Connect with us

Editorial

കേരളം മറ്റൊരു ചരിത്ര നേട്ടത്തിലേക്ക്

അതിദാരിദ്ര്യമുക്തത മികച്ച നേട്ടമാണെങ്കിലും അത് യാത്രയുടെ അവസാനമല്ല. അദൃശ്യ ദാരിദ്ര്യ(പോഷകാഹാരക്കുറവ്)ത്തില്‍ നിന്നുള്ള മുക്തി, സാമ്പത്തിക അസമത്വം കുറക്കുക, തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുക, പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വയം പര്യാപ്തത തുടങ്ങി താണ്ടാന്‍ ഇനിയും ഏറെയുണ്ട് വഴികള്‍.

Published

|

Last Updated

സാമൂഹിക വികസനത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, സാമൂഹിക നീതി, പൊതുവിതരണ സംവിധാനം തുടങ്ങി പല മേഖലകളിലും കേരളത്തിന്റെ മുന്നേറ്റം ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കേരളത്തിന്റെ ഈ വികസനക്കുതിപ്പില്‍ മറ്റൊരു നാഴികക്കല്ലാണ് ‘അതിദാരിദ്ര്യമുക്ത സംസ്ഥാനം’ പദവിയിലേക്കുള്ള ചുവടുവെപ്പ്. നവംബര്‍ ഒന്നിന്, കേരളപ്പിറവി ദിനത്തില്‍ കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് സംസ്ഥാനം കൈവരിച്ച ഈ ചരിത്ര നേട്ടത്തിന്റെ പ്രഖ്യാപനം.

യാദൃച്ഛികമോ സമീപകാലത്ത് പൊടുന്നനെ നേടിയെടുത്തതോ അല്ല ഈ അപൂര്‍വ നേട്ടം. മാറിമാറി വന്ന ഭരണകൂടങ്ങളുടെ പതിറ്റാണ്ടുകളായുള്ള ശ്രമത്തിലൂടെയും സാമൂഹിക, സന്നദ്ധ പ്രസ്ഥാനങ്ങളുടെ സേവന പ്രവര്‍ത്തനങ്ങളിലൂടെയുമാണ് നിരന്തരം കേന്ദ്ര അവഗണന നേരിടുന്ന സംസ്ഥാനത്ത് നിന്ന് അതിദാരിദ്ര്യം തുടച്ചു നീക്കാനായത്. പിണറായി സര്‍ക്കാറിന്റെ വരവോടെ ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് വേഗം കൂടി. 2021ല്‍ പിണറായി സര്‍ക്കാറിന്റെ ആദ്യമന്ത്രിസഭാ യോഗത്തിലെ ആദ്യതീരുമാനമായിരുന്നു അതിദാരിദ്ര്യമുക്ത കേരളം.

ലോക ബേങ്ക് മാനദണ്ഡമനുസരിച്ച് 2.15 ഡോളറിനു താഴെ ദിവസ വരുമാനമുള്ളവരാണ് അതിദരിദ്രര്‍. പുതിയ ലോകസാഹചര്യത്തില്‍ ദാരിദ്ര്യത്തെ അളക്കുന്നതില്‍ വരുമാന മൂല്യം മാത്രം മാനദണ്ഡമാക്കുന്നത് ശരിയല്ലെന്ന കാഴ്ചപ്പാടില്‍ ഇപ്പോള്‍ പോഷകാഹാരം, വിദ്യാഭ്യാസം, പാചക ഇന്ധനം, ശുദ്ധജലം, ശുചിത്വം, വൈദ്യുതി, വീട്, ശിശുമരണം തുടങ്ങി പന്ത്രണ്ട് ഘടകങ്ങള്‍ പരിഗണിച്ചാണ് ദാരിദ്ര്യസൂചിക തയ്യാറാക്കുന്നത്. നിതി ആയോഗിന്റെ ദാരിദ്ര്യ സൂചികാ റിപോര്‍ട്ട് പ്രകാരം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്താണ്. 0.71 ശതമാനമാണ് 2021ലെ നിതി ആയോഗിന്റെ റിപോര്‍ട്ടില്‍ സംസ്ഥാനത്തെ അതിദരിദ്രര്‍. ബിഹാറിലാണ് ഏറ്റവും കുടുതല്‍. 33.76 ശതമാനം. ഝാര്‍ഖണ്ഡ് 28.81 ശതമാനം, മേഘാലയ 27.79 ശതമാനം, ഉത്തര്‍പ്രദേശ് 22.93 ശതമാനം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി.

2023ലെ ബജറ്റിനു മുന്നോടിയായി നിയമസഭയില്‍ വെച്ച സാമ്പത്തിക അവലോകന റിപോര്‍ട്ട് പ്രകാരം 64,006 ആണ് കേരളത്തിലെ അതിദാരിദ്ര്യ കുടുംബങ്ങളുടെ എണ്ണം. സര്‍ക്കാറിന്റെ സമയബന്ധിതമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി 2025 മാര്‍ച്ചോടെ 50,401 കുടുംബങ്ങള്‍ അതിദാരിദ്ര്യാവസ്ഥയില്‍ നിന്ന് മുക്തരായി. ജനകീയ പങ്കാളിത്തത്തോടെ സമഗ്ര സര്‍വേ നടത്തി അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയാണ് ഈ നേട്ടം കൈവരിച്ചത്. അവശേഷിക്കുന്ന 13,605 കുടുബങ്ങളില്‍ കുറേ പേര്‍ സ്വയം പ്രയത്നത്തിലൂടെ ദാരിദ്ര്യമുക്തി നേടി. അവശേഷിക്കുന്നവരില്‍ നല്ലൊരു വിഭാഗം സര്‍ക്കാര്‍ സേവനം എത്തിക്കാന്‍ സാധിക്കാത്ത നാടോടികളാണ്. അവരെ കണ്ടെത്തി ആവശ്യമായ സംരക്ഷണവും ജീവിത-പാര്‍പ്പിട സൗകര്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി രാജേഷ് അറിയിച്ചു. ദരിദ്രരുടെ വിശപ്പകറ്റുക മാത്രമല്ല സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്; മൈക്രോ പ്ലാനുകളും (താഴെത്തട്ടില്‍ തയ്യാറാക്കുന്ന വിശദമായ പ്രവര്‍ത്തന പദ്ധതി) ഉപപദ്ധതികളും തയ്യാറാക്കി യഥാസമയം ചികിത്സാ സൗകര്യങ്ങളും മരുന്നും ഏര്‍പ്പെടുത്തുക, ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുക, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഉറപ്പാക്കുക തുടങ്ങിയ പദ്ധതികളിലൂടെ അവരുടെ ജീവിതനിലവാരം ഉയര്‍ത്തുക കൂടിയാണ് ലക്ഷ്യം. സര്‍ക്കാറിന്റെ ക്ഷേമപദ്ധതികള്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ വലിയ പങ്കുവഹിച്ചതായി നിതി ആയോഗ് റിപോര്‍ട്ടില്‍ പറയുന്നു.

അതിദാരിദ്ര്യമുക്തത മികച്ച നേട്ടമാണെങ്കിലും അത് യാത്രയുടെ അവസാനമല്ല. അദൃശ്യ ദാരിദ്ര്യ(പോഷകാഹാരക്കുറവ്)ത്തില്‍ നിന്നുള്ള മുക്തി, സാമ്പത്തിക അസമത്വം കുറക്കുക, തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുക, പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വയം പര്യാപ്തത തുടങ്ങി താണ്ടാന്‍ ഇനിയും ഏറെയുണ്ട് വഴികള്‍. നിതി ആയോഗിന്റെ 2024ലെ റിപോര്‍ട്ടില്‍ കേരളം നേരിടുന്ന പോഷകാഹാരക്കുറവിനെക്കുറിച്ച് എടുത്തുപറയുന്നുണ്ട്. സംസ്ഥാനത്ത് 16.44 ശതമാനം പേര്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. കുട്ടികളിലാണ് ഇത് കൂടുതല്‍. അവരുടെ ആരോഗ്യകരമായ വളര്‍ച്ചയെയും ബുദ്ധിവികാസത്തെയും സാരമായി ബാധിക്കും പോഷകാഹാരക്കുറവ്. അങ്കണ്‍വാടികളും സ്‌കൂളുകളും വഴി പോഷകാഹാര ലഭ്യത ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആദിവാസി മേഖലയിലും മത്സ്യബന്ധന സമൂഹത്തിലും ഗ്രാമീണ മേഖലകളിലും പ്രശ്നം ഇപ്പോഴും തുടരുന്നു.

വികസന കേരളത്തെയും സംസ്ഥാനത്തിന്റെ ദാരിദ്ര്യനിര്‍മാര്‍ജന നേട്ടത്തെയും പറയുമ്പോള്‍ പ്രവാസികളെ സ്മരിക്കാതെ വയ്യ. ഗള്‍ഫ് നാടുകളിലേക്കും മറ്റുമുള്ള കുടിയേറ്റം ഉണ്ടായിരുന്നില്ലെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നുവെന്ന സാമൂഹിക ശാസ്ത്രജ്ഞരുടെ ചോദ്യം പ്രസക്തമാണ്. കേരളം മറ്റൊരു ബിഹാര്‍ ആകുമായിരുന്നുവെന്നാണ് സാമൂഹിക വിദഗ്ധരുടെ വിലയിരുത്തല്‍. കേരള സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് മുന്‍ പ്രൊഫസര്‍ ഉദയരാജന്റെ അഭിപ്രായത്തില്‍, ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നെങ്കില്‍ കേരളം ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും സംഘര്‍ഷങ്ങളുടെയും കേന്ദ്രമായി മാറുമായിരുന്നു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയിലും ദാരിദ്ര്യനിര്‍മാര്‍ജനത്തിലും വിദേശ മലയാളികളുടെ പങ്ക് വളരെ വലുതാണ്.