Connect with us

Kerala

ഡ്രെഡ്ജര്‍ അഴിമതി കേസ്: മുന്‍ ഡി ജി പി. ജേക്കബ് തോമസിനെതിരായ അന്വേഷണത്തിന് സമയം നീട്ടി നല്‍കി സുപ്രീം കോടതി

ജൂണ്‍ 30 വരെയാണ് സമയം അനുവദിച്ചത്. ഇത് അവസാന അവസരമാണെന്നും സുപ്രീം കോടതി. ജൂലൈ 15ന് കേസ് വീണ്ടും പരിഗണിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | ഡ്രെഡ്ജര്‍ അഴിമതി കേസില്‍ മുന്‍ ഡി ജി പി. ജേക്കബ് തോമസിനെതിരായ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന് സമയം നീട്ടി നല്‍കി സുപ്രീം കോടതി. ജൂണ്‍ 30 വരെയാണ് ജസ്റ്റിസ് അഭയ് എസ് ഒ കെ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് സമയം അനുവദിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് തീയ്യതി നീട്ടിനല്‍കിയത്. ഇനി സമയം നീട്ടി നല്‍കില്ലെന്നും ഇത് അവസാന അവസരമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജൂലൈ 15ന് കേസ് വീണ്ടും പരിഗണിക്കും.

എന്നാല്‍, അന്വേഷണത്തിന് സമയം നീട്ടി നല്‍കരുതെന്ന് ജേക്കബ് തോമസ് കോടതിയില്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളോളം അന്വേഷണം നടത്തിയിട്ടും തനിക്കെതിരെ ഒരു തെളിവും കണ്ടെത്താനായില്ലെന്ന് ജേക്കബ് തോമസ് കോടതിയെ അറിയിച്ചു.

കേസില്‍ സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ഹര്‍ഷദ് വി ഹമീദും ഹാജരായി. ജേക്കബ് തോമസിനായി അഭിഭാഷകന്‍ എ കാര്‍ത്തിക്കും കേസിലെ മറ്റൊരു ഹരജിക്കാരനായ സത്യന്‍ നരവന്നൂരിനായി അഭിഭാഷകന്‍ കാളീശ്വരം രാജും ഹാജരായി.