Connect with us

Editorial

കൊല്ലത്തെ തടങ്കല്‍ പാളയവും ആശങ്കകളും

മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ ലംഘനമല്ലേ കൊല്ലം കൊട്ടിയത്തെ പുതിയ തടങ്കല്‍ പാളയം? ഇത് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ചതല്ലെന്നും അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികളെ താമസിപ്പിക്കാനാണെന്നുമാണ് ഇതേക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. എന്നാല്‍ ആരാണ് വിദേശികള്‍?

Published

|

Last Updated

കേരളത്തിലും സ്ഥാപിതമായിരിക്കുന്നു തടങ്കല്‍ പാളയം. കൊല്ലം ജില്ലയിലെ കൊട്ടിയത്ത് നവംബര്‍ 22ന് തടങ്കല്‍ പാളയം പ്രവര്‍ത്തനം ആരംഭിച്ച കാര്യം കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ തന്നെയാണ് വ്യക്തമാക്കിയത്. തൃശൂരില്‍ പ്രവര്‍ത്തിച്ചിരുന്ന താത്കാലിക ട്രാന്‍സിറ്റ് ഹോമിലെ അന്തേവാസികളെ അന്ന് പുലര്‍ച്ചെ നാല് മണിക്ക് പുതിയ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. തടങ്കല്‍ പാളയത്തിന് സുരക്ഷ നല്‍കാന്‍ ആഭ്യന്തര വകുപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മോഡല്‍ ഡിറ്റന്‍ഷന്‍ മാന്വലിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക നീതി വകുപ്പിനു കീഴിലാണ് ഇത് തയ്യാറാക്കിയത്.

5,000 ചതുരശ്ര അടിയില്‍ അഞ്ച് മുറികളോടു കൂടിയ ഇരുപത് പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ഇരുനില കെട്ടിടമാണ് പുതിയ തടങ്കല്‍ പാളയം. പ്രധാന കെട്ടിടത്തിന് പുറത്തായി 500 ചതുരശ്ര അടി ഔട്ട് ഹൗസ്, ഭക്ഷണശാല എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. എസ് ഐ ഉള്‍പ്പെടെ മൂന്ന് സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ജീവനക്കാര്‍, കെയര്‍ടേക്കര്‍, രണ്ട് ഗേറ്റ് കീപ്പര്‍മാര്‍, ക്ലാര്‍ക്ക്, ഹോം മാനേജര്‍, ഭക്ഷണം പാചകം ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള കരാര്‍ ജീവനക്കാര്‍ സെന്ററില്‍ ഉണ്ടാകുമെന്നും ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു.

കുറ്റകൃത്യങ്ങളില്‍ പെട്ട് തടവുശിക്ഷാ കാലാവധി തീര്‍ന്ന ശേഷം വിദേശത്തേക്ക് മടങ്ങാനിരിക്കുന്നവരെയും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെയും പാര്‍പ്പിക്കാനുള്ള കേന്ദ്രമാണിതെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നതെങ്കിലും കേരളീയ സമൂഹം ആശങ്കയോടെയാണ് ഈ സംരംഭത്തെ കാണുന്നത്. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി തടങ്കല്‍ പാളയങ്ങള്‍ (ഡിറ്റന്‍ഷന്‍ സെന്ററുകള്‍) നിര്‍മിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. നിലവിലുള്ള ജയിലുകളുടെയും പോലീസ് വകുപ്പിന്റെ കീഴിലുള്ള സ്ഥലത്തിന്റെയും പുറത്തായിരിക്കണം ഇവയുടെ നിര്‍മാണമെന്നും പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണക്കുറവ് കണക്കിലെടുത്ത് ഇവയുടെ നടത്തിപ്പിന് പ്രത്യേക സംവിധാനം ഒരുക്കണമെന്നും കേന്ദ്ര നിര്‍ദേശത്തിലുണ്ടായിരുന്നു. ഈ നിര്‍ദേശം നടപ്പാക്കുന്നതിന്റെ ഭാഗമാണോ കൊല്ലത്തെ തടങ്കല്‍ പാളയമെന്നാണ് സംശയിക്കപ്പെടുന്നത്.

കേരളത്തില്‍ തടങ്കല്‍ പാളയ നിര്‍മാണത്തിനുള്ള നീക്കങ്ങള്‍ നടന്നു വരുന്നതായി 2019ല്‍ സംസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ ദേശീയ ദിനപത്രമായ ദ ഹിന്ദു വെളിപ്പെടുത്തിയിരുന്നു. ഇതിന് മുന്നോടിയായി സാമൂഹിക നീതി വകുപ്പ,് ആഭ്യന്തര വകുപ്പിനോട് ജയിലുകളില്‍ കഴിയുന്ന വിദേശികളുടെ റിപോര്‍ട്ട് ആവശ്യപ്പെട്ടതായും വാര്‍ത്ത വന്നു. അസമിലും കര്‍ണാടകയിലും തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കുന്നതില്‍ രാജ്യവ്യാപക പ്രതിഷേധമുയരുന്നതിനിടെ കേരളത്തിലും തടങ്കല്‍ പാളയം നിര്‍മിക്കുന്ന വിവരം സംസ്ഥാനത്ത് കടുത്ത പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ര വാര്‍ത്തക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും വിദേശ തടവുകാരെ പാര്‍പ്പിക്കാനായി മുന്‍ സര്‍ക്കാറാണ് ഇത്തരമൊരു കേന്ദ്രത്തിന്റെ നിര്‍മാണ നീക്കം ആരംഭിച്ചതെന്നും തന്റെ സര്‍ക്കാറിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് വിശദീകരിക്കുകയും ചെയ്തു. മാത്രമല്ല വിവാദം കണക്കിലെടുത്ത് തടങ്കല്‍ പാളയത്തിന്റെ നിര്‍മാണം നിര്‍ത്തിവെച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുകയോ, തടങ്കല്‍ പാളയം സ്ഥാപിക്കുകയോ ചെയ്യില്ലെന്നും പിണറായി തറപ്പിച്ചു പറഞ്ഞിരുന്നു. 2021 ഫെബ്രുവരിയില്‍ നിയമ സഭയില്‍ സര്‍ക്കാറിന്റെ ഈ നിലപാട് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. മറ്റൊരിക്കല്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സംസാരിക്കവെ, സംസ്ഥാന സര്‍ക്കാറിന് ഭരണഘടനയോടാണ് കൂറെന്നും ആര്‍ എസ് എസിന്റെ അജന്‍ഡ നടപ്പാക്കാന്‍ ബാധ്യതയില്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

മുഖ്യമന്ത്രി അന്ന് നല്‍കിയ ഉറപ്പിന്റെ ലംഘനമല്ലേ കൊല്ലം കൊട്ടിയത്തെ പുതിയ തടങ്കല്‍ പാളയം? ഇത് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ചതല്ലെന്നും അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികളെ താമസിപ്പിക്കാനാണെന്നുമാണ് ഇതേക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. എന്നാല്‍ ആരാണ് വിദേശികള്‍? രാജ്യത്ത് ജനിച്ചു വളര്‍ന്ന മുസ്‌ലിംകളെ വിദേശികളായി മുദ്രകുത്താന്‍ പാകത്തിലാണ് മോദി സര്‍ക്കാര്‍ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഈ ലക്ഷ്യം വെച്ചാണ് തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതും. ഭാവിയില്‍ “സ്വദേശികളായ വിദേശികളെ’ പാര്‍പ്പിക്കാനും ഇതുപയോഗപ്പെടുത്തില്ലെന്ന് എന്താണ് ഉറപ്പ്?

കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള താത്കാലിക തടങ്കല്‍ പാളയം ആരംഭിക്കാന്‍ 2020 ഡിസംബറില്‍ ഹൈക്കോടതി നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് ഇത് സ്ഥാപിക്കേണ്ടി വന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ മറ്റൊരു ന്യായീകരണം. വിയ്യൂര്‍ ജയിലില്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ കഴിയാതിരുന്ന രണ്ട് നൈജീരിയന്‍ സ്വദേശികളെയും ഒരു മ്യാന്‍മര്‍ സ്വദേശിയെയും പാര്‍പ്പിക്കാനായിരുന്നു കോടതിയുടെ പ്രസ്തുത ഉത്തരവ്. എന്നാല്‍ കോടതി ഉത്തരവ് വന്ന് രണ്ട് മാസത്തിനു ശേഷമാണ് സംസ്ഥാനത്ത് തടങ്കല്‍ പാളയം സ്ഥാപിക്കില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, കോടതി നിര്‍ദേശ പ്രകാരമാണ് തടങ്കല്‍ പാളയം സ്ഥാപിക്കുന്നതെന്ന് സാമൂഹിക വകുപ്പ് നേരത്തേ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെവിടെയും പറയുന്നുമില്ല. ഏതായാലും കേന്ദ്ര സര്‍ക്കാര്‍ പൗരത്വ രജിസ്റ്റര്‍ (എന്‍ ആര്‍ സി) നടപടികളുമായി ശക്തമായി മുന്നോട്ടു പോകുമ്പോള്‍, ഈ നിയമ പ്രകാരം പൗരത്വം നിഷേധിക്കപ്പെടുന്നവര്‍ തടങ്കല്‍ പാളയത്തില്‍ തള്ളപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമാണ്.