National
ലഡാക്ക് പ്രക്ഷോഭം; ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രം
പ്രതിഷേധത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടത്തിന് പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് 15 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു
ന്യൂഡല്‍ഹി | സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടി ലഡാക്കില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചക്ക് തയ്യാറായി കേന്ദ്രസര്‍ക്കാര്‍. ഒക്ടോബര്‍ ആറിന് ചര്‍ച്ച നടത്താമെന്നാണ് കേന്ദ്രം പ്രക്ഷോഭകരെ അറിയിച്ചത്.
പ്രതിഷേധത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടത്തിന് പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് 15 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. 35 ദിവസത്തെ നിരാഹാര സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലേയില്‍ നിരോധനാജ്ഞ തുടരുകയാണ്. വാങ്ചുക്കിനൊപ്പം നിരാഹാരം കിടന്ന രണ്ടുപേരെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് യുവാക്കള്‍ അക്രമാസക്തമായത്. നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലേ അപെക്സ് ബോഡിയുടെ യുവജന വിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയ യുവാക്കള്‍ ബി ജെ പി ഓഫീസിനും പോലീസ് വാഹനത്തിനും തീയിടുകയിരുന്നു.
സമാധാനം പാലിക്കണമെന്നും അക്രമം അവസാനിപ്പിക്കണമെന്നും വാങ്ചുക്ക് പറഞ്ഞു. അക്രമം പടര്‍ന്നതിനു പിന്നാലെ നിരാഹാര സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ലേയില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന സമരത്തിനിടെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് സോനം വാങ്ചുക്ക് സമരം അവസാനിപ്പിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.

