Connect with us

Career Education

പഠിക്കാം മാധ്യമ പ്രവർത്തനം

കോമൺ യൂനിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് വഴി സെൻ്ട്രൽ യൂനിവേഴ്സിറ്റിയിൽ ഉൾപ്പെടെ അഡ്മിഷൻ നേടാം

Published

|

Last Updated

പ്ലസ്ടുവിന് ശേഷം മാധ്യമ രംഗത്ത് പ്രവർത്തിക്കണമെന്നാണ് ആഗ്രഹം എന്താണ് അതിന് പഠിക്കേണ്ടത്..?
മുഹമ്മദ് ഷാമിൽ, തൃശൂർ

പൊതുസമൂഹത്തിലും സർക്കാർ, സർക്കാർ ഇതര മേഖലകളിലും നടക്കുന്ന വിവരങ്ങൾ പ്രേക്ഷകർക്ക്/ സമൂഹത്തിനെത്തിക്കുന്ന പ്രക്രിയയെയാണ് മാസ് കമ്മ്യൂണിക്കേഷൻ അഥവാ ബഹുജന ആശയവിനിമയം എന്ന് വിശേഷിപ്പിക്കുന്നത്. ഈ വിനിമയം വളരെ കൃത്യതയോടെയും സത്യസന്ധതയോടെയും വിവിധ മാധ്യമങ്ങളിലൂടെയാണ് നിവൃത്തിക്കപ്പെടുന്നത്. പത്രങ്ങൾ, മാഗസിനുകൾ, ജേണലുകൾ, തുടങ്ങിയ അച്ചടി മാധ്യമങ്ങൾ, ടെലിവിഷൻ, റേഡിയോ, സിനിമ തുടങ്ങിയ ഇലക്ട്രോണിക് പ്രക്ഷേപണ മാധ്യമങ്ങൾ, ഫേസ്ബുക്ക്, ട്വിറ്റർ, വാട്‌സ്ആപ്പ്, ഇമെയിൽ, തുടങ്ങിയ ഡിജിറ്റൽ ന്യൂ മീഡിയാ മാധ്യമങ്ങൾ, പോസ്റ്ററുകൾ, ബാനർ, ബിൽ ബോർഡ്, തുടങ്ങിയ ഔട്ട്‌ഡോർ ട്രാൻസിറ്റ് മീഡിയകൾ ഇവയെല്ലാം അതിൽ പെടുന്നു. താത്പര്യത്തിനും കഴിവിനും മികവിനും അനുസരിച്ച് ഈ മേഖലകളിൽ ഏതിലും പ്രവർത്തിക്കാം.

ഓരോ മേഖലകളിലേക്കും അതിൻ്റെതായ യോഗ്യതകളും പരിശീലനങ്ങളും നേടി അഗ്രഗണ്യൻ ആവാം. മാധ്യമപ്രവർത്തകർക്ക് സമൂഹത്തിലെ സ്വീകാര്യത മറ്റ് മേഖലകളിൽ ഉള്ളതിനേക്കാൾ കൂടുതലാണ്. ഓരോ വർഷവും നിരവധി പുതിയ ചാനലുകളും മീഡിയാ കമ്പനികളും സോഷ്യൽ മീഡിയാ നെറ്റ്‌വർക്കുകളും ആരംഭിക്കുന്നതോടെ സമീപ വർഷങ്ങളിൽ ബഹുജന ആശയവിനിമയ വ്യവസായം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. പൊതുജനാഭിപ്രായം മാനിച്ച് ശുദ്ധവും സംക്ഷിപ്തവും വസ്തുതാപരവുമായ വിവരങ്ങൾ സത്യസന്ധമായും സന്തുലിതമായും അവതരിപ്പിക്കുക എന്ന മാധ്യമപ്രവർത്തകൻ്റെ കർമ മേഖല വെല്ലുവിളികൾ നിറഞ്ഞതാണ്.

പ്ലസ്ടുവിന് ശേഷം ഡിഗ്രി തലത്തിൽ ബി എ ജേണലിസം, മാസ് മീഡിയ, സ്‌ക്രിപ്റ്റ് റൈറ്റിംഗ്, കൺവെർജൻ്റ് ജേണലിസം, അഡ്വർടൈസിംഗ്, മൾട്ടിമീഡിയ, വിഷ്വൽ കമ്മ്യൂണിക്കേഷൻ തുടങ്ങിയവ പ്രധാന വിഷയങ്ങളായി തിരഞ്ഞെടുക്കുകയോ, ഭാഷയിൽ ബിരുദം എടുത്തതിന് ശേഷം പി ജി ഡിപ്ലോമകൾ, ബിരുദാനന്തര ബിരുദത്തിൽ മേൽപ്പറഞ്ഞ വിഷയങ്ങൾ തിരഞ്ഞെടുക്കുകയോ ആവാം. നേരത്തേ തന്നെ തൻ്റെ മേഖലകൾ തിരിച്ചറിഞ്ഞ് ആവശ്യമായ നൈപുണികളും പരിചയസമ്പത്തും വർധിപ്പിക്കുന്നതിന് വർക്ക്ഷോപ്പുകളിലും സെമിനാറുകളിലും പങ്കെടുക്കുകയും സ്വന്തമായി അവതരിപ്പിക്കുകയും ചെയ്യാം. സി യു ഇ ടി യു ജി വഴി ഡിഗ്രി തല കോഴ്‌സുകളിലേക്കും സി യു ഇ ടി പി ജി വഴി ബിരുദാനന്തര ബിരുദ തല കോഴ്‌സുകളിലേക്കും സെൻട്രൽ യൂനിവേഴ്‌സിറ്റികളിൽ പ്രവേശനം നേടാം. മറ്റ് സ്ഥാപനങ്ങൾ അവരുടെ പ്രവേശന പരീക്ഷ വഴിയും യോഗ്യതാ പരീക്ഷയുടെ മാർക്കിൻ്റെ അടിസ്ഥാനത്തിലും പ്രവേശനം നൽകിവരുന്നു.

കോമൺ യൂനിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് വഴി യൂനിവേഴ്‌സിറ്റി ഓഫ് ഡൽഹി, ഇംഗ്ലീഷ് ഫോറിൻ ലാംഗ്വേജ് യൂനിവേഴ്‌സിറ്റി, സെൻട്രൽ യൂനിവേഴ്‌സിറ്റി ഝാർഖണ്ഡ്, ഗുരു കാശിദാസ് വിശ്വവിദ്യാലയം, ഹേമാവതി നന്ദൻ ബഹുഗുൺ അഗർവാൾ യൂനിവേഴ്‌സിറ്റി, ഇന്ദിരാഗാന്ധി നാഷനൽ ട്രൈബൽ യൂനിവേഴ്‌സിറ്റി, മൗലാന ആസാദ് നാഷനൽ ഉറുദു യൂനിവേഴ്‌സിറ്റി, നോർത്ത് ഈസ്റ്റേൺ ഹിൽ യൂനിവേഴ്‌സിറ്റി, രാജീവ് ഗാന്ധി യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ജേണലിസം മാസ് കമ്മ്യൂണിക്കേഷൻ കോഴ്‌സുകളിൽ പ്രവേശനം നേടാം.

ഡിഗ്രിക്ക് ശേഷം കേരളത്തിലെ പ്രസ് ക്ലബ്ബുകൾ, പ്രസ് അക്കാദമികൾ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയവ നടത്തുന്ന ഡിപ്ലോമ കോഴ്‌സുകൾ ഉപകാരപ്രദമാണ്. പി ജി ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം, പ്രിൻ്റ് മീഡിയ ജേണലിസം, ഡിപ്ലോമ ഇൻ എഡിറ്റിംഗ്, വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, കണ്ടൻ്റ് റൈറ്റിംഗ്, തുടങ്ങിയവ അവയിൽ പെടുന്ന ചില കോഴ്‌സുകളാണ്.
മികച്ച സ്ഥാപനങ്ങൾ.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആൻഡ് ന്യൂ മീഡിയ (IIJNM), ബെംഗളൂരു
സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (SIMC), പുണെ,
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐ ഐ എം സി), ന്യൂഡൽഹി,
മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻസ് (MICA), അഹമ്മദാബാദ്
ഏഷ്യൻ കോളജ് ഓഫ് ജേണലിസം, ചെന്നൈ
സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ (XIC), മുംബൈ
മാർ ഇവാനിയോസ് കോളജ് (ഓട്ടോണമസ്), തിരുവനന്തപുരം
ഡൽഹി യൂനിവേഴ്‌സിറ്റി (അഞ്ച് വർഷത്തെ ഇൻ്റഗ്രേറ്റഡ് കോഴ്‌സ്)
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആൻഡ് ന്യൂമീഡിയ, ബെംഗളൂരു. കൂടാതെ കേരള സർവകലാശാല, മലയാളം സർവകലാശാല, കാലിക്കറ്റ് സർവകലാശാല, എം ജി സർവകലാശാല, കണ്ണൂർ സർവകലാശാല എന്നിവകളിലെ കോളജുകളിലും സർവകലാശാലാ ക്യാമ്പസുകളിലും കോഴ്‌സുകൾ നടത്തുന്നുണ്ട്.

ബി കോം കഴിഞ്ഞ് സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിംഗ് ടെക്‌നീഷ്യൻ കോഴ്‌സ് ചെയ്യാൻ ഉദ്ദേശിക്കുന്നു. വിശദവിവരങ്ങൾ പറായാമോ? 

സാജിദ് പി പി, കുറ്റ്യാടി

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ നൽകിവരുന്ന രജിസ്‌ട്രേഡ് കോഴ്‌സ് ആണ് സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിംഗ് ടെക്‌നീഷ്യൻ- സി എ ടി. ഏതെങ്കിലും ഒരു സ്ട്രീമിൽ എടുത്ത ഹയർസെക്കൻഡറി ആണ് സി എ ടി കോഴ്‌സിനുള്ള യോഗ്യത. അംഗീകരിച്ച അക്കൗണ്ടൻ്റ്  ആയി ജോലി ചെയ്യാൻ താത്പര്യമുള്ള ബിരുദധാരികൾക്കും കോഴ്‌സ് തിരഞ്ഞെടുക്കാവുന്നതാണ്.
അക്കൗണ്ടുകളുടെ മെയിൻ്റനൻസ്, ടാക്‌സ് റിട്ടേണുകൾ തയ്യാറാക്കൽ, കമ്പനി ആക്ടിന് കീഴിലുള്ള റിട്ടേണുകൾ പൂരിപ്പിക്കൽ, ആദായ നികുതി, ജി എസ് ടി, കസ്റ്റംസ് നിയമം, കയറ്റുമതി ഇറക്കുമതി ഡോക്യുമെൻ്റേഷൻ, എന്നിവയാണ് സർട്ടിഫൈഡ് അക്കൗണ്ടിംഗ് ടെക്‌നീഷ്യൻസിൻ്റെ പ്രധാന ജോലികൾ.

ഐ സി എ ഐ യുടെ ചാപ്റ്ററുകളിലോ റീജ്യനൽ ഓറൽ കോച്ചിംഗ് സെൻ്ററുകളിലോ പരിശീലനം നേടാവുന്നതാണ്. സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിംഗ് ടെക്‌നീഷ്യൻ- സി എ ടി കോഴ്‌സിന് രണ്ട് പാർട്ടുകൾ ആണുള്ളത്.

പാർട്ട് വൺ: സി എ ടി എൻട്രി ലെവൽ കോഴ്‌സ് എൻട്രി ലെവലുകളിൽ നാല് പേപ്പറുകൾ ഉൾപ്പെടുന്നു. പേപ്പർ ഒന്ന് – ഫണ്ടമെൻ്റൽസ് ഓഫ് ഫൈനാൻഷ്യൽ അക്കൗണ്ടിംഗ്. പേപ്പർ രണ്ട് – അപ്ലൈഡ് ബിസിനസ്സ് ആൻഡ് ഇൻഡസ്ട്രിയൽ ലോസ്. പേപ്പർ മൂന്ന്- ഫൈനാൻഷ്യൽ അക്കൗണ്ടിംഗ്. പേപ്പർ നാല് -സ്റ്റാറ്റ്യൂട്ടറി കംപ്ലൈൻ്റ്സ്.

പേപ്പർ വൺ ഓൺലൈൻ എക്‌സാം ആണ്. നെഗറ്റീവ് മാർക്ക് ഇല്ല. സി എ ടി യുടെ പേപ്പർ വൺ പാസ്സാകുന്നവർക്ക് കോസ്റ്റ് മാനേജ്‌മെൻ്റ് അക്കൗണ്ടിംഗ് അഥവാ സി എം എ കോഴ്‌സിലേക്ക് ഫൗണ്ടേഷൻ കോഴ്‌സ് ചെയ്യാതെ നേരിട്ട് ഇൻ്റർ കോഴ്‌സിലേക്ക് പ്രവേശനം നേടാവുന്നതാണ്.
പാർട്ട് രണ്ട്: ഇതിൽ മൂന്ന് സബ് സെക്‌ഷനുകളാണുള്ളത്. 1. കോംപിറ്റൻസി ലെവൽ 2. അഞ്ച് ദിവസത്തെ ഓറിയൻ്റേഷൻ പ്രോഗ്രാം. 3. ഇൻ്റേൺഷിപ്പ്.

ഇതിൽ കോംപിറ്റൻസി ലെവലിൽ 35 മണിക്കൂറിലെ ടാലി കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് പരിശീലനം, 25 മണിക്കൂറിലെ യൂസർ പ്രോഗ്രാം, 20 മണിക്കൂർ ഫില്ലിംഗ് എക്‌സ്‌പോർട്‌സ്, 20 മണിക്കൂർ എംപ്ലോയബിലിറ്റി സ്‌കിൽസ്, 40 മണിക്കൂർ കോസ്റ്റിംഗ് പ്രിൻസിപ്പൽസ്, കോസ്റ്റ് സ്റ്റേറ്റ്‌മെൻ്റ് തയ്യാറാക്കൽ എന്നിവ ഉൾപ്പെടുന്നു. രണ്ടാമതായി ആപ്റ്റിറ്റ്യൂട് സ്‌കിൽ നോളജ് ബേസിലുള്ള അഞ്ച് ദിവസത്തെ ഓറിയൻ്റേഷൻ പ്രോഗ്രാം. മൂന്നാമത്തെ ഇൻ്റേൺഷിപ്പ്‌ പ്രോഗ്രാമിൻ്റെ കാലാവധി 45 ദിവസമാണ്. ഐ സി എ ഐ നിർദേശിക്കുന്ന കാറ്റ് കോഴ്‌സ് ഇൻ്റൺഷിപ്പ് നൽകുന്ന അംഗീകരിച്ച ഓർഗനൈസേഷനുകളിൽ നിന്നാണ് ഇൻ്റേൺഷിപ്പ് എടുക്കേണ്ടത്.

മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടുന്ന ഓൺലൈൻ പരീക്ഷയാണ്. കോഴ്‌സ് ഫീസ് 12,660 രൂപയും അസ്സസ്‌മെൻ്റ് എക്‌സാം ഫീസ് എക്‌സ്ട്രാ ചാർജും ഈടാക്കും. വർഷത്തിൽ രണ്ട് ടേമുകളായാണ് പരീക്ഷ നടത്തുന്നത്. ജൂൺ/ ഡിസംബർ എക്‌സാമിനേഷൻ. ജൂൺ എക്‌സാമിനേഷന് ജനുവരി 31 വരെയും ഡിസംബർ എക്‌സാമിനേഷന് ജൂലൈ 31 വരെയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി www.icmai.in സന്ദർശിക്കാം.

 

ഉന്നത പഠനം, പരീക്ഷകൾ, പ്രവേശനം, തൊഴിൽ സംബന്ധമായ സംശയങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുന്നു.
ചോദ്യങ്ങൾ ഇമെയിൽ, വാട്സ്ആപ്പ് വഴി അയക്കാം.
9349918816

ചീഫ് കരിയർ കൗൺസിലർ, സിജി ചേവായൂർ

Latest