Connect with us

From the print

സി പി എമ്മിനെ പ്രതിരോധത്തിലാക്കി ഇ പി

തനിക്കെതിരെ ഇപ്പോൾ നടക്കുന്നത് കെ സുധാകരനും ശോഭാ സുരേന്ദ്രനും നാല് മാധ്യമ പ്രവർത്തകരും ചേർന്ന് ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയാണ്.

Published

|

Last Updated

കണ്ണൂർ | പോളിംഗ് ദിനത്തിൽ സി പി എമ്മിനെയും എൽ ഡിഎഫിനെയും പ്രതിരോധത്തിലാക്കി സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. ജയരാജൻ ബി ജെ പിയിലേക്ക് വരാൻ ചർച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രനും കെ സുധാകരനും ഉന്നയിച്ച ആരോപണം വിവാദമായതിനു പിന്നാലെ പ്രകാശ് ജാവ്‌ദേകറെ താൻ കണ്ടിരുന്നുവെന്ന് ഇന്നലെ രാവിലെ ഇ പി ജയരാജൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് സി പി എമ്മിന് കനത്ത പ്രഹരമായി.

തിരുവനന്തപുരത്തെ മകന്റെ ഫ്ലാറ്റിൽ പേരക്കുട്ടിയുടെ പിറന്നാൾ ആഘോഷ ചടങ്ങിലാണ് ജാവ്‌ദേകർ നന്ദകുമാറിനൊപ്പം വന്നതെന്നായിരുന്നു വെളിപ്പെടുത്തൽ. എന്താണ് വന്നതെന്ന് ചോദിച്ചപ്പോൾ അതുവഴി കടന്നു പോകുന്പോൾ പരിചയപ്പെടാൻ വന്നതെന്നായിരുന്നു പറഞ്ഞത്. ഫ്ലാറ്റിൽ വെച്ച് രാഷ്ട്രീയം സംസാരിക്കാൻ അദ്ദേഹം ശ്രമിച്ചപ്പോൾ താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണുണ്ടായത്. ഒരാൾ വീട്ടിൽ വരുന്പോൾ ഇറങ്ങിപ്പോകാൻ പറയാൻ കഴിയില്ലല്ലോ. എന്നാൽ തനിക്കെതിരെ ഇപ്പോൾ നടക്കുന്നത് കെ സുധാകരനും ശോഭാ സുരേന്ദ്രനും നാല് മാധ്യമ പ്രവർത്തകരും ചേർന്ന് ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയാണ്.

ഞാൻ ബി ജെ പിയിലേക്ക് പോകുമെന്നതും ചർച്ച നടത്തിയെന്നതും അടിസ്ഥാന രഹിതമായ ആരോപണമാണ്. ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. സുധാകരന്റെ ബി ജെ പിയിലേക്കുള്ള പോക്കിനെ ലഘൂകരിക്കാൻ നടത്തിയ നീക്കമാണ് തനിക്കെതിരായ ആരോപണം. മകനും ശോഭയും തമ്മിൽ ബന്ധമില്ല. കല്യാണത്തിന് എറണാകുളത്ത് വന്നപ്പോൾ പരിചയപ്പെട്ടതാണ്. ശോഭയുടെ മൊബൈൽ വാങ്ങി പരിശോധിക്കണം. ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തിൽ ഞങ്ങളെ വലിച്ചിഴക്കേണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു.

ജാഗ്രതക്കുറവ്
ജയരാജന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച സി പി എം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഇ പിക്ക് ജാഗ്രതക്കുറവ് സംഭവിച്ചെന്നും ഇത്തരത്തിൽ ജാഗ്രതക്കുറവ് മുന്പും അദ്ദേഹത്തിനുണ്ടായിട്ടുണ്ടെന്നും ഇത്തരത്തിലുള്ള കൂട്ടുകെട്ടിൽപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണമായിരുന്നുവെന്നും പരസ്യമായി പ്രതികരിച്ചു. പിണറായിയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ടല്ലോ, ‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടും’ എന്ന്. ഉറക്കപ്പായയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തന്നെ ഇന്ന് ആരെ വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്ന ആളുകളുണ്ട്.

അത്തരക്കാരെ കരുതിയിരിക്കണം. എതിരാളികൾ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങൾ ലക്ഷ്യമിടുന്നത് സി പി എമ്മിനെയും എൽ ഡി എഫിനെയും സർക്കാറിനെയുമാണെന്ന് ജനത്തിനറിയാം. ഇ പി ജാവ്‌ദേകറെ കണ്ടതിൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു. ഞാൻ തന്നെ അദ്ദേഹത്തെ പലതവണ കണ്ടിരുന്നു. അടുത്തിടെ കണ്ടപ്പോൾ നിങ്ങൾ പരമാവധി ശ്രമിക്കുകയാണല്ലേ നമുക്ക് കാണാമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അത്തരത്തിൽ ആളുകളെ കാണുന്നത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഗൂഢാലോചന
ജയരാജനെതിരെയുള്ള പ്രചാരണം വർഗപരമായും രാഷ്ട്രീയമായുമുള്ള ഗൂഢാലോചനയാണെന്ന് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. നന്ദകുമാറിനെ പോലുള്ള ഫ്രോഡുകളുടെ വാക്കുകൾ മുഖവിലക്കെടുക്കരുത്. ഇതിന് ഒരു ദിവസത്തെ ആയുസ്സ് മാത്രമാണുണ്ടാകുക. കമ്മ്യൂണിസ്റ്റ് വിരുദ്ധതക്ക് പുതിയ കാരണം കണ്ടെത്തുകയാണ് ചിലർ. അതേസമയം, രാഷ്ട്രീയമായി കടുത്ത അഭിപ്രായ വ്യത്യാസമുണ്ടാകുന്പോഴും വ്യക്തികളുമായി സൗഹൃദം ഉണ്ടാകുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാരണം, ഒതുക്കാൻ ശ്രമിച്ചത്

ഇ പി ജയരാജൻ ചർച്ച നടത്തിയെന്ന തന്റെ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും പാർട്ടിക്കുള്ളിൽ ഇ പിയെ ഒതുക്കാനുള്ള ശ്രമങ്ങളുണ്ടായതാണ് ഇതിനെല്ലാം കാരണമെന്നും കെ പി സി സി പ്രസിഡന്റും കണ്ണൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായ കെ സുധാകരനും പ്രതികരിച്ചു.

തനിക്ക് കിട്ടിയ വിവരം സത്യമാണ്. ജയരാജനെ പ്രതിക്കൂട്ടിൽ കയറ്റിനിർത്തണമെന്ന് താത്പര്യമില്ല. ഞാൻ അറിഞ്ഞ യാഥാർഥ്യം പുറത്ത് പറഞ്ഞു. എനിക്കെതിരെ നിയമനടപടിയെടുക്കുമെന്നാണ് ഇ പി പറഞ്ഞിരിക്കുന്നത്. അതിന് ഒരു പ്രശ്നവുമില്ല. സത്യസന്ധമായാണ് കാര്യങ്ങൾ പറഞ്ഞത്.

ചായ കുടിക്കാൻ ഇ പിയുടെ മകന്റെ ഫ്ലാറ്റ് ചായക്കടയല്ല. ജയരാജന് ചില കൂട്ടുകെട്ടുകൾ ദോഷമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. സത്യത്തിൽ അതുതന്നെയാണ് അവർ തമ്മിലുള്ള തർക്കം. ഇ പി ജയരാജനെ പോലെ ബി ജെ പിയോട് ഏറ്റുമുട്ടി വന്ന ഒരാൾ ബി ജെപിയിലേക്ക് പോകില്ലെന്ന് മുഖ്യമന്ത്രി പറയുന്നതിന് കാരണം അദ്ദേഹത്തിന് അങ്ങിനെയേ പറയാനാകൂ എന്നതിനാലാണെന്നും സുധാകരൻ പറഞ്ഞു.
കമ്പോള താത്പര്യങ്ങളിൽ പെടരുത്

കമ്പോള മേധാവിത്വം രാഷ്ട്രീയത്തിൽ പിടിമുറുക്കുമ്പോഴാണ് ദല്ലാളന്മാർ പന പോലെ വളരുന്നതെന്നും കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളിൽ രാഷ്ട്രീയക്കാർ പെട്ടുപോകരുതെന്നും സിപി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പണത്തിന്റെയും കമ്പോളത്തിന്റെയും താത്പര്യങ്ങൾ എല്ലാ സാമൂഹിക ബന്ധങ്ങളെയും ആക്രമിക്കാൻ തുടങ്ങിയപ്പോഴാണ് ഇത്തരക്കാർക്ക് ശക്തിയുണ്ടായത്. പല പാർട്ടികളിലും അവർ സുഹൃത്തുക്കളെ കണ്ടുപിടിക്കാനും ബന്ധങ്ങളുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. അത്തരക്കാരുടെ കരു നീക്കങ്ങൾക്കെതിരെ ഇടതുപക്ഷം കൂടുതൽ ജാഗ്രത പാലിക്കണം. വലതുപക്ഷത്തിന് സ്വീകാര്യമായ എല്ലാ ബന്ധങ്ങളും സൗഹൃദങ്ങളും കെട്ടുപാടുകളും ഇടതുപക്ഷക്കാർക്ക് പറ്റുന്നതല്ല. ബോധപൂർവം ഇതിൽ നിന്നെല്ലാം മാറി നിൽക്കാൻ ഇടതുപക്ഷ പ്രവർത്തകർ കടപ്പെട്ടവരാണെന്നും ബിനോയ് വിശ്വം പറഞ്ഞു.