Connect with us

ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി പി എം

കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിനെ ഇടതുപക്ഷം തുറന്നുകാണിച്ചു.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകുമെന്നാണ് വോട്ടര്‍മാരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയറ്റ്. കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെയും നിയമ നിര്‍മാണങ്ങളെയും ശക്തമായി എതിര്‍ക്കാന്‍ ഇടതുപക്ഷ സാന്നിധ്യം പാര്‍ലമെന്റില്‍ അത്യന്താപേക്ഷിതമാണെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ എല്‍ ഡി എഫിനായി. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെയും ജനജീവിതം പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളെയും വോട്ടര്‍മാ ബോധ്യപ്പെടുത്താനായി.

കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിനെ ഇടതുപക്ഷം തുറന്നുകാണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളോട് മികച്ച രീതിയിലുള്ള പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. ഈ ഘടകങ്ങളെല്ലാം പോളിങ്ങില്‍ പ്രതിഫലിക്കും. അശ്ലീലവും വ്യാജകഥകളും പ്രചരിപ്പിച്ചാണ് യു ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അവസാന നിമിഷവും കള്ളക്കഥകളെ കൂട്ടുപിടിച്ചാണ് യു ഡി എഫ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഇതിനെല്ലാം കൂട്ടായി ഒരു വിഭാഗം മാധ്യമങ്ങളും യു ഡി എഫിനും ബി ജെ പിക്കും ഒപ്പം കൂടി.

ബി ജെ പി ഭരണത്തിന് കീഴില്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളികളും ഹിന്ദുത്വ രാഷ്ട്രനിര്‍മിതിക്കുള്ള സംഘപരിവാര്‍ ശ്രമങ്ങളും ജനസമക്ഷം അവതരിപ്പിച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബി ജെ പി, യു ഡി എഫ്, മാധ്യമ അവിശുദ്ധ കൂട്ടുകളെയാണ് കേരളം ബാലറ്റിലൂടെ തൂത്തെറിയുക. എല്‍ ഡി എഫ് ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ജനം ഏറ്റെടുത്തുവെന്ന് വ്യക്തമാക്കുന്നതാകും ജൂണ്‍ നാലിന് പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലം. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും കുതന്ത്രങ്ങളെയും അധിക്ഷേപങ്ങളെയും പണക്കൊഴുപ്പിനെയും അതിജീവിച്ച് സമാധാനപൂര്‍ണമായി പ്രചാരണപ്രവര്‍ത്തങ്ങളില്‍ സജീവമാവുകയും എല്‍ ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്ത പ്രവര്‍ത്തകരെയും ബഹുജനങ്ങളെയും അഭിവാദ്യം ചെയ്യുന്നതായും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

 

 

Latest