Connect with us

From the print

നഴ്‌സിംഗ് പഠനം കഴിഞ്ഞ് നിര്‍ബന്ധിത പരിശീലനം വേണ്ട; കേരളത്തിന്റെ നടപടി ശരിവെച്ചു

നഴ്സിംഗ് പഠനം പൂര്‍ത്തീകരിച്ചവര്‍ക്ക് നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം ശരിവെച്ചാണ് സ്വകാര്യ ആശുപത്രികള്‍ നല്‍കിയ ഹരജി ജസ്റ്റിസ് ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ച് തള്ളിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | നഴ്സിംഗ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം ആവശ്യമില്ലെന്ന് സുപ്രീം കോടതി. നഴ്സിംഗ് പഠനം പൂര്‍ത്തീകരിച്ചവര്‍ക്ക് നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം ശരിവെച്ചാണ് സ്വകാര്യ ആശുപത്രികള്‍ നല്‍കിയ ഹരജി ജസ്റ്റിസ് ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ച് തള്ളിയത്. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് ബഞ്ച് നിരീക്ഷിച്ചു.

നഴ്സിംഗ് പഠനം കഴിഞ്ഞ് ഒരു വര്‍ഷം നിര്‍ബന്ധിത പരിശീലനം നടത്തിയാലേ ജോലിക്ക് കയറാനാകൂ എന്ന വ്യവസ്ഥ 2011ലാണ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത്. നാല് വര്‍ഷത്തെ കോഴ്സിന് പിന്നാലെ ഒരു വര്‍ഷത്തെ പരിശീലനം കൂടി കഴിയുമ്പോള്‍ കേരളത്തിലെ നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അഞ്ച് വര്‍ഷം എടുക്കുന്നുവെന്നും ഇത് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്നുമുള്ള വിദ്യാര്‍ഥികളുടെ ആശങ്ക പരിഗണിച്ചായിരുന്നു വ്യവസ്ഥ സര്‍ക്കാര്‍ പിന്‍വലിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ സംഘടന സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പഠിച്ചിറങ്ങുന്നവരെ നേരിട്ട് ജോലിക്കെടുത്താലുണ്ടാകുന്ന പ്രശ്നങ്ങളും പി എഫ് ഉള്‍പ്പടെ അടക്കേണ്ടി വരുന്നതുമാണ് സ്വകാര്യ ആശുപത്രികള്‍ ഹരജിയില്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍, നാല് വര്‍ഷത്തെ പഠനത്തില്‍ ആറ് മാസം പരിശീലന കാലയളവാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതിന് ശേഷം വീണ്ടും ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനത്തിന്റെ ആവശ്യമില്ലെന്നും നേരിട്ട് ജോലിക്ക് കയറാമെന്നും ബഞ്ച് പറഞ്ഞു.

 

Latest