Connect with us

book review

അനാഥത്വത്തിന്റെ ഉപ്പുകാറ്റും കടന്ന വരികൾ

അനാഥരായ കുട്ടികളുടെ ചിന്തയിലൂടെ, സംഭാഷണത്തിലൂടെ പുഴക്കുട്ടി മുന്നോട്ടു നീങ്ങുമ്പോൾ സ്വപ്നങ്ങൾ കീഴ്‌മേൽ മറിഞ്ഞവരുടെ ഒരു ലോകത്തെയാണ് എഴുത്തുകാരൻ തുറന്നിടുന്നത്. സ്വപ്നങ്ങളുടെയും ഭാവനയുടെയും മേഘദൂരങ്ങളിലേക്ക് എടുത്തുയർത്തപ്പെടുന്നതല്ല നോവലിലെ വിഷയം. അത്യധികം കാലികപ്രസക്തവും ശ്രദ്ധിക്കപ്പെടേണ്ട ചില ചിന്തകളും ചോദ്യങ്ങളും അത് ഉയർത്തുന്നുണ്ട്.

Published

|

Last Updated

സ്്ലാമിക ദർശനത്തിൽ അനാഥ സംരക്ഷണം സമൂഹത്തിന്റെ ഔദാര്യമല്ല, നിർബന്ധ ബാധ്യതയാണ്. ഇരുപത്തിരണ്ടോളം സ്ഥലങ്ങളിൽ വിശുദ്ധ ഖുർആൻ അനാഥകളെ സംബന്ധിച്ച് പരാമർശിക്കുന്നുണ്ട്. അതിലേറെയാണ് നബിയോരുടെ വാക്കുകൾ. അനാഥരെ അവഗണിക്കുന്നതും സംരക്ഷിക്കാതിരിക്കുന്നതും മതനിഷേധമാണെന്നാണ് ഖുർആൻ ഭാഷ്യം. അനാഥ മക്കളുടെ സാന്നിധ്യത്തിൽ സ്വന്തം കുട്ടികളെ ലാളിക്കുന്നതും ഓമനിക്കുന്നതും റസൂലുല്ലാഹി (സ) വിലക്കിയിട്ടുണ്ട്.

അനാഥ സംരക്ഷണത്തിന് മരണാനന്തര ജീവിതത്തിൽ മഹത്തായ പ്രതിഫലമാണ് ഇസ്്ലാം കൽപ്പിക്കുന്നത്. അവരെ തലോടുന്നതും സ്‌നേഹിക്കുന്നതും മഹത്വമേറിയ വിശുദ്ധ കർമമാണെന്ന് വാക്കുകളിലൂടെയും പ്രായോഗിക മാതൃകകളിലൂടെയും പഠിപ്പിക്കുന്നു, പ്രവാചകർ (സ). “ഏറ്റവും ഉത്തമമായ മാർഗത്തിലൂടെയല്ലാതെ നിങ്ങൾ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്. അവർക്ക് കാര്യപ്രാപ്തി എത്തുന്നതുവരെ അവരുടെ രക്ഷാകർത്തൃത്വം നിങ്ങളേറ്റെടുക്കുകയും വേണം’ അല്ലാഹു കൽപ്പിക്കുന്നു. (6/ 152)

എങ്ങനെയാണ് മാനുഷിക മൂല്യങ്ങൾ അനുവാചക ഹൃദയങ്ങളിൽ ഒട്ടിപ്പിടിച്ചു നിൽക്കുകയെന്ന് കാണിച്ചുതരുന്ന അനേകം കലാസൃഷ്ടികളുണ്ടായിട്ടുണ്ട്, മലയാളത്തിലും ഇതര ഭാഷകളിലും. ഒരു കാര്യത്തെ സംഭവമായും സങ്കൽപ്പ മായും ആവിഷ്‌കരിക്കുക. അതിശയിപ്പിക്കുന്ന രീതിയിൽ അതിനെ വായനക്കാരന് സമർപ്പിക്കുക. ആസ്വാദന മികവിൽ ശ്രദ്ധിക്കപ്പെടുക. ഇങ്ങനെ എത്രയെത്ര കഥകളും മറ്റു കലാരൂപങ്ങളും നമ്മെ കരയിപ്പിച്ചിരിക്കുന്നു!
താനനുഭവിച്ച അസ്വസ്ഥതകളെ ആവിഷ്‌കരിച്ചിരിക്കുന്നു പുഴക്കുട്ടി എന്ന നോവലിൽ രചയിതാവ് മുക്താർ ഉദരംപൊയിൽ. ആർദ്രമായി പറയുന്നതുകൊണ്ടാകാം, വായനയിലൂടെ കടന്നുപോകുമ്പോൾ കണ്ണുകളറിയാതെ സജലമാകുന്നു. എഴുത്തുകാരന്റെ അനുഭവം നമ്മുടെതായി മാറുന്നു.

“പുഴക്കുട്ടി’യിലൂടെ എഴുത്തുകാരൻ നമ്മുടെ ഇടനെഞ്ചിലേക്ക് കോരിയിടുന്ന ഒരു തീകഷ്ണമുണ്ട്. “ഞാനും നീയും യത്തീമാകാതിരുന്നത് നമ്മുടെ സാമർഥ്യം കൊണ്ടല്ല, അല്ലാഹുവിന്റെ കാരുണ്യം മാത്രമാണ്’ എന്നൊരു ഓർമപ്പെടുത്തലാണത്. മരണം അല്ലാഹുവിന്റെ നിശ്ചയമാണ്. ജീവിച്ചിരിക്കുന്നവർക്കുള്ള ഒരു ഇലാഹീ പരീക്ഷണമാണ് അനാഥരാകുന്ന കുഞ്ഞുങ്ങൾ. വായനയിലുടനീളം ഇതുപോലുള്ള ചിന്തകൾ നമ്മെ ആഞ്ഞുകൊത്തുന്നു. വായിച്ചു തീർന്നിട്ടും വിടാതെ പിന്തുടരുന്നു ഇതിലെ കഥാപാത്രങ്ങൾ. കണ്ണടച്ചിട്ടും യത്തീംമക്കൾ കൺ മുന്പിലിരുന്ന് പൊട്ടിക്കരയുന്ന ഒരനുഭവം.

അനാഥരായ കുട്ടികളുടെ ചിന്തയിലൂടെ, സംഭാഷണത്തിലൂടെ പുഴക്കുട്ടി മുന്നോട്ടു നീങ്ങുമ്പോൾ സ്വപ്നങ്ങൾ കീഴ്‌മേൽ മറിഞ്ഞവരുടെ ഒരു ലോകത്തെയാണ് എഴുത്തുകാരൻ തുറന്നിടുന്നത്. സ്വപ്നങ്ങളുടെയും ഭാവനയുടെയും മേഘദൂരങ്ങളിലേക്ക് എടുത്തുയർത്തപ്പെടുന്നതല്ല നോവലിലെ വിഷയം. അത്യധികം കാലികപ്രസക്തവും ശ്രദ്ധിക്കപ്പെടേണ്ട ചില ചിന്തകളും ചോദ്യങ്ങളും അത് ഉയർത്തുന്നുണ്ട്.

ഒഴുക്കുള്ള എഴുത്തും അയത്‌നലളിതമായ ശൈലിയുമാണ് “പുഴക്കുട്ടി’യുടെ പ്രത്യേകത. മികച്ച ഭാഷയിൽ ഒരു വൃത്തത്തിനുള്ളിൽ ഒരുപാട് വൈകാരിക ഭാവങ്ങളെ തളച്ചിട്ട്, അതിൽ ജീവിതവീക്ഷണവും കിടയറ്റ ചിന്തയും ഒളിപ്പിച്ചുവെക്കുന്നു രചയിതാവ്. മനുഷ്യന്റെ ഭോഗവും മിഥ്യാഭിമാനവും അനാഥാവസ്ഥയുടെ വിഭിന്ന ഭാവങ്ങളുമുള്ള ഈ നോവൽ കണ്ണു നനയാതെ വായിച്ചുതീർക്കുക അസാധ്യം. മാതൃഭൂമി ബുക്‌സാണ് പ്രസാധകർ. 150 പേജുള്ള പുസ്തകത്തിന്റെ വില 260 രൂപ.

Latest