Connect with us

Kerala

ലീലാവതി ടീച്ചറുടേത് മനുഷ്യസ്‌നേഹിയുടെ ഹൃദയത്തില്‍ നിന്ന് വന്ന വാക്കുകള്‍; സൈബര്‍ ആക്രമണത്തെ അപലപിച്ച് മന്ത്രി ശിവന്‍കുട്ടി

ടീച്ചറുടെ പ്രതികരണത്തെ നിന്ദ്യമായ ഭാഷയില്‍ ആക്രമിക്കുന്നവര്‍ കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെയും നന്മയെയും ചോദ്യം ചെയ്യുകയാണ്.

Published

|

Last Updated

തിരുവനന്തപുരം | ഗസ്സായിലെ പട്ടിണിയിലായ കുഞ്ഞുങ്ങളെ കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രൊഫ. എം ലീലാവതിക്കെതിരെ സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുയരുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 98 വയസ്സ് പിന്നിട്ട, മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും അതുല്യമായ സംഭാവനകള്‍ നല്‍കിയ മഹദ്‌വ്യക്തിത്വമാണ് ലീലാവതി ടീച്ചറെന്ന് മന്ത്രി പറഞ്ഞു. ഗസ്സായിലെ കുട്ടികള്‍ വിശന്നിരിക്കുമ്പോള്‍ തനിക്ക് ഓണമുണ്ണാന്‍ തോന്നുന്നില്ല എന്ന അവരുടെ വാക്കുകള്‍ ഒരു മനുഷ്യസ്‌നേഹിയുടെ നന്മ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് വന്നതാണെന്നും മന്ത്രി എഫ് ബിയില്‍ കുറിച്ചു.

ടീച്ചറുടെ പ്രതികരണത്തെ നിന്ദ്യമായ ഭാഷയില്‍ ആക്രമിക്കുന്നവര്‍ കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെയും നന്മയെയും ചോദ്യം ചെയ്യുകയാണ്. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.

മന്ത്രി ശിവന്‍കുട്ടിയുടെ എഫ് ബി കുറിപ്പ്:

ഡോ. എം.ലീലാവതി ടീച്ചറിനെതിരെയുള്ള സൈബര്‍ ആക്രമണം അപലപനീയം.
മലയാളത്തിന്റെ എഴുത്തമ്മയായ ഡോ. എം. ലീലാവതി ടീച്ചര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. 98 വയസ്സ് പിന്നിട്ട, നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും അതുല്യമായ സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തിത്വമാണ് ടീച്ചര്‍. ഗാസയിലെ കുട്ടികള്‍ വിശന്നിരിക്കുമ്പോള്‍ തനിക്ക് പിറന്നാളിന് ഉണ്ണാന്‍ തോന്നുന്നില്ല എന്ന് അവര്‍ പറഞ്ഞത്, ഒരു മനുഷ്യസ്‌നേഹിയുടെ നന്മ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് വന്ന വാക്കുകളാണ്.

അത്തരം വാക്കുകളെപ്പോലും നിന്ദ്യമായ ഭാഷയില്‍ സൈബര്‍ ലോകത്ത് ആക്രമിക്കുന്നവരുടെ പ്രവൃത്തി കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെയും നന്മയെയും ചോദ്യം ചെയ്യുന്നതാണ്. അധ്യാപിക, നിരൂപക, എഴുത്തുകാരി എന്നീ നിലകളില്‍ ലീലാവതി ടീച്ചര്‍ മലയാളത്തിന് നല്‍കിയ സംഭാവനകള്‍ക്ക് കേരളം എന്നും കടപ്പെട്ടിരിക്കുന്നു. ലീലാവതി ടീച്ചറെ പോലുള്ളവരെ ആദരിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മലയാളിയുടെയും കടമയാണ്. ഇങ്ങനെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

 

 

---- facebook comment plugin here -----

Latest