Uae
യു എ ഇയിൽ വായ്പാ പലിശ നിരക്ക് കുറച്ചു
പ്രവാസികൾക്കും ഗുണകരമാവും
ദുബൈ|യു എ ഇ സെൻട്രൽ ബേങ്ക് പലിശ നിരക്കുകൾ കുറച്ചതോടെ വായ്പാ തിരിച്ചടവിൽ ഉപഭോക്താക്കൾക്ക് ആശ്വാസമാകും. ഓവർനൈറ്റ് ഡെപ്പോസിറ്റ് ഫെസിലിറ്റിയുടെ അടിസ്ഥാന നിരക്ക് 3.90 ശതമാനത്തിൽ നിന്ന് 3.65 ശതമാനമായാണ് കുറച്ചത്. 25 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. യു എ ഇ ദിർഹം യു എസ് ഡോളറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ അമേരിക്കൻ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങൾക്ക് അനുസൃതമായാണ് യു എ ഇയും മാറ്റങ്ങൾ വരുത്തുന്നത്. ഈ വർഷം തുടർച്ചയായ മൂന്നാമത്തെ നിരക്കിളവാണിത്.
നിലവിൽ മോർട്ട്‌ഗേജ് നിരക്കുകൾ 3.49 ശതമാനത്തിനും 4.75 ശതമാനത്തിനും ഇടയിലാണ്. വ്യക്തിഗത വായ്പകൾക്ക് ശരാശരി മൂന്ന് ശതമാനം മുതൽ ഒമ്പത് ശതമാനം വരെയാണ്. പുതിയ തീരുമാനത്തോടെ ഈ നിരക്കുകൾ ഇനിയും കുറയും. ദുബൈയിലും അബൂദബിയിലും വാടക ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പയെടുത്ത് സ്വന്തമായി വീട് വാങ്ങുന്നത് ലാഭകരമാകും. 20 ലക്ഷം ദിർഹമിന്റെ ഭവന വായ്പ നാല് ശതമാനം പലിശ നിരക്കിലാണെങ്കിൽ പ്രതിമാസം 10,550 ദിർഹമാണ് തിരിച്ചടവ് വരിക. ഇത് അഞ്ച് ശതമാനം നിരക്കിലാണെങ്കിൽ 11,700 ദിർഹമാകും.
പലിശ നിരക്കിലെ ഒരു ശതമാനം മാറ്റം പോലും പ്രതിമാസം 1,150 ദിർഹത്തിന്റെ ലാഭം നൽകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ഈ വർഷം മൊത്തം 75 ബേസിസ് പോയിന്റ് കുറവ് രേഖപ്പെടുത്തി. ഭവന, വ്യക്തിഗത വായ്പകൾക്കുള്ള മാനദണ്ഡമായി ഉപയോഗിക്കുന്ന മൂന്ന് മാസത്തെ എയ്‌ബോർ നിരക്കിലും ഇത് പ്രതിഫലിക്കും. നിലവിൽ വായ്പയുള്ളവർക്ക് കുറഞ്ഞ പലിശ നിരക്കിലേക്ക് വായ്പ മാറ്റാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.


