Kerala
മാനദണ്ഡങ്ങള്‍ മറികടന്ന് കെ എസ് യു പുന:സംഘടന; വി ടി ബല്‍റാമും കെ ജയന്തും ചുമതല ഒഴിഞ്ഞു
ചുമതല ഒഴിയുന്ന കാര്യം ഇരുവരും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ അറിയിച്ചു.

തിരുവനന്തപുരം | കെഎസ്യുവിന്റെ സംസ്ഥാന നേതൃത്വം പുനസംഘടിപ്പിച്ചതിലെ മാനദണ്ഡങ്ങളെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ വിടി ബല്‍റാമും കെ ജയന്തും കെഎസ്യുവിന്റെ സംസ്ഥാന ചുമതല ഒഴിഞ്ഞു. ചുമതല ഒഴിയുന്ന കാര്യം ഇരുവരും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ അറിയിച്ചു. കെഎസ്യു സംസ്ഥാന നേതൃത്വം പുനസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന മാനദണ്ഡം മാറ്റി ജംബോ പട്ടിക തയ്യാറാക്കിയതും വിവാഹിതര്‍ പട്ടികയില്‍ ഇടംപിടിച്ചതിലെ അതൃപ്തിയുമാണ് ഇരവരും ചുമതല ഒഴിയുന്നതിലേക്ക് എത്തിയത്.
സംസ്ഥാന കെഎസ്‌യുവിന് 25 അംഗ പട്ടിക മതി എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും 80 അംഗ പട്ടിക തയ്യാറാക്കിയത്. ഇതിന് പുറമെ കെഎസ്യു നേതൃത്വത്തില്‍ അവിവാഹിതര്‍ മാത്രം മതിയെന്ന നിബന്ധന മാറ്റിയതിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. നാല് വൈസ് പ്രസിഡന്റുമാരും 30 ജനറല്‍ സെക്രട്ടറിമാരുമാണ് ഇന്ന് പുനസംഘടിപ്പിച്ച പുതിയ കമ്മിറ്റിയിലുള്ളത്. 43 പേരാണ് പുതിയ സംസ്ഥാന നിര്‍വാഹ സമിതി അംഗങ്ങള്‍. പ്രധാന സര്‍വകലാശാലകളുടെയും കോളേജുകളുടെയും ചുമതല 21 കണ്‍വീനര്‍മാര്‍ക്ക് നല്‍കി. 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാരെയും നിയമിച്ചു. അലോഷ്യസ് സേവ്യറിനെ സംസ്ഥാന പ്രസിഡന്റായും ആന്‍ സെബാസ്റ്റ്യന്‍, മുഹമ്മദ് ഷമ്മാസ് എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ രണ്ട് വൈസ് പ്രസിഡന്റുമാരെ സീനിയര്‍ വൈസ് പ്രസിഡന്റുമാരായി പുനര്‍നാമകരണം ചെയ്തിട്ടുണ്ട്.