Connect with us

Ongoing News

കെ എൻ എം തീവ്രവാദ പട്ടികയിൽ; നിഷേധിച്ച് സംഘടനാ നേതൃത്വം

വി എച്ച് പിയും ബജ്‌റംഗ്ദളും തീവ്ര സ്വഭാവമുള്ള സംഘടനകളാണെന്നും റിപോർട്ട്

Published

|

Last Updated

കോഴിക്കോട് | രാജ്യത്തിന് ഭീഷണിയാകുന്ന തീവ്രവാദ സംഘടനകളിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള റിപോർട്ട് നിഷേധിച്ച് കേരള നദ്‌വത്തുൽ മുജാഹിദീൻ. ഇത്തരത്തിലുള്ള റിപോർട്ട് വായിക്കുകയോ യോഗം നടക്കുകയോ ചെയ്തിട്ടില്ലെന്ന് കെ എൻ എം നേതൃത്വം വിശദീകരിച്ചു. കഴിഞ്ഞ മാസം അവസാനം ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച പോലീസ് ഉദ്യോഗസ്ഥരുടെ റിപോർട്ട് പുറത്തുവിട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഡി ജി പിമാരുടെയും ഐ ജിമാരുടെയും ദേശീയതല യോഗത്തിലാണ് തീവ്രവാദ സംഘടനകളുടെ കൂട്ടത്തിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ജനുവരി 20 മുതൽ 22 വരെ ഡൽഹിയിൽ നടന്ന കോൺഫറൻസിൽ ഉദ്യോഗസ്ഥർ സമർപ്പിച്ച പ്രബന്ധങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, പിന്നീട് ഇത് നീക്കം ചെയ്തതായും റിപോർട്ടിലുണ്ട്.

ഇസ്‌ലാമിസ്റ്റ് സംഘടനകൾ ലോകത്തെ രണ്ട് വിഭാഗങ്ങളായി വേർതിരിക്കുകയാണ്. മുസ്‌ലിംകളും ബാക്കിയുള്ളവരും. പി എഫ് ഐയും അനുബന്ധ സംഘടനകളും, ദഅ്‌വത്ത്- ഇസ്‌ലാമി തൗഹീദ്, കേരള നദ്‌വത്തുൽ മുജാഹിദീൻ തുടങ്ങിയ സംഘടനകൾ ഇതിന് ഉദാഹരണമാണെന്ന് റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വി എച്ച് പിയും ബജ്‌റംഗ്ദളും തീവ്ര സ്വഭാവമുള്ള സംഘടനകളാണെന്നും ഒരു ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപോർട്ടിലുണ്ട്.

അതേസമയം, ഇത്തരത്തിലുള്ള റിപോർട്ടുകൾ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമുണ്ടാകില്ലെന്ന് കെ എൻ എം വൈസ് പ്രസിഡൻ്റ് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. മാധ്യമ വാർത്തകൾക്ക് പിറകെ പോകാനോ അവർക്കെതിരെ നടപടികൾക്ക് പോകാനോ സമയമില്ല. നിരവധി സംഘടനകളും വ്യക്തികളും സാമൂഹിക മാധ്യമങ്ങളിലും പൊതുവേദികളിലും കെ എൻ എം തീവ്രവാദികളാണെന്ന് പറയുന്നുണ്ട്. തങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രതികരിച്ചു.