Connect with us

flood

കേരളം 2018ന് മുമ്പും ശേഷവും

വെള്ളപ്പൊക്കവും പേമാരിയും കേരളത്തിന്റെ മുഖം തന്നെ മാറ്റിമറിച്ചു. സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായും വലിയ തിരിച്ചടിയാണ് കേരളം നേരിട്ടത്. ഒരുപക്ഷേ, ഈ വിഷയത്തില്‍ 2018ന് മുമ്പും ശേഷവും എന്ന് രണ്ടായി വിഭജിച്ചു പരിശോധിക്കുന്നതില്‍ തെറ്റില്ല.

Published

|

Last Updated

ണവും തെളിഞ്ഞ ആകാശവും സമൃദ്ധിയും ശീലമുള്ള ആഗസ്റ്റ് മാസം ഇപ്പോള്‍ മലയാളിയുടെ നെഞ്ചിലെ നെരിപ്പോടാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആഗസ്റ്റ് മാസം നമുക്ക് ദുരന്തങ്ങളുടേത് കൂടെയാണ്. വെള്ളപ്പൊക്കം, പേമാരി, ഉരുള്‍പൊട്ടല്‍ എന്നിങ്ങനെ നീണ്ടുപോകുന്ന ഉദാഹരണങ്ങള്‍. ഇക്കൊല്ലവും ഒരു വലിയ ഭയത്തിന്റെ മുനമ്പില്‍ തന്നെയാണ് നാം. അപ്രതീക്ഷിതമായി മഴ വീണ്ടും ശക്തിപ്രാപിക്കുമ്പോള്‍ നഷ്ടങ്ങള്‍ ഒരുവശത്ത് കുന്നുകൂടുകയാണ്. മാറിയ നമ്മുടെ മഴക്കാലത്തിന്റെ ഉള്ളറയിലേക്കാണ് ഈ ഹ്രസ്വമായ ഒരന്വേഷണം നീളുന്നത്.

മഴസങ്കല്‍പ്പങ്ങള്‍

മലയാളിയുടെ മഴസങ്കല്‍പ്പങ്ങള്‍ എല്ലാം ഇപ്പോള്‍ തകിടം മറിഞ്ഞിരിക്കുകയാണ്. ഗൃഹാതുരത്വത്തോടെ മാത്രം നാം നോക്കിക്കണ്ടിരുന്ന മഴ ഇപ്പോള്‍ വര്‍ഷങ്ങളായി നമ്മുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്. പ്രതീക്ഷിക്കാതെയെത്തുന്ന മഴ, തുടര്‍ന്ന് പേമാരി, ഉരുള്‍പൊട്ടല്‍ എന്നിങ്ങനെ പ്രകൃതിക്ഷോഭം ഇന്ന് സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. പണ്ടൊക്കെ അപൂര്‍വമായി സംഭവിച്ചിരുന്ന വെള്ളപ്പൊക്കം ഇന്ന് എല്ലാ വര്‍ഷവും ധാരാളം ജീവനുകള്‍ കവരുകയും നഷ്ടത്തിന്റെ കണക്കുകള്‍ ബാക്കിയാക്കുകയും ചെയ്യുന്നു. എന്താവാം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇങ്ങനെ പെട്ടെന്നുള്ള മാറ്റത്തിന് കാരണം? ശാസ്ത്രീയമായി പരിശോധിക്കുമ്പോള്‍ ഒന്നിലേറെ കാരണങ്ങള്‍ അതിനു പിന്നില്‍ കാണാന്‍ കഴിയും. അതില്‍ പലതും മനുഷ്യന്റെ ഇടപെടലുകള്‍ മൂലം സംഭവിക്കുന്നതാണ് എന്ന് തിരിച്ചറിയുമ്പോഴാണ് നാം ഇനിയും ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ ഏറെനാള്‍ മനുഷ്യന് ഈ ഭൂമിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുകയില്ല എന്ന തിരിച്ചറിവിലേക്ക് നാം എത്തുന്നത്. പേമാരിയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും തുടര്‍ക്കഥയാകുമ്പോള്‍ അതിനു പിന്നിലെ കാര്യകാരണങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്.

ദുരന്തത്തിന്റെ തുടര്‍ക്കഥകള്‍

2015 കേരളത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള വര്‍ഷമായിരുന്നു. ഒരര്‍ഥത്തില്‍ പ്രകൃതിയുടെ തിരിച്ചടി ഏറ്റവും പ്രകടമായി തുടങ്ങിവെച്ച വര്‍ഷം. 2015ലെ കൊടും വരള്‍ച്ച, പിന്നാലെ 2017ലെ ഓഖി ദുരന്തം, 2018ലെ നൂറ്റാണ്ടിന്റെ പ്രളയം, 2019ല്‍ ലഘു മേഘവിസ്ഫോടനം മൂലം കവളപ്പാറ, പുത്തുമല പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലും മിന്നല്‍ പ്രളയവും, തൊട്ടടുത്ത വര്‍ഷം 2020ല്‍ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടല്‍, 2021ല്‍ കൂട്ടിക്കല്‍, കൊക്കയാര്‍ പ്രദേശങ്ങളില്‍ ഉണ്ടായ പ്രകൃതിദുരന്തങ്ങള്‍ എന്നിങ്ങനെ ഓരോ വര്‍ഷങ്ങളിലും ഇടമുറിയാതെ പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ഇതിനു പിന്നിലെ കാരണങ്ങള്‍ കാലാവസ്ഥാ വിദഗ്ധന്‍ അക്കമിട്ടുനിരത്തുമ്പോഴും പിന്നീട് അതാവര്‍ത്തിക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. മുമ്പൊക്കെ ഇത്തരം സംഭവങ്ങള്‍ വളരെ വിരളമായി മാത്രം സംഭവിക്കുമ്പോള്‍ മുന്‍കരുതലുകള്‍ക്ക് ശ്രമം ഉണ്ടായിട്ടില്ലയെങ്കിലും ഇതുപോലെ തുടര്‍ക്കഥയാകുന്ന അവസരത്തില്‍ ക്രിയാത്മകമായ മുന്‍കരുതലുകള്‍ക്ക് ആയിരങ്ങളുടെ ജീവന്റെ വിലയുണ്ട്.

വഴിത്തിരിവായ “2018′

എത്രയോ വര്‍ഷങ്ങളായി കാലാവസ്ഥയിലും പ്രകൃതിയുടെ ചൂഷണങ്ങള്‍ മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളിലും വലിയ മാറ്റങ്ങള്‍ വരാന്‍ തുടങ്ങിയെങ്കിലും അക്കാര്യത്തില്‍ പ്രകൃതിയില്‍ നിന്ന് അന്ത്യശാസനം കിട്ടിയത് 2018ലെ നൂറ്റാണ്ടിന്റെ പ്രളയത്തോടെയായിരുന്നു. മനുഷ്യന്റെ അഹങ്കാരത്തിനുള്ള ആദ്യത്തെ തിരിച്ചടിയായിരുന്നു അത്. അന്ന് മുതല്‍ ഇങ്ങോട്ട് ഓരോ വര്‍ഷവും മഴയുടെ മുഖം ഭീകരതയുടേതായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളിലൊക്കെ അത്രമേല്‍ ഇല്ലെങ്കില്‍ പോലും വെള്ളപ്പൊക്കവും പേമാരിയും കേരളത്തിന്റെ മുഖം തന്നെ മാറ്റിമറിച്ചു. സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായും വലിയ തിരിച്ചടിയാണ് കേരളം നേരിട്ടത്. ഒരുപക്ഷേ, ഈ വിഷയത്തില്‍ 2018ന് മുമ്പും ശേഷവും എന്ന് രണ്ടായി വിഭജിച്ചു പരിശോധിക്കുന്നതില്‍ തെറ്റില്ല.

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും

ഓരോ പ്രകൃതിക്ഷോഭത്തിനു പിന്നാലെയും നൂറ്റൊന്നാവര്‍ത്തിക്കുന്ന രണ്ട് വാക്കുകളാണ് ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും. എന്നാല്‍ അവ അത്രമേല്‍ മനുഷ്യ ജീവിതത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തുമ്പോഴും, ലോകരാജ്യങ്ങള്‍ പോലും സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുമ്പോഴും അതിന് നാമോരോരുത്തരുടെയും പങ്ക് എത്രമാത്രമുണ്ട് എന്നും അത് എവിടെ എത്തിനില്‍ക്കുന്നു എന്നും നാം ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
തീര്‍ച്ചയായും നാമിപ്പോള്‍ അനുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ക്കു പിന്നില്‍ മേല്‍സൂചിപ്പിച്ച വിഷയങ്ങള്‍ക്ക് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. ലഘു മേഘവിസ്‌ഫോടനങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലുകളുടെയും കനത്ത മഴയുടെയും ഒക്കെ കാരണമെന്ന് പറഞ്ഞുവല്ലോ. ആഗോളതാപനം മൂലമാണ് ഇത്തരത്തില്‍ മേഘങ്ങളുടെ വലിപ്പം വല്ലാതെ വര്‍ധിക്കുന്നതും അത് കൂട്ടമായി ഒരു പ്രത്യേക പ്രദേശത്ത് മാത്രമായി കനത്ത മഴക്ക് കാരണമാകുകയും അത് ഉരുള്‍പൊട്ടലിലേക്ക് നയിക്കുകയും ചെയ്യുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മറ്റെല്ലാ സമുദ്രങ്ങളേക്കാളും വേഗത്തിലാണ് അറബിക്കടല്‍ ചൂടാകുന്നത്. കടലിന്റെ മുകളിലുള്ള വായു ചൂടാകുകയും അത് മുകളിലേക്ക് ഉയരുകയും ആ ഭാഗത്തേക്ക് സമീപത്തുള്ള പ്രദേശങ്ങളില്‍ നിന്ന് വായു വേഗത്തില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന മാറ്റമാണ് ന്യൂനമര്‍ദത്തിനും ചുഴലിക്കാറ്റിനും കാരണമാകുന്നത്. ഈ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കടലിന്റെ സമീപത്തുള്ള പ്രദേശങ്ങളില്‍ കൂടുതലായി മഴ ലഭിക്കുന്നു. അത് ചുരുങ്ങിയ സമയങ്ങളിലേക്ക് മാറ്റപ്പെടുമ്പോഴാണ് ലഘു മേഘവിസ്‌ഫോടനങ്ങളും ഉരുള്‍പൊട്ടലും ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ വെറും വാക്കുകള്‍ മാത്രമല്ലെന്നും നാം ഓരോ ദിവസവും അനുഭവിച്ചു കൊണ്ടിരിക്കുന്ന പാരിസ്ഥിതിക മാറ്റത്തിന്റെ തന്നെ ഭാഗമാണെന്നും നാം മനസ്സിലാക്കണം. അതിനനുസരിച്ച് അത് ഒഴിവാക്കാന്‍ ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള ശ്രമങ്ങളാണ് നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്.

എക്കല്‍ അടിഞ്ഞ ജലാശയങ്ങള്‍

വര്‍ഷങ്ങളായി മലയോര പ്രദേശങ്ങളില്‍ നിന്ന് ഒഴുകിവരുന്ന മഴവെള്ളത്തിനൊപ്പം കേരളത്തിലെ ജലാശയങ്ങളില്‍ ടണ്‍ കണക്കിന് എക്കല്‍ മണ്ണാണ് എത്തുന്നത്. ഫലഭൂയിഷ്ഠമായ ഈ മണ്ണാവട്ടെ യാതൊരു ഉപയോഗവുമില്ലാതെ ജലാശയങ്ങളുടെ അടിത്തട്ടില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. ഇവ അവിടെ നിക്ഷേപിക്കപ്പെടുന്നത് വര്‍ഷങ്ങളോളം ആവര്‍ത്തിക്കപ്പെടുമ്പോള്‍ വലിയ തിട്ടകളായി മാറുകയും ജലാശയത്തിന് കൂടുതല്‍ ജലത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരികയും ചെയ്യുന്നു. പിന്നീട് നിര്‍ത്താതെ പെയ്യുന്ന മഴയെത്തുടര്‍ന്ന് വെള്ളപ്പാച്ചില്‍ ഉണ്ടാകുകയും കടലിലേക്ക് പോകുന്ന ജലത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു. ഇത് മൂലം വെള്ളം ഉയരാനും അത് വെള്ളപ്പൊക്കത്തിനും കാരണമാകുന്നു.

2018ല്‍ കനത്ത പേമാരിയെത്തുടര്‍ന്ന് അണക്കെട്ടുകള്‍ നിറയുകയും അതിന്റെ ഭാഗമായി വെള്ളം ഒരുമിച്ചു തുറന്നുവിടേണ്ട അവസ്ഥ സംജാതമാകുകയും ചെയ്തു. എന്നാല്‍ വെള്ളം നദികളിലൂടെ ഒഴുകി കടലിലേക്ക് പോകാനുണ്ടായ താമസവും എക്കല്‍ അടിഞ്ഞുകൂടിയ പുഴക്ക് അത്രയുമധികം ജലത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയതുമാണ് 2018ല്‍ ഉണ്ടായ ദുരന്തം സംഭവിക്കാനുള്ള പ്രധാന കാരണം. അതില്‍ നിന്ന് നാം പാഠം പഠിച്ചിട്ടില്ല എന്നതാണ് ഇപ്പോഴും ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണം. കായലുകളില്‍ നിന്നും മറ്റു ജലാശയങ്ങളില്‍ നിന്നും വേണ്ടരീതിയില്‍ എക്കല്‍ നീക്കം ചെയ്യാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. ഇനിയും ഇങ്ങനെ പോകുകയാണെങ്കില്‍ വരും വര്‍ഷങ്ങളിലും ഇതില്‍ വലിയൊരു മാറ്റം നാം പ്രതീക്ഷിക്കേണ്ടതുമില്ല.

ദീര്‍ഘവീക്ഷണമില്ലാത്ത ഭൂവിനിയോഗം

അശാസ്ത്രീയമായ ഭൂവിനിയോഗം ഇന്ന് അതിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. നദികള്‍ക്ക് അവയുടേതായ ഒരു പാതയുണ്ട്. കൃത്യമായി ഓരോ ഋതുക്കളിലും അവ ഒഴുകിക്കൊണ്ടേയിരിക്കുകയും ചെയ്യും. എന്നാല്‍ നദികളൊഴുകുന്ന വഴികളും പൊന്നുവിളയുന്ന പാടങ്ങളുമൊക്കെ നാം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കൊണ്ട് നിറച്ചു. ഒരു ചെറിയ മഴ പെയ്താല്‍ പോലും വെള്ളത്തിന് ഒഴുകിപ്പോകാന്‍ സ്ഥലമില്ലാതായിമാറി. അണക്കെട്ടുകളില്‍ നിറയുന്ന അധികജലം ഒഴുക്കിവിടാന്‍ നദികളില്‍ ആഴമില്ലാതാകുകയും നദികളുടെ സ്വാഭാവികമായ വീതി പോലും മനുഷ്യന്റെ കടന്നുകയറ്റത്തിന്റെ ഭാഗമായി ശോഷിക്കുകയും ചെയ്തു. ഈയവസ്ഥയില്‍ മനുഷ്യന്റെ കടന്നുകയറ്റത്തെ വെല്ലുവിളിച്ചുകൊണ്ട് നദികള്‍ സ്വാഭാവികമായ വഴികളിലൂടെ ഒഴുകുകയും വെള്ളപ്പൊക്കത്തിലേക്ക് വഴിതെളിയിക്കുകയും ചെയ്യുന്നു. ഇനിയും നാം ഭൂവിനിയോഗത്തില്‍ ശ്രദ്ധിക്കുകയും നദിയും പാടങ്ങളും കാടുകളുമൊക്കെ അതിന്റെ സ്വതഃസിദ്ധമായ രൂപത്തില്‍ തന്നെ സംരക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ പ്രകൃതി അതിന്റെ വഴിക്ക് കാര്യങ്ങള്‍ കൊണ്ടുപോകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

പരിഹാരമില്ലാതെ നീളുന്ന വഴികള്‍

പ്രകൃതി ദുരന്തങ്ങള്‍ക്ക് ഒരു സ്വഭാവമുണ്ട്. പ്രതിരോധമാണ് ചികിത്സയേക്കാള്‍ പ്രധാനമെന്ന് പറയുന്നതുപോലെ പ്രകൃതിയെ അതിനായി പ്രേരിപ്പിക്കാതെ അതിന്റെ സ്വച്ഛമായ യാത്രക്കൊപ്പം നാമും സഞ്ചരിക്കുകയാണ് ചെയ്യേണ്ടത്. നമ്മുടെ ശാസ്ത്രീയമായ കാലാവസ്ഥാ പ്രവചനങ്ങള്‍ ഇന്ന് ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. പക്ഷേ, ഒരു കാറ്റിന്റെ ചെറിയ ഗതിമാറ്റത്തിനു പോലും നമ്മുടെ കാലാവസ്ഥയെ സ്വാധീനിക്കാനുള്ള ശക്തിയുണ്ടെന്നു കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.
നമുക്ക് ലഭ്യമായ കാലാവസ്ഥാ പ്രവചനങ്ങള്‍ക്ക് ഉരുള്‍പൊട്ടലിന് കാരണമാകുന്ന ശക്തിയേറിയ ഒറ്റപ്പെട്ട മഴകള്‍ മുന്‍കൂട്ടി കണ്ടെത്താനുള്ള സിസ്റ്റം ഇപ്പോള്‍ ഉണ്ട്. ഏകദേശം ആറ് മണിക്കൂറിനു മുമ്പ് വരെ അത് സാധ്യമാകുന്നുണ്ട്. അതിലൂടെ ഒരു പരിധിവരെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കിലും, അവരുടെ ഒരു മനുഷ്യായുസ്സിലെ സമ്പാദ്യങ്ങള്‍ക്ക് ആരാണ് നഷ്ടപരിഹാരം നല്‍കുക. ഈ വിഷയത്തിലെ എല്ലാ പരിഹാരങ്ങളും എത്തിച്ചേരുന്നത് ഒരൊറ്റ ബിന്ദുവില്‍ തന്നെയാണ്. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചുകൊണ്ട് മാത്രമേ ഇനി നമുക്ക് ഈ ഭൂമിയില്‍ ജീവിതം സാധ്യമാകൂ എന്ന സത്യം. അത് ഉള്‍ക്കൊണ്ടു കൊണ്ട് മുന്നോട്ടു പോകാനാണ് നാം ആദ്യം ശ്രമിക്കേണ്ടത്.

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

---- facebook comment plugin here -----

Latest