From the print
കരുവന്നൂർ ബേങ്ക് തട്ടിപ്പ്: സ്വത്തുവകകൾ കണ്ടുകെട്ടി
നടപടി എ സി മൊയ്തീന്റെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതിന് പിന്നാലെ.

തൃശൂര്‍ | കരുവന്നൂര്‍ ബേങ്കില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് സി പി എം നേതാവും എം എല്‍ എയുമായ എ സി മൊയ്തീന്റെ പേരിലുള്ള സ്ഥിര നിക്ഷേപം മരവിപ്പിച്ചതിന് പിന്നാലെ 36 പേരുടെ സ്വത്തുവകകളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നടപടികളുടെ ഭാഗമായി മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമാണ് കഴിഞ്ഞ ദിവസം മരവിപ്പിച്ചത്. ഇതിന് പിന്നാലെയാണ് 36 പേരുടെ സ്വത്തുവകകളും ഇ ഡി കണ്ടുകെട്ടിയത്. ഇവ കുറ്റകൃത്യവുമായി ബന്ധപ്പെട്ട സ്വത്തുക്കളാണെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന് 15 കോടി രൂപയുടെ മൂല്യമാണ് കണക്കാക്കിയിട്ടുള്ളത്.
സ്വത്തുക്കള്‍ കണ്ടുകെട്ടിയ 36 പേര്‍ ആരൊക്കെയാണെന്നത് സംബന്ധിച്ച വിശദീകരണം ഇ ഡി പുറത്തുവിട്ടിട്ടില്ല. കരുവന്നൂര്‍ ബേങ്കില്‍ മൊത്തം 150 കോടിയുടെ ക്രമക്കേട് നടന്നെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്. കേസില്‍ അറസ്റ്റിലായ ബേങ്ക് ഉദ്യോഗസ്ഥന്‍ എ കെ ബിജോയിയുടെ 30 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യാന്‍ മൊയ്തീനെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തുമെന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കരുവന്നൂര്‍ ബേങ്കില്‍ ബിനാമി വായ്പകള്‍ നല്‍കിയത് എ സി മൊയ്തീന്റെ നിര്‍ദേശപ്രകാരമാണെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.
ഒരാളുടെ സ്ഥലം ഈടായി വെച്ച് തന്നെ ഒന്നിലേറെ വായ്പകള്‍ നല്‍കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. സി പി എം നേതാക്കളുടെ ബിനാമി ഇടപാടുകാര്‍ എന്ന ആരോപണം നേരിടുന്നവര്‍ക്ക് കരുവന്നൂര്‍ ബേങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപ അനുവദിച്ചതായാണ് കണ്ടെത്തിയത്. മതിയായ ഈടില്ലാതെയാണ് ബേങ്കില്‍ തുകകള്‍ അനുവദിച്ചത്. ഇത് കേന്ദ്രീകരിച്ചാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം മുന്നോട്ട് പോകുന്നത്. നോട്ട് നിരോധന കാലത്ത് കരുവന്നൂര്‍ ബേങ്കില്‍ നിന്ന് വന്‍ തുക മാറിയെടുത്തതും ഇ ഡി പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇ ഡി പരിശോധന നടത്തിയ തൃശൂരിലെ മൂന്ന് വീടുകളിലൊന്ന് ചേര്‍പ്പിലെ അനില്‍ സേട്ടിന്റേതായിരുന്നു.
മഹാരാഷ്ട്രയില്‍ നിന്നെത്തി 42 വര്‍ഷമായി ചേര്‍പ്പിലും പരിസര പ്രദേശങ്ങളിലും സ്വര്‍ണ വ്യാപാരവും സ്വര്‍ണം പലിശക്ക് കൊടുക്കുന്ന ബിസിനസ്സും ചെയ്യുകയാണ് അനില്‍ സേട്ട്.