Connect with us

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് ഉജ്ജ്വല വിജയം നേടും; കെസി വേണുഗോപാല്‍

സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്നും കെസി വേണുഗോപാല്‍

Published

|

Last Updated

തിരുവനന്തപുരം|തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്രത്യേകം പ്രകടനപത്രികകള്‍ ഉണ്ടാവും. യുഡിഎഫില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. തര്‍ക്കം ഉള്ള ഇടങ്ങളിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും വര്‍ഗീയ കക്ഷികളുമായി ഒരുതരത്തിലുള്ള ബന്ധമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ തട്ടിപ്പുകള്‍ ജനങ്ങള്‍ തിരിച്ചറിയും. ശബരിമല സ്വര്‍ണ്ണക്കൊള്ള ഉള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി നടക്കും. ഡിസംബര്‍ 9, 11 തിയ്യതികളിലായാണ് വോട്ടെടുപ്പ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 11 ന് ആയിരിക്കും വോട്ടെടുപ്പ്. സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാനാണ് പ്രഖ്യാപനം നടത്തിയത്. അന്തിമ വോട്ടര്‍ പട്ടിക വെള്ളിയാഴ്ച നിലവില്‍ വരും. ആകെ 2,84,30,761 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 2,841 പേര്‍ പ്രവാസി വോട്ടര്‍മാരാണ്. 1200 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 23,576 വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കണ്‍ട്രോള്‍ യൂണിറ്റുകളുമുണ്ടാകും. 1249 റിട്ടേണിങ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക. സുരക്ഷക്കായി 70,000 പോലീസുകാരെയും നിയോഗിക്കും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക.

തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നുവെന്നും ജാതി മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്നും ഔദ്യോഗിക സ്ഥാനം പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കാന്‍ ജില്ലാ തല സമിതിയെ നിയോഗിക്കും. മാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. പ്രശ്നബാധിത ബൂത്തുകളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തും. വോട്ടെടുപ്പിന് വെബ് കാസ്റ്റിങ് നടത്തും. പ്രചാരണ സമയത്ത് രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല. ഒരോ ജില്ലകളിലും നിരീക്ഷകരെ വെക്കും. തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകള്‍ നിരീക്ഷിക്കും. ഹരിത ചട്ടം പാലിച്ചായിരിക്കണം പ്രചാരണം നടത്തേണ്ടത്.

 

---- facebook comment plugin here -----

Latest