Connect with us

LOCAL BODY ELECTIN 2025

കാസര്‍കോട്‌ ജില്ലാ പഞ്ചായത്ത്; പിലിക്കോട് ഡിവിഷന് രണ്ടാമൂഴത്തിനായി മനു; പിടിച്ചെടുക്കാന്‍ കരിമ്പില്‍ കൃഷ്ണന്‍

മൂന്ന് തവണ യു ഡി എഫിനെയും രണ്ട് തവണ എല്‍ ഡി എഫിനെയും വരിച്ച ഡിവിഷനാണ് പിലിക്കോട് ഡിവിഷന്‍

Published

|

Last Updated

തൃക്കരിപ്പൂര്‍ | ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നത് മുതല്‍ നടന്ന അഞ്ച് തിരഞ്ഞെടുപ്പുകളിലായി മൂന്ന് തവണ യു ഡി എഫിനെയും രണ്ട് തവണ എല്‍ ഡി എഫിനെയും വരിച്ച ഡിവിഷനാണ് ജില്ലാ പഞ്ചായത്തിലെ പിലിക്കോട് ഡിവിഷന്‍. സീറ്റ് നിലനിര്‍ത്താന്‍ ആര്‍ ജെ ഡിയിലെ മനുവും പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് കരിമ്പില്‍ കൃഷ്ണനും വോട്ടര്‍മാര്‍ക്കിടയില്‍ സജീവമാണ്. ബി ഡി ജെ എസിന്റെ കെ കുഞ്ഞികൃഷ്ണനും പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പ് ഗോദയിലുള്ളത്.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ പുത്തിലോട്ട്, കൊടക്കാട്, പിലിക്കോട്, തൃക്കരിപ്പൂര്‍ ടൗണ്‍, തങ്കയം, ഒളവറ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ ചേര്‍ന്നതാണ് ജില്ലാ പഞ്ചായത്ത് പിലിക്കോട് ഡിവിഷന്‍. ആകെ 42 പഞ്ചായത്ത് വാര്‍ഡുകള്‍. ഇതില്‍ പിലിക്കോട് പഞ്ചായത്തിലെ 18, തൃക്കരിപ്പൂരിലെ 23, വലിയപറമ്പിലെ ഒരു വാര്‍ഡ് എന്നിവ ഉള്‍പ്പെടുന്നു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ പിലിക്കോട്, പുത്തിലോട്ട്, കൊടക്കാട് എന്നിവ എല്‍ ഡി എഫും തങ്കയം, ഒളവറ, തൃക്കരിപ്പൂര്‍ ടൗണ്‍ എന്നിവ യു ഡി എഫുമാണ് വിജയിച്ചത്. പിലിക്കോട് 16ല്‍ 14 വാര്‍ഡുകള്‍ എല്‍ ഡി എഫിനാണ്.

തൃക്കരിപ്പൂരില്‍ ഏഴിടത്ത് എല്‍ ഡി എഫും 14 ഇടത്ത് യു ഡി എഫുമാണ്. വലിയപറമ്പിലെ മാടക്കാല്‍ വാര്‍ഡ് യു ഡി എഫാണ് വിജയിച്ചത്. മികച്ചൊരു കാല്‍പ്പന്തുകളിക്കാരനായ മനു യു ഡി എഫില്‍ നിന്ന് പിടിച്ചെടുത്തതാണ് പിലിക്കോട് ഡിവിഷന്‍. കളിക്കളത്തിലെ പന്തടക്കവും വേഗതയുമൊക്കെ തിരഞ്ഞെടുപ്പ് രംഗത്തും പ്രകടിപ്പിച്ചപ്പോള്‍ ഈ യുവ സോഷ്യലിസ്റ്റ് 2,325 വോട്ടിന്റെ ലീഡില്‍ കഴിഞ്ഞ തവണ യു ഡി എഫിന്റെ ഷാജി തൈക്കീലിനെ പരാജയപ്പെടുത്തി ഡിവിഷന്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ത്തു. അത് ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസവുമായാണ് രാഷ്ട്രീയ ജനതാദള്‍ തൃക്കരിപ്പൂര്‍ മീലിയാട്ട് സ്വദേശിയെ രണ്ടാമൂഴത്തിനായി രംഗത്തെത്തിച്ചിട്ടുള്ളത്.

അഞ്ച് വര്‍ഷക്കാലം മെമ്പറായി തുടരാനായതിനാലും രണ്ടര വര്‍ഷക്കാലം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും കൂടി വഹിച്ചതോടെ പ്രദേശത്ത് നടപ്പിലാക്കിയ വികസന പദ്ധതികള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ആര്‍ ജെ ഡി യുവജന വിഭാഗം ജില്ലാ പ്രസിഡന്റുകൂടിയായ മനു ജില്ലാ പഞ്ചായത്തില്‍ നിലവിലുള്ള ഭരണസമിതിയില്‍ നിന്ന് വീണ്ടും മത്സരിക്കുന്ന ഏക വ്യക്തി കൂടിയാണ്.

കെ പി സി സി അംഗവും ജില്ലയിലെ മുതിര്‍ന്ന നേതാവുമായ കരിമ്പില്‍ കൃഷ്ണനാണ് യു ഡി എഫ് സ്ഥാനാര്‍ഥി. നിയമസഭയിലേക്ക് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഒരു തവണ മത്സരിച്ച പാരമ്പര്യവുമായാണ് മത്സര രംഗത്തെത്തിയത്. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ഞണ്ടാടി സ്വദേശിയും കോണ്‍ഗ്രസ്സിന്റെ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ പ്രമുഖനായ നേതാവുമാണ്. ഡി സി സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ചെറുവത്തൂര്‍, പിലിക്കോട്, ചീമേനി ഭാഗങ്ങളില്‍ നടന്ന വിവിധ കളിയാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുക വഴി സമൂഹത്തിന്റെയിടയില്‍ തന്റെ പേര് അടയാള പ്പെടുത്തിയിട്ടുള്ള ജനനേതാവുകൂടിയാണ്.

ബി ഡി ജെ എസിന്റെ കെ കുഞ്ഞിക്കൃഷ്ണനാണ് എന്‍ ഡി എക്കായി മത്സര രംഗത്തുള്ളത്. ബി ഡി ജെ എസ് ജില്ലാ ട്രഷറര്‍, എസ് എന്‍ ഡി പി യോഗം ബോര്‍ഡ് അംഗം, തൃക്കരിപ്പൂര്‍ യൂനിയന്‍ കണ്‍വീനര്‍ കൂടിയാണ് മേനോക്ക് സ്വദേശിയായ കുഞ്ഞിക്കൃഷ്ണന്‍. രാമവില്യം കഴകം, കൂലേരി മുണ്ട്യ എന്നീ പ്രധാന ക്ഷേത്രങ്ങളുടെ മുന്‍ സെക്രട്ടറി എന്ന നിലയില്‍ സമൂഹത്തില്‍ നിറസാന്നിധ്യം കൂടിയായ കുഞ്ഞിക്കൃഷ്ണന്‍ കരുത്ത് തെളിയിക്കാനുള്ള ഒരുക്കത്തിലാണ്.

Latest