National
കരൂര്‍ ദുരന്തം: ടി വി കെ നേതാക്കള്‍ റിമാന്‍ഡില്‍
പാര്‍ട്ടി കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍, കരൂര്‍ സെന്‍ട്രല്‍ സിറ്റി സെക്രട്ടറി പൗന്‍ രാജ് എന്നിവരെയാണ് കരൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒക്ടോബര്‍ 14 വരെ റിമാന്‍ഡ് ചെയ്തത്.

ചെന്നൈ | കരൂര്‍ ദുരന്തത്തില്‍ രണ്ട് ടി വി കെ നേതാക്കള്‍ റിമാന്‍ഡില്‍. പാര്‍ട്ടി കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍, കരൂര്‍ സെന്‍ട്രല്‍ സിറ്റി സെക്രട്ടറി പൗന്‍ രാജ് എന്നിവരെയാണ് കരൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒക്ടോബര്‍ 14 വരെ റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ഇരു നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പരിപാടിക്ക് അനുമതി തേടി കത്ത് നല്‍കിയ മതിയഴകനെ നേരത്തെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ടി വി കെ പൊതുയോഗത്തിനുള്ള ഫ്‌ളക്‌സും കൊടിതോരണങ്ങളും ക്രമീകരിച്ച പൗന്‍രാജാണ് ഒളിവില്‍ പോകാന്‍ മതിയഴകനെ സഹായിച്ചതെന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, പാര്‍ട്ടിയുടെ വിഴുപുറം ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പന്‍ ജീവനൊടുക്കിയ സംഭവവുമുണ്ടായി. ഡി എം കെ നേതാവും മന്ത്രിയുമായ സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പെഴുതി വെച്ചാണ് അയ്യപ്പന്‍ ആത്മഹത്യ ചെയ്തത്. സെന്തില്‍ ബാലാജിയുടെ സമ്മര്‍ദം കാരണം വിജയ്യുടെ പരിപാടിക്ക് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നാണ് അയ്യപ്പന്‍ കുറിപ്പില്‍ ആരോപിക്കുന്നത്. വിജയ് ഫാന്‍സ് അസോസിയേഷന്‍ അംഗമായിരുന്നു വി അയ്യപ്പന്‍. പിന്നീട് വിജയ് പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ പാര്‍ട്ടി ഭാരവാഹിയാകുകയായിരുന്നു.