Articles
അകകണ്ണുകൊണ്ട് നേടിയ ജീവിത വിജയം
ജന്മനാ അന്ധനാണ് ശ്രീകാന്ത് ബൊല്ല. അമേരിക്കയിലെ പ്രശസ്തമായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് പഠിച്ചിറങ്ങിയ ലോകത്തിലെ ആദ്യ അന്ധവിദ്യാര്‍ത്ഥിയാണ്

അമരാവതി| ശ്രീകാന്ത് ബൊല്ലയെന്ന യുവാവിന്റെ ജീവിത വിജയമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ജന്മനാ അന്ധനാണ് ശ്രീകാന്ത് ബൊല്ല. ജനിച്ചതും വളര്‍ന്നതും ദരിദ്ര കുടുംബത്തില്‍. ശ്രീകാന്ത് ജനിച്ചയുടന്‍ തന്നെ അവനെ അനാഥാലയത്തില്‍ കൊണ്ടുവിടാന്‍ മാതാപിതാക്കളോട് പലരും ഉപദേശിച്ചു. കണ്ണുകാണാത്ത പയ്യന്‍ കുടുംബത്തിന് ഭാരമാകുമെന്നും അവനെ കൊല്ലുന്നതാകും നല്ലതെന്നും രക്ഷിതാക്കളോട് പലരും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍, അവനെ നൊന്തുപ്രസവിച്ച അമ്മയും ഏറെ സ്‌നേഹിക്കുന്ന അച്ഛനും അതിന് തയാറായില്ല. പകരം അവര്‍ മകനെ സ്‌കൂളില്‍ ചേര്‍ത്തു. എന്നാല്‍ സ്‌കൂളിലും ശ്രീകാന്ത് എപ്പോഴും അവഗണിക്കപ്പെട്ടു. അധ്യാപകര്‍ അവനില്‍ പ്രതീക്ഷയര്‍പ്പിക്കാതെ ഏറ്റവും പിന്നിലുള്ള ബെഞ്ചില്‍ ഇരുത്തി. എന്നാല്‍ ഈ അവഗണനയും അപമാനവും പഠനത്തെ ബാധിക്കാതെ ആത്മവിശ്വാസത്തോടെ ശ്രീകാന്ത് ഉയരങ്ങള്‍ സ്വപ്‌നം കണ്ടു. വാശിയോടെ പഠനം പൂര്‍ത്തിയാക്കി. അമേരിക്കയിലെ പ്രശസ്തമായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് പഠിച്ചിറങ്ങിയ ലോകത്തിലെ തന്നെ ആദ്യ അന്ധവിദ്യാര്‍ത്ഥിയായി അവന്‍ മാറി. ഇപ്പോള്‍ നൂറ് കോടി വിറ്റുവരവുള്ള കമ്പനിയുടെ ഉടമയാണ് ശ്രീകാന്ത്.
ആന്ധ്രാപ്രദേശിലെ സീതാരാമപുരം ഗ്രാമത്തിലാണ് ശ്രീകാന്ത് ജനിച്ചത്. അച്ഛന്‍ ദാമോദര്‍ റാവു. അമ്മ വെങ്കിടമ്മ. ഒരു കര്‍ഷക കുടുംബമായിരുന്നു ശ്രീകാന്തിന്റേത്. ശ്രീകാന്ത് ഇന്ന് പൊരുതി നേടിയ വിജയത്തിന് പിന്നില്‍ മാതാപിതാക്കളുടെ പ്രാര്‍ത്ഥനയും പ്രയത്‌നവുമാണ്. ആറു വയസ്സുള്ളപ്പോള്‍ ശ്രീകാന്ത് എല്ലാ ദിവസവും കിലോമീറ്ററുകള്‍ നടന്നായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. മഴക്കാലത്ത് ചെളി നിറഞ്ഞ വഴിയിലൂടെ പ്രയാസപ്പെട്ടുള്ള യാത്ര. അന്നൊന്നും ആരും അവനെ സഹായിക്കുകയോ, കൂട്ടുകൂടുകയോ ചെയ്തിരുന്നില്ല. ദരിദ്രരാണെന്ന കാരണത്താല്‍ ആര്‍ക്കും ആ കുടുംബത്തെ വേണ്ടായിരുന്നു.
എട്ടു വയസ്സ് പൂര്‍ത്തിയായപ്പോള്‍ അന്ധരായ കുട്ടികള്‍ക്കുള്ള ബോര്‍ഡിംഗ് സ്‌കൂളില്‍ ശ്രീകാന്തിന് പ്രവേശനം ലഭിച്ചു. അവന്റെ വീട്ടില്‍ നിന്ന് 400 കിലോമീറ്റര്‍ ദൂരെയാണ് സ്‌കൂള്‍. അവിടെ അവന്‍ താമസമാക്കി. കൂട്ടിന് മാതാപിതാക്കള്‍ ഇല്ലെങ്കിലും ശ്രീകാന്ത് സന്തോഷവാനായിരുന്നു. നീന്തല്‍, ചെസ്സ്, ക്രിക്കറ്റ് എന്നിവയെല്ലാം അവിടെ നിന്ന് പഠിച്ചു. ഒരു എഞ്ചിനീയറാകണമെന്നതായിരുന്നു ശ്രീകാന്തിന് ആഗ്രഹം. അതിനായി ശാസ്ത്രവും ഗണിതവും പഠിക്കേണ്ടതുണ്ട്. ആന്ധ്രാപ്രദേശിലെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എജ്യുക്കേഷനാണ് ശ്രീകാന്തിന്റെ സ്‌കൂള്‍ നടത്തുന്നത്. അന്ധരായ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ കല, ഭാഷ, സാഹിത്യം, സാമൂഹിക ശാസ്ത്രം എന്നിവ പഠിക്കാമെങ്കിലും, ശാസ്ത്രവും ഗണിതവും പഠിപ്പിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല.
സ്‌കൂളിന്റെ ഈ വിചിത്ര നിയമം ശ്രീകാന്തിനെ നിരാശനാക്കി. അവന്റെ അധ്യാപികമാരില്‍ ഒരാളായ സ്വര്‍ണ്ണലത തക്കിലപതി ഇതിനെതിരെ കേസ് കൊടുക്കാന്‍ അവനെ പ്രോത്സാഹിപ്പിച്ചു. ഇരുവരും കേസ് വാദിക്കാന്‍ ആന്ധ്രാപ്രദേശിലെ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡിനെ സമീപിച്ചു. എന്നാല്‍ ഒന്നും ചെയ്യാന്‍ ബോര്‍ഡ് തയ്യാറായില്ല. പിന്നീട് അവര്‍ ഒരു അഭിഭാഷകനെ കണ്ടെത്തി. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പിന്തുണയോടെ, അന്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് കണക്കും സയന്‍സും പഠിക്കാന്‍ അനുവദിക്കുന്ന വിദ്യാഭ്യാസ നിയമത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തു. കേസ് വലിയ ചര്‍ച്ചയായി. ആറ് മാസത്തിന് ശേഷം കോടതി വിധി ശ്രീകാന്തിന് അനുകൂലമായി വന്നു. അങ്ങനെ ആന്ധ്രാപ്രദേശിലെ എല്ലാ സ്റ്റേറ്റ് ബോര്‍ഡ് സ്‌കൂളുകളിലും അന്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സും ഗണിതവും പ്രധാന വിഷയമായി പഠിക്കാമെന്ന് കോടതി വിധിച്ചു.
ശ്രീകാന്ത് ഉടന്‍ സംസ്ഥാന ബോര്‍ഡ് സ്‌കൂളില്‍ തിരിച്ചെത്തി. പരീക്ഷകളില്‍ ശരാശരി 98 ശതമാനം വിജയം നേടി പാസ്സായി. തുടര്‍ന്ന് ഇന്ത്യയിലെ പ്രശസ്തമായ എഞ്ചിനീയറിംഗ് കോളജുകളില്‍ പ്രവേശനത്തിനായി ശ്രമിച്ചു. പ്രവേശന പരീക്ഷകള്‍ക്ക് മുമ്പായി കോച്ചിംഗ് സെന്ററുകളില്‍ പ്രവേശനത്തിന് പോയെങ്കിലും ആരും അവനെ സ്വീകരിച്ചില്ല. നിരാശനാകാതെ അമേരിക്കയിലെ സര്‍വ്വകലാശാലകളില്‍ അപേക്ഷിക്കാന്‍ ശ്രീകാന്ത് തീരുമാനിച്ചു. മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജില്‍ എംഐടിയില്‍ അവന് പ്രവേശനം ലഭിച്ചു. അവിടുത്തെ ആദ്യത്തെ അന്തര്‍ദേശീയതലത്തിലുള്ള അന്ധ വിദ്യാര്‍ത്ഥിയായി ശ്രീകാന്ത് മാറി. പിന്നീട് മാനേജ്മെന്റ് സയന്‍സില്‍ ബിരുദം നേടി നാട്ടിലേയ്ക്ക് മടങ്ങി.
2012-ല്‍ ഹൈദരാബാദിലെത്തിയ ശ്രീകാന്ത് ബൊല്ലന്റ് ഇന്‍ഡസ്ട്രീസ് സ്ഥാപിച്ചു. വീണുകിടക്കുന്ന ഈന്തപ്പനയുടെ ഇലകളില്‍ നിന്ന് കോറഗേറ്റഡ് പാക്കേജിംഗ് പോലുള്ള പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായിരുന്നു ബൊല്ലന്റ് ഇന്‍ഡസ്ട്രീസ്. ശ്രീകാന്തിന്റെ കഠിനാധ്വാനത്താല്‍ കമ്പനി പൊടുന്നനെ വളര്‍ന്നു. 20 ശതമാനം പ്രതിമാസ ശരാശരി വളര്‍ച്ചയോടെ 2018 വരെ 150 കോടി രൂപയുടെ ബിസിനസ്സ് കമ്പനി നടത്തി. ഇപ്പോള്‍ ശ്രീകാന്തിന് അഞ്ച് നിര്‍മ്മാണ യൂണിറ്റുകള്‍ ഉണ്ട്. അതില്‍ 650 ല്‍ അധികം ഭിന്നശേഷിക്കാരും മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരും ജോലി ചെയ്യുന്നു.
2017ല്‍, ഫോബ്സ് 30 അണ്ടര്‍ 30 ഏഷ്യാ ലിസ്റ്റിലെ മൂന്ന് ഇന്ത്യക്കാരില്‍ ഒരാളായി ശ്രീകാന്ത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2016 -ലെ സിഐഐ എമര്‍ജിംഗ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍, ഇസിഎല്‍ഐഎഫ് മലേഷ്യ എമര്‍ജിംഗ് ലീഡര്‍ഷിപ്പ് അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ ശ്രീകാന്തിന് ലഭിച്ചിട്ടുണ്ട്.