Connect with us

Editorial

ലേബര്‍ കോഡില്‍ പുനരാലോചന വേണം

തൊഴിലാളി സമൂഹത്തെ നിതാന്തമായ അനിശ്ചിതാവസ്ഥകളിലേക്ക് തള്ളിവിട്ട് എന്ത് വ്യവസായ പുരോഗതിയാണ് ഉണ്ടാകാന്‍ പോകുന്നത്? ട്രേഡ് യൂനിയനുകളുമായി കേന്ദ്ര സര്‍ക്കാര്‍ ഗൗരവപൂര്‍ണമായ ചര്‍ച്ചക്ക് തയ്യാറാകണം. ലേബര്‍ കോഡിലെ തൊഴിലാളിവിരുദ്ധ ഘടകങ്ങള്‍ മരവിപ്പിക്കണം.

Published

|

Last Updated

കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ലേബര്‍ കോഡുകള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. കര്‍ഷക സമരത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കിയതിന്റെ അനുഭവം മുന്‍നിര്‍ത്തിയാണ് വമ്പന്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതെന്നും ലേബര്‍ കോഡുകള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്നുമാണ് സി ഐ ടി യു അടക്കമുള്ള സംഘടനകള്‍ പറയുന്നത്. 29 തൊഴില്‍ നിയമങ്ങളെയാണ് വേതന കോഡ്, വ്യവസായബന്ധ കോഡ്, സാമൂഹിക സുരക്ഷാ കോഡ്, തൊഴിലിട സുരക്ഷാ കോഡ് എന്നിങ്ങനെ നാല് കോഡുകളാക്കി മാറ്റിയത്. ഇവ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തിലായതായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുകയായിരുന്നു. മതിയായ ചര്‍ച്ചകളോ തയ്യാറെടുപ്പോ ഇല്ലാതെ ഏകപക്ഷീയ നടപടിയായിപ്പോയി ഈ വിജ്ഞാപനമെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഷ്യം മറ്റൊന്നാണ്. അഞ്ച് വര്‍ഷം മുമ്പ് പാസ്സാക്കിയ കോഡുകള്‍ ഈ കാലയളവിനിടയില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. തൊഴിലുടമകളുടെ നിയമങ്ങള്‍ പാലിക്കല്‍ ലളിതമാക്കുന്നതിനുള്ളതാണ് ഈ പരിഷ്‌കരണം. ചുരുങ്ങിയ സമയത്തേക്ക് തൊഴിലെടുക്കുന്ന ഡെലിവറി ബോയ്‌സ് ഉള്‍പ്പെടെയുള്ള ഗിഗ് തൊഴിലാളികളിലേക്കടക്കം സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടിയാണിതെന്നും കേന്ദ്ര തൊഴില്‍ മന്ത്രാലയം അവകാശപ്പെടുന്നു. കരാര്‍ ജീവനക്കാരിലേക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍, തോട്ടങ്ങള്‍, ഖനികള്‍, തുണിത്തരങ്ങള്‍, ഐ ടി, ഓഡിയോ- വിഷ്വല്‍ തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ക്കും ജോലി സംരക്ഷണം വ്യാപിപ്പിക്കുന്നതാണ് കോഡുകളെന്നും സര്‍ക്കാര്‍ പറയുന്നു. രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും സമയബന്ധിതമായ മിനിമം വേതനം, യുവാക്കള്‍ക്ക് നിയമനം, സ്ത്രീകള്‍ക്ക് തുല്യ വേതനവും ബഹുമാനവും, ഒരു വര്‍ഷത്തെ ജോലിക്ക് ശേഷം നിശ്ചിതകാല ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി, 40 വയസ്സിന് മുകളിലുള്ള തൊഴിലാളികള്‍ക്ക് സൗജന്യ വാര്‍ഷിക ആരോഗ്യ പരിശോധന, ഓവര്‍ടൈമിന് ഇരട്ടി വേതനം, അപകടകരമായ മേഖലകളിലെ തൊഴിലാളികള്‍ക്ക് 100 ശതമാനം ആരോഗ്യ സുരക്ഷ, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി തൊഴിലാളികള്‍ക്ക് സാമൂഹിക നീതി എന്നിവ ഉറപ്പാക്കുമെന്നാണ് മന്ത്രി മന്‍സുഖ് മണ്ഡാവിയ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ പുതിയ തൊഴില്‍ കോഡുകള്‍ തൊഴിലുടമകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നതും തൊഴില്‍ അവകാശങ്ങള്‍ പരിമിതപ്പെടുത്തുന്നതുമാണെന്ന വിമര്‍ശം ശക്തമാണ്. തീര്‍ച്ചയായും വ്യവസായ അനുകൂല അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. സങ്കീര്‍ണതകള്‍ നീക്കണമെന്നതിലും തൊഴില്‍ നിയമങ്ങളുടെ പെരുപ്പം കുറയ്ക്കണമെന്നതിലും ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. കൂടുതല്‍ തൊഴിലാളികളെ സാമൂഹിക സുരക്ഷാ സംവിധാനങ്ങളിലേക്ക് കൊണ്ടുവരുന്നതാണ് തൊഴില്‍ കോഡുകളെന്ന കേന്ദ്ര നിലപാടും സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഉത്പാദന മേഖലയുടെ നട്ടെല്ലും ജീവനുമായ തൊഴിലാളി സമൂഹത്തെ അതൃപ്തിയിലേക്കും ആശങ്കയിലേക്കും തള്ളിയിട്ടാകരുത് ഈ പരീക്ഷണം. തൊഴിലാളികളും തൊഴിലുടമകളും സര്‍ക്കാറും ഏറ്റുമുട്ടേണ്ടവരല്ല. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ ഒരുമിച്ച് പോകേണ്ടവരാണ്.
ലേബര്‍ കോഡുകള്‍ ബാധകമാക്കാവുന്ന ഫാക്ടറികളിലെ തൊഴിലാളികളുടെ എണ്ണം പത്തില്‍ നിന്ന് 20 ആയി പുനര്‍നിര്‍ണയിച്ചതിലൂടെ നിയമത്തിന്റെ പരിധിയില്‍ നിന്ന് വലിയൊരു വിഭാഗം വ്യവസായ സ്ഥാപനങ്ങള്‍ ഒഴിവായി എന്നതാണ് പ്രധാന വിമര്‍ശം. മുമ്പ് നൂറോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെ പിരിച്ചുവിടാനും വെട്ടിക്കുറയ്ക്കാനും സര്‍ക്കാര്‍ അനുമതി വേണ്ടിയിരുന്നു. എന്നാല്‍ 300ല്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമായി ഇൗ വ്യവസ്ഥ പരിമിതപ്പെടുത്തി. സര്‍ക്കാറിന് പ്രത്യേക വിജ്ഞാപനത്തിലൂടെ വ്യവസ്ഥയില്‍ പറയുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാനുമാകും. ഇത് തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ ആശങ്കയുയര്‍ത്തുന്നുണ്ട്.
തൊഴിലാളികളുമായി ബന്ധപ്പെട്ട പരിശോധനകളാണ് പുതിയ കോഡുകള്‍ ഇടപെട്ട മറ്റൊരു മേഖല. പുതിയ കോഡനുസരിച്ച് പല കാര്യങ്ങളിലും തൊഴില്‍ വകുപ്പിന്റെ പരിശോധനക്കു പകരം വ്യവസായ സ്ഥാപനം സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. എക്‌സിക്യൂട്ടീവിന് അമിതമായ വിവേചനാധികാരം നല്‍കുന്നുവെന്ന തൊഴിലാളി സംഘടനകളുടെ ആശങ്ക ഇവിടെ പ്രസക്തമാണ്. തൊഴിലാളിയുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കാത്ത വ്യവസായി ശിക്ഷാ നടപടിക്ക് വിധേയമാകാനുള്ള സാധ്യത സ്വന്തം പരിശോധനാ റിപോര്‍ട്ട് കൊണ്ട് മറികടക്കുകയാകും ഫലം. ഇപ്പോള്‍ പാസ്സാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ മറികടക്കാന്‍ സര്‍ക്കാറിന് പ്രത്യേക അധികാരമുണ്ടാകും. നിയമത്തിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാറുകള്‍ക്ക് സാധിക്കും. പൊതുതാത്പര്യത്തിന്റെ പേരില്‍ ഏത് വ്യവസായ സ്ഥാപനത്തെയും വ്യവസായബന്ധ കോഡിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാം. തൊഴില്‍ സുരക്ഷാ ചട്ടങ്ങള്‍ ബാധകമാക്കുന്ന വ്യവസായബന്ധ കോഡ് പ്രാബല്യത്തിലുള്ള സ്ഥാപനങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള നീക്കം പരിഷ്‌കരിച്ച കോഡുകള്‍ നടത്തുന്നുണ്ട്. സ്ഥിരം തൊഴിലിന്റെ ആസന്ന മരണം കൂടുതല്‍ വേഗത്തിലാക്കാനുള്ള വ്യവസ്ഥകള്‍ എമ്പാടുമുണ്ട് പുതിയ കോഡുകളില്‍. കരാര്‍ തൊഴില്‍ നിയമത്തിലും മാറ്റം വരുന്നു. പഴയ വ്യവസ്ഥയനുസരിച്ച് ലേബര്‍ നിയമത്തിന്റെ പരിധിയില്‍ കരാര്‍തൊഴില്‍ വരണമെങ്കില്‍ ഒരു ഏജന്‍സിയില്‍ 20 തൊഴിലാളികളാണ് ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍, പുതിയ നിയമപ്രകാരം ഇതിന് 50 തൊഴിലാളികള്‍ വേണമെന്നായി. ട്രേഡ് യൂനിയനുകളുടെ പ്രവര്‍ത്തനത്തെയും ഈ കോഡുകള്‍ പരിമിതപ്പെടുത്തുന്നു.

വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടാക്കേണ്ടത് തൊഴിലാളികളുടെ പരിരക്ഷകള്‍ കവര്‍ന്നുകൊണ്ടായിരിക്കണമെന്ന് ആരാണ് നിഷ്‌കര്‍ഷിച്ചത്? തൊഴിലാളി സമൂഹത്തെ നിതാന്തമായ അനിശ്ചിതാവസ്ഥകളിലേക്ക് തള്ളിവിട്ട് എന്ത് വ്യവസായ പുരോഗതിയാണ് ഉണ്ടാകാന്‍ പോകുന്നത്? അതുകൊണ്ട് ട്രേഡ് യൂനിയനുകളുമായി കേന്ദ്ര സര്‍ക്കാര്‍ ഗൗരവപൂര്‍ണമായ ചര്‍ച്ചക്ക് തയ്യാറാകണം. ലേബര്‍ കോഡിലെ തൊഴിലാളിവിരുദ്ധ ഘടകങ്ങള്‍ മരവിപ്പിക്കണം.