Ongoing News
ഹ്രസ്വ സന്ദർശനത്തിനായി കാന്തപുരം മാലിദ്വീപിലെത്തി
പ്രമുഖരുമായി അടുത്ത ദിവസങ്ങളിൽ കൂടിക്കാഴ്ച്ച നടത്തും.
മാലി | ഹ്രസ്വ സന്ദർശനത്തിനായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ മാലിദ്വീപിലെത്തി. ഒട്ടേറെ രാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കും കേരളത്തിനും വളരെ അടുത്തുള്ള ഈ ദ്വീപിൽ കാന്തപുരം സന്ദർശനം നടത്തുന്നത് ഇതാദ്യമാണ്. ഇവിടുത്തെ സാമൂഹിക, സാംസ്കാരിക സംരംഭങ്ങളെ നേരിട്ടറിയാനും അക്കാദമിക് രംഗത്ത് സഹകരണ മേഖലകൾ തുറക്കാനുമുള്ള പദ്ധതികൾ തയ്യാറാക്കുകയുമാണ് യാത്രാ ലക്ഷ്യം. പ്രമുഖരുമായി അടുത്ത ദിവസങ്ങളിൽ കൂടിക്കാഴ്ച്ച നടത്തും.
ആരോഗ്യ, വാണിജ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളവുമായി വളരെ നല്ല സൗഹൃദം പുലർത്തുന്നവരാണ് മാലിദ്വീപുകാർ. മലയാളികളായ അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും ഈ നാടിൻറെ പുരോഗതിയിൽ വലിയ സംഭാവനകൾ അർപ്പിച്ചിട്ടുണ്ടെന്നും മാലിദ്വീപിലെത്തിയ ശേഷം ഫേസ്ബുക്ക് പോസ്റ്റിൽ കാന്തപുരം വ്യക്തമാക്കി.
മാലിദ്വീപ് വഴി ഗൾഫ് രാഷ്ട്രങ്ങളിലേക്ക് യാത്ര പോകുന്ന പ്രവാസികളുടെ ദുരിതങ്ങൾ യാത്രയിൽ കാണാനിടയായതായി കാന്തപുരം പറഞ്ഞു. മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാരാണ് അധികവും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിൽ നിന്ന് മാലിയിലേക്ക് നേരിട്ട് ഫ്ലൈറ്റ് ഇല്ലാത്തതിനാൽ വളരെ നേരത്തെ വന്ന് അടുത്തുള്ള ഹോട്ടലിൽ റൂമെടുക്കാൻ നിർബന്ധിതരായിട്ടുണ്ട്. ജോലിയും കൂലിയുമില്ലാതെ മാസങ്ങളായി നാട്ടിൽ കഴിയുന്ന പ്രവാസികൾക്ക് വലിയ പ്രയാസമാണ് ഇത് കാരണം ഉണ്ടാകുന്നത്. കോഴിക്കോട് എയർപോർട്ടിൽ നിന്ന് തന്നെ മാലിയിലേക്ക് ഫ്ലൈറ്റ് അടിയന്തിരമായി ആരംഭിക്കാൻ പ്രധാനമന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും മുഖ്യമന്ത്രിക്കും മലബാറിലെ ജനപ്രതിനിധികൾക്കും കത്തയക്കുന്നുണ്ട്.
മതിയായ യാത്രാ രേഖകൾ ഇല്ലാതെ മാലി എയർപോർട്ടിൽ രാവിലെ എത്തിയ നൂറിലധികം മലയാളികളായ പ്രവാസികൾ കുടുങ്ങിക്കിടക്കുന്നത് വളരെ വേദനയുണ്ടാക്കുന്നതാണ്. മർകസ് ഓഫീസ് മുഖേന നാട്ടിലെ അവരുടെ ട്രാവൽ ഏജൻസികളെ ബന്ധപ്പെട്ടപ്പോൾ ആശാവഹമായ മറുപടിയാണ് ലഭിച്ചത്. ചാർട്ടേഡ് ഫ്ലൈറ്റിൽ തന്നെ അവരെ തിരികെ കൊച്ചിയിലെത്തിച്ച് രേഖകൾ ക്ലിയറാക്കി അടുത്ത ദിവസം തന്നെ മാലിയിലേക്കും ഈ മാസാവസാനം ഗൾഫിലേക്കും കൊണ്ടുപോകാൻ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊണ്ടിരിക്കുന്നതായാണ് ഏജൻസികൾ അറിയിച്ചതെന്നും കാന്തപുരം പറഞ്ഞു.




