Kerala
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കര്‍ഷക സംഗമം ഒക്ടോബര്‍ ഒന്നിന്
കൃഷി ഒരു സംസ്‌കാരമായി കാണുന്ന നവ കര്‍ഷകരെ രൂപപ്പെടുത്തുന്നതിനും വിഷരഹിതമായ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ സംവിധാനങ്ങളെ കുറിച്ച് സംഗമം ചര്‍ച്ച ചെയ്യും.
കേരള യാത്രയുടെ പ്രചാരണ ഭാഗമായി കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ യാത്രയുടെ ഉദ്ഘാടനം സമസ്ത ജില്ലാ ട്രഷറര്‍ ഡോ. അലി അല്‍ ഫൈസി നിര്‍വഹിക്കുന്നു.
കോഴിക്കോട് | സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് നടപ്പിലാക്കുന്ന കര്‍മ സാമയികത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള കര്‍ഷകരുടെ സംസ്ഥാന സംഗമം ഒക്ടോബര്‍ ഒന്നിന് മലപ്പുറം എടരിക്കോട് താജുല്‍ ഉലമ ടവറില്‍ നടക്കും. കൃഷി ഒരു സംസ്‌കാരമായി കാണുന്ന നവ കര്‍ഷകരെ രൂപപ്പെടുത്തുന്നതിനും വിഷരഹിതമായ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ സംവിധാനങ്ങളെ കുറിച്ച് സംഗമം ചര്‍ച്ച ചെയ്യും. മന്ത്രിമാര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, സംഘടനാ നേതാക്കള്‍ പ്രസംഗിക്കും.
താജുല്‍ ഉലമ ടവറില്‍ നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ സ്വാഗത സംഘം രൂപവത്കരിച്ചു. ഹൈദ്രോസ് ഹാജി എറണാകുളം (ചെയര്‍മാന്‍), അലിയാര്‍ ഹാജി കക്കാട് (ജനറല്‍ കണ്‍വീനര്‍), സുലൈമാന്‍ ഇന്ത്യനൂര്‍ (ഫിനാന്‍സ് കണ്‍വീനര്‍), വള്ളിയാട് മുഹമ്മദലി സഖാഫി, മൊയ്തീന്‍ ഹാജി വേങ്ങര (വൈസ് ചെയര്‍മാന്‍) ഗഫൂര്‍ മാസ്റ്റര്‍, മുഹമ്മദ് മാസ്റ്റര്‍ എടരിക്കോട് (ജോയിന്റ് കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍.
സംസ്ഥാന സമിതിയംഗങ്ങളും, ജില്ലാ, സോണ്‍, സര്‍ക്കിള്‍ ഇ സിമാരും സ്വാഗത സംഘം അംഗങ്ങളായിരിക്കും. യോഗത്തില്‍ മുഹമ്മദലി പുത്തനത്താണി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ വിഷയാവതരണം നടത്തി. അലിയാര്‍ ഹാജി കക്കാട് സ്വാഗതവും ഉസ്മാന്‍ ചെറുശ്ശോല നന്ദിയും പറഞ്ഞു.




