Connect with us

cover story

സാഹിത്യ നഭസ്സിലെ നിയമപാലകർ

കനത്ത സമർദങ്ങൾക്കിടയിൽ ഇനിയൊരൽപ്പം നേരംപോക്ക് ആകാം എന്നോർത്ത് കാക്കിക്കപ്പുറത്തെ കൗതുകക്കാഴ്ചക്കിറങ്ങിയതല്ല തങ്ങളെന്ന് ഈ പോലീസ് ഓഫീസർമാരുടെ സൃഷ്ടികളിലെ നവഭാവുകത്വം തെളിയിക്കുന്നുണ്ട്. ഒരു എഫ് ഐ ആർ എഴുതിവെക്കുന്നതിനേക്കാൾ ഗൗരവത്തോടെ ജീവിതങ്ങൾ കുറിച്ചിട്ട, പോലീസ് കഥകളും പോലീസുകാരന്റെ ജീവിതക്കാഴ്ചകളും ഉള്ളടക്കം ചെയ്യപ്പെട്ട മഹത്വമേറിയ സൃഷ്ടികളുടെ കൂട്ടാണിത്. അവർ നിലകൊള്ളുന്ന ഔദ്യോഗിക പദവികളിലെ കർത്തവ്യ ബാഹുല്യം കൂടി പരിഗണിക്കുമ്പോൾ ഓരോ വായനക്കാരന്റെയും വലതു ഉള്ളം കൈ അവർ പോലുമറിയാതെ, ഈ എഴുത്തുക്കാർക്ക് മുന്നിൽ സ്വന്തം നെറ്റിക്ക് മുകളിൽ വന്നു ഉയർന്നു നിൽക്കുകയാണ്.

Published

|

Last Updated

നിരയൊത്ത്, ചുവടൊത്ത് ഒറ്റ വരിയായി ഒറ്റ താളത്തിൽ അമർത്തിച്ചവിട്ടി മുന്നേറുന്ന എം എസ് പി ക്യാമ്പിലെ പരേഡിന്റെ കാലത്തിന്, അനിർവചനീയമായ അനുഭൂതി സമ്മാനിക്കുന്ന ഒരടിക്കുറിപ്പ് എഴുതിയ മറ്റൊരു “പരേഡ്’ കാലത്തിന് കേരളത്തിലെ നിയമപാലക വൃന്ദമപ്പാടെ കൺപാർക്കുകയാണിപ്പോൾ. പട്ടാള ചിട്ടയോടെ അടുക്കി വെച്ച വ്യവഹാര ഭാഷയുടെ അച്ചടക്കത്തിൽ നിന്ന്, കാൽപ്പനിക ഭാഷയുടെ അതിരുകളില്ലാത്ത ആകാശങ്ങളിലേക്ക് ലാത്തി വീശിയെറിഞ്ഞ ഇരുപത്തിയാറ് കഥകൾ.

കനത്ത സമർദങ്ങൾക്കിടയിൽ ഇനിയൊരൽപ്പം നേരംപോക്ക് ആകാം എന്നോർത്ത് കാക്കി അഴിച്ചു കൗതുകക്കാഴ്ചക്കിറങ്ങിയതല്ല തങ്ങളെന്ന്, അവരെഴുതിയ കഥകളിലെ നവഭാവുകത്വം തെളിയിക്കുന്നുണ്ട്. ഒരു എഫ് ഐ ആർ എഴുതി വെക്കുന്നതിനേക്കാൾ ഗൗരവത്തോടെ ജീവിതങ്ങൾ കുറിച്ചിട്ട, പോലീസ് കഥകളും പോലീസുകാരന്റെ ജീവിത കാഴ്ചകളും ഉള്ളടക്കം ചെയ്യപ്പെട്ട ഇരുപത്തിയാറ് കഥകളുടെ സമാഹാരം, “പരേഡ്’. തീക്ഷ്ണമായ ജീവിതങ്ങളുടെ നേർക്കാഴ്ചകൾ അക്ഷരം പിഴയ്ക്കാതെ, ലൂപ് ഹോളുകൾ യാതൊന്നും ബാക്കിവെക്കാതെ പകർത്തിവെച്ചത് വായിക്കുമ്പോൾ ആദരവേറുകയാണ്. പോലീസ് സേനാംഗങ്ങളായ ഇരുപത്തിയാറു പേർ എഴുതിയ കഥകളടങ്ങിയ ജി വി ബുക്സ് ഇറക്കിയ സമാഹാരമാണ് “പരേഡ്’. പുസ്തകത്തിന്റെ തലപ്പത്ത്, ഐ ജി സേതുരാമൻ ഐ പി എസ്. പോലീസ് സേനക്ക് മാത്രമല്ല കേരളത്തിലെ വായനക്കാരനും സുപരിചിതൻ. കൃത്യ നിർവഹണത്തിലെ കണിശതയും ചാരുതയും അക്ഷരങ്ങളിലും ആവാഹിച്ചാദരവ് ഏറ്റു വാങ്ങിയ ഐ പി എസുകാരൻ, ഡിപ്പാർട്മെന്റ് തല അംഗീകാരങ്ങൾക്ക് പുറമെ തന്റെ ചില്ലലമാരയിൽ സുഭദ്രമായി സൂക്ഷിച്ചുവെക്കുന്നത്, കേരള സംസ്ഥാന സർക്കാർ അക്ഷരങ്ങളുടെ പേരിൽ നൽകുന്ന എണ്ണം പറഞ്ഞ രണ്ട് പുരസ്‌കാരങ്ങൾ. 2012 ൽ ‘മലയാളത്തിന്റെ ഭാവി’എന്ന പുസ്തകത്തിലൂടെ മികച്ച ഗ്രന്ഥ രചനക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ, 2022 ൽ വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ‘മലയാളി-ഒരു ജനിതക വായന’ എന്ന പുസ്തകത്തിലൂടെ ഈ ഐ പി എസുകാരൻ തന്റെ പേരിൽ എഴുതിച്ചേർത്തു.

അക്ഷരങ്ങൾ മർമമറിഞ്ഞു പ്രയോഗിക്കാനറിയുന്ന ഈ പോലീസ് ഓഫീസർ, പുസ്തകത്തിന്റെ തലപ്പത്ത് എത്തിയപ്പോഴും വീട്ടു വീഴ്ചകൾക്ക് തയ്യാറായിട്ടില്ല. ഏറ്റവും മികച്ച പുസ്തകങ്ങളിൽ ഒന്നായിരിക്കണം തന്റെ മേൽനോട്ടത്തിൽ പുറത്തിറങ്ങുന്നത് എന്ന കാര്യത്തിൽ മനസ്സറിഞ്ഞൊരു തീട്ടൂരം സ്വയം കൽപ്പിച്ചു വെച്ചിട്ടുണ്ടാകും അദ്ദേഹം. പോലീസുകാർ എഴുതിയ കഥകൾ എന്ന ആനുകൂല്യത്തിന്റെ പേരിൽ ഒരു പുസ്തകം വിപണിയിലെത്തുന്നത് അദ്ദേഹത്തിന്റെ ചിന്തകളുടെ ഏഴയലത്തു പോലും ഉണ്ടായിരുന്നില്ല എന്നതിന് സമാഹാരത്തിലെ കഥകൾ തന്നെയാണ് തെളിവ്. ഒന്നിനൊന്നു മികച്ച ഇരുപത്തിയാറു കഥകളും എഴുത്തുക്കാരും. എഴുത്തിന്റെ നാൾ വഴികളിൽ വഴി തെറ്റി വന്നവരല്ല ആരും, അങ്ങനെയൊരാൾ പോലും ഈ സംരംഭത്തിലില്ല എന്നത് എഡിറ്ററുടെ തിരഞ്ഞെടുപ്പിന്റെ കൂടി മേന്മയാണത്. പുസ്തകത്താളുകളെ അക്ഷരങ്ങളാൽ സമ്പന്നമാക്കിയ എഴുത്തുകാരിൽ പലരും മുന്പേ ഈ വഴിയിൽ തങ്ങളുടെ പേരുകൾ കുറിച്ചിട്ടവരാണ്. കണിശമാർന്ന കൃത്യ നിർവഹണത്തിന്റെ പേരിൽ സർക്കാർ തല പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങുമ്പോൾ തന്നെയാണ് എഴുത്തിന്റെ വഴികളിലും പുരസ്കൃതരാവുന്നത് എന്നത് അഭിമാനകരമായൊരു കാഴ്ച തന്നെയാണ്.

സുരേന്ദ്രൻ മങ്ങാട്ട്, സുരേശൻ കാനം, ജോസഫ് സാർത്തോ പി എ, ജോൺ എ വി , സാജു സാമുവൽ, അനിൽകുമാർ കെ എം , റെജി കുന്നിപ്പറമ്പൻ, രജീഷ് കെ ആർ, ജഗീഷ് ആർ, സുകുമാരൻ കാരാട്ടിൽ, മനോജ് പറയറ്റ, ബൈജു വർഗീസ്, സജീവ് മണക്കാട്ടുപുഴ, പി ശെൽവരാജ് , രൂപേഷ് പറമ്പൻകുന്നൻ, പ്രേമലത കെ കെ, ധനീഷ് പി എം, രഞ്ജിത്ത് കളത്തിൽ, മിഥുൻ പുലരി , വിനോദ്‌കുമാർ ടി, അനീഷ് പി ആർ, രതീഷ് കുന്നൂൽ, അനൂപ് ഇടവലത്ത് , ദിനേശ് കല്യാണി, മുഹമ്മദ് വി , സി കെ സുജിത്ത് തുടങ്ങിയ സാഹിത്യകാരന്മാരായ പോലീസ് ഓഫീസർമാരാണ് അവരുടെ സൃഷ്ടികളുമായി അണിനിരന്നിരിക്കുന്നത്.

ഓരോ എഴുത്തുക്കാരനും നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത് അത്ഭുതപ്പെടുത്തുന്ന അക്ഷര ചാരുതകളുമായാണ്. പോലീസുകാരന്റെ രചന എന്ന ഒരടയാളപ്പെടുത്തൽ തീർത്തും അനാവശ്യമായ എത്രയോ സൃഷ്ടികൾ നമുക്ക് കണ്ടെടുക്കാൻ എളുപ്പമായ, കഥകളും കവിതകളും എത്ര വേണമെങ്കിലും ഉദാഹരിക്കാൻ സാധിക്കുന്ന സർഗാത്മക സിദ്ധി വരദാനമായി കൈ വന്ന എഴുത്തുകാർ, രചനകൾ നമുക്ക് മുന്നിൽ തെളിഞ്ഞു നിൽപ്പുണ്ട്.


സംസ്ഥാന പോലീസ് സേനയുടെ മുഖ്യധാരയിലുള്ളവർ തങ്ങളുടെ ഉള്ളിലെ ഒടുങ്ങാത്ത അക്ഷര പ്രണയം കൊണ്ട് തന്നെയാവണം, കാൽപ്പനിക കഥകളുടെ ചതുപ്പ് നിലങ്ങളിലേക്ക് കാലെടുത്തു വെച്ചത്. ഔദ്യോഗിക പദവികളിൽ ഒന്നൊന്നായി ചുവട് വെച്ച്, ആരോഹണം മാത്രം ശീലിച്ച മനുഷ്യരുടെ രചനകൾ പക്ഷെ, കൃത്യമായ ആരോഹണാവരോഹണങ്ങളിലൂടെ തന്നെയാണ് കടന്നുപോകുന്നത്.

പൊതു സമൂഹം കൽപ്പിച്ചരുളിയ കാക്കിയിട്ട കലാകാരൻ എന്ന പ്രയോഗം പോലീസുകാർക്ക് മുന്നിൽ എന്നുമുണ്ട്. പൊതു ബോധത്തിന്റെ ഭയപ്പാടുകളിൽ നിന്നുണ്ടായ മുദ്രണം ചാർത്തലാണത്. ആർദ്ര ചിത്തനായ കലാകാരനുള്ള പാരിതോഷികമായി എടുത്തുയർത്തി ശിരസ്സിലണിയേണ്ട മകുടമല്ലത്. ആയിരുന്നുവെങ്കിൽ സ്റ്റെതസ്കോപ്പിട്ട പാട്ടുകാരൻ എന്നോ കറുത്ത ഗൗണിട്ട ചിത്രകാരൻ എന്നോ കൂടി പറയണമായിരുന്നു. ആലങ്കാരികമായ ഒരു ശീർഷകം നൽകുന്നത്തിനപ്പുറം അത്തരം പ്രയോഗങ്ങൾ ഒന്നും കേട്ടുകേൾവി പോലുമില്ല. പൊതു സമൂഹത്തിൽ നിന്ന് അത്തരം ഭയപ്പാടുകളെ കൂടി മാറ്റിമറിക്കാൻ ഇത്തരം സംരംഭങ്ങൾക്ക് സാധ്യമാകേണ്ടതുണ്ട്. തലമുറ കൈമാറ്റത്തിൽ പൊതു സമൂഹത്തെ ചേർത്തുവെക്കുന്ന കലയുടെ രസതന്ത്രങ്ങളും സമവാക്യങ്ങളും കൈമാറാൻ സാധിക്കേണ്ടതുണ്ട്.അവർ നിലകൊള്ളുന്ന ഔദ്യോഗിക പദവികളിലെ കർത്തവ്യ ബാഹുല്യം കൂടി പരിഗണിക്കുമ്പോൾ ഓരോ വായനക്കാരന്റെയും വലതു ഉള്ളം കൈ അവർ പോലുമറിയാതെ, ഈ എഴുത്തുകാർക്ക് മുന്നിൽ സ്വന്തം നെറ്റിക്ക് മുകളിൽ വന്നു ഉയർന്നു നിൽക്കുകയാണ്.
.