Connect with us

International

പെരുന്നാളില്ലാതെ ഖാൻ യൂനുസ്

എങ്ങും അവശിഷ്ടങ്ങൾ മാത്രം

Published

|

Last Updated

ഗസ്സാ സിറ്റി | റമസാന്റെ അവസാന ദിനമായ ഇന്നലെ ഖാൻ യൂനുസിലേക്ക് മടങ്ങിയെത്തുന്നവർക്ക് കാണേണ്ടി വന്നത് എങ്ങും അവശിഷ്ടങ്ങൾ മാത്രം. ഇന്ന് ലോകമെങ്ങും പെരുന്നാൾ ആഘോഷിക്കുന്പോൾ വീടുകളും കടകളും നിലനിന്നിരുന്ന സ്ഥലത്തെ മാലിന്യ കൂമ്പാരങ്ങൾ നോക്കി വേദനയോടെ നെടുവീർപ്പിടുകയാണ് ഗസ്സക്കാർ. വെള്ളമില്ല, വൈദ്യുതിയില്ല, മതിലുകളില്ല, വാതിലുകളില്ല, അവശിഷ്ടങ്ങൾക്കടിയിൽ മൂന്നോ നാലോ മാസങ്ങൾക്കു ശേഷം പൂർണമായി അഴുകിയ മൃതദേഹങ്ങൾ. ഇതുവരെ 80 ഓളം മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ പറഞ്ഞു. ഗസ്സ ഇനി ഒരിക്കലും പഴയതു പോലെയാകില്ല. പ്രദേശവാസികൾ പറഞ്ഞു. യുദ്ധം നിർത്താനും പട്ടിണി കിടക്കുന്നവർക്ക് കൂടുതൽ മാനുഷിക സഹായം അനുവദിക്കാനും ആവശ്യപ്പെട്ട് ഇസ്റാഈൽ അന്താരാഷ്ട്ര സമ്മർദം നേരിടുന്ന സാഹചര്യത്തിലാണ് ഖാൻ യൂനുസിൽ നിന്നുള്ള പിൻവാങ്ങൽ.

അതിനിടെ ക്ഷാമം നേരിടുന്ന ഗസ്സയിലേക്ക് ഭക്ഷ്യസഹായവുമായെത്തുന്ന വാഹനവ്യൂഹങ്ങളെ ഇസ്റാഈൽ തടയുന്നതായി യു എൻ വ്യക്തമാക്കി. 70 ശതമാനം ആളുകളും പട്ടിണി നേരിടുന്ന വടക്ക് ഭാഗത്തേക്കുള്ള ഭക്ഷണ വാഹനങ്ങളുടെ എണ്ണം മറ്റേതൊരു മാനുഷിക വാഹന വ്യൂഹങ്ങളേക്കാളും മൂന്ന് മടങ്ങ് കൂടുതലാണ്. യുനൈറ്റഡ് നാഷൻസിന്റെ മാനുഷിക ഏജൻസി വക്താവ് ജെൻസ് ലാർകെ ജനീവയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ജനുവരി മുതൽ വടക്കൻ ഗസ്സയിലേക്ക് ഭക്ഷണമെത്തിക്കാൻ കഴിയുന്നില്ലെന്ന് യു എൻ ആർ ഡബ്ല്യു എ പറഞ്ഞു. കണക്കനുസരിച്ച്, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ, ഗസ്സയിലെ എല്ലാ ഭക്ഷ്യ സഹായ ദൗത്യങ്ങളുടെയും 40 ശതമാനം പ്രവേശത്തിന് മാത്രമേ ഇസ്റാഈൽ അനുമതി നൽകിയിട്ടുള്ളൂ. സംഘർഷം ആരംഭിച്ചതിനു ശേഷം ആദ്യമായി കഴിഞ്ഞ ദിവസം 419 ട്രക്കുകൾ പ്രവേശിച്ചതായി ഇസ്റാഈൽ പറഞ്ഞു,

തിങ്കളാഴ്ച വൈകിട്ട് മുതൽ അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇസ്റാഈൽ സേന 20 അറസ്റ്റുകൾ നടത്തിയതായി ഫലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റി അറിയിച്ചു. തുൽക്കറം, ബത‌്‌ലഹേം, ഹെബ്രോൺ, റാമല്ല, നബ്‌ലസ്, തുബാസ്, ജറുസലം ഗവർണറേറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു മിക്ക അറസ്റ്റുകളും. ഇതോടെ ഒക്ടോബർ ഏഴ് മുതൽ വെസ്റ്റ് ബാങ്കിൽ നിന്ന് അറസ്റ്റിലായ ഫലസ്തീനികളുടെ എണ്ണം 8,165 ആയി.

വടക്കൻ ഗസ്സയിൽ ഇസ്റാഈൽ നടത്തിയ ബോംബാക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. സെയ്ടൗൺ പരിസരത്ത് സൈന്യം രണ്ട് വീടുകൾക്ക് നേരെ ബോംബെറിഞ്ഞു. നഗരത്തിന്റെ കിഴക്ക് ഭാഗത്തുള്ള സലാ അൽ-ദിൻ തെരുവിൽ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി വഫ റിപോർട്ട് ചെയ്തു. ശുജയ, സബ്റ, താൽ അൽ-ഹവ, ശൈഖ് ഇജ്‌ലിൻ എന്നിവയുടെ സമീപപ്രദേശങ്ങളിൽ ഷെല്ലാക്രമണം നടത്തിയതായും വഫ പറഞ്ഞു. ഗസ്സാ മുനമ്പിൽ ഉടനീളം കൂടുതൽ വ്യോമാക്രമണങ്ങൾ നടന്നു. ദീർ അൽ-ബലാഹിന്റെ കിഴക്കുഭാഗത്ത്, വീടിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അതിനിടെ ഇസ്റാഈലിനെതിരെ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ലണ്ടനിലെ ലേബർ പാർട്ടി ആസ്ഥാനത്ത് ചുവന്ന പെയിന്റ് വിതറിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ 153 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതോടെ ഒക്ടോബർ ഏഴ് മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം 33,360 ആയി. 75,993 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.

---- facebook comment plugin here -----

Latest