നറിയിപ്പ് നൽകി. അതേസമയം ഈ വിഷയത്തിൽ പാകിസ്താൻ സർക്കാരോ സൈന്യമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



