National
താമര മതചിഹ്നം; മതചിഹ്ന കേസില്‍ ബിജെപിയെ കക്ഷി ചേര്‍ക്കണമെന്ന് സുപ്രീം കോടതിയില്‍ മുസ്ലിം ലീഗ്
ബിജെപിയുടെ ചിഹ്നമായ താമര മതചിഹ്നമായതിനാല്‍ കക്ഷി ചേര്‍ക്കണമെന്നാണ് ലീഗിന്റെ ആവശ്യം
ന്യൂഡല്‍ഹി | താമര ഹിന്ദു-ബുദ്ധ മതങ്ങളുടെ ചിഹ്നമെന്ന് മുസ്ലിം ലീഗ്. മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണമെന്ന ഹരജിയില്‍ ബിജെപിയെ കക്ഷിചേര്‍ക്കണമെന്ന് മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍. ബിജെപിയുടെ ചിഹ്നമായ താമര മതചിഹ്നമായതിനാല്‍ കക്ഷി ചേര്‍ക്കണമെന്നാണ് ലീഗിന്റെ ആവശ്യം. കക്ഷിചേര്‍ത്തില്ലെങ്കില്‍ ഹരജി തളളണമെന്നും ലീഗ് കോടതിയില്‍ വാദിച്ചു.
ബിജെപിയുടെ ചിഹ്നം താമര ആണ്, അത് ഒരു മത ചിഹ്നമാണ്. താമര ലക്ഷ്മി ദേവിയുടെ ഇരിപ്പിടമാണ്. വിഷ്ണു, ബ്രഹ്മാവ്, ശിവന്‍ എന്നിവയുമായി താമര ബന്ധപ്പെട്ടിരിക്കുന്നുവെന്നും ലീഗിന്റെ അപേക്ഷയില്‍ പറയുന്നു. കൂടാതെ ശിവസേന, ശിരോമണി അകാലിദള്‍, ഹിന്ദു സേന, ഹിന്ദു മഹാസഭ, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് ഫ്രണ്ട്, ഇസ്ലാം പാര്‍ട്ടി ഹിന്ദ് തുടങ്ങിയ 26 കക്ഷികളെ കേസില്‍ പ്രതികളാക്കണമെന്നും ലീഗ് കോടതിയോട് ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശ് ശിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യിദ് വസീം റിസ്വിയാണ് ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മതവുമായി ബന്ധപ്പെട്ട പേരും ചിഹ്നവും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും കേസില്‍ കക്ഷി ചേര്‍ക്കാന്‍ പരാതിക്കാരനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്, ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല് മുസ്ലിമീന്‍ എന്നീ പാര്‍ട്ടികളെ മാത്രമാണ് കേസില്‍ കക്ഷി ചേര്‍ത്തത്. തുടര്‍ന്നാണ് മുസ്ലിംലീഗ് ബി ജെ പിയെയും കക്ഷി ചേര്‍ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഹര്‍ജി അടുത്ത മാസം പരിഗണിക്കുന്നതിനായി സുപ്രീംകോടതി മാറ്റി.



