Connect with us

Kerala

കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ജീവപര്യന്തവും പിഴയും ശിക്ഷ

പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ഒന്ന് ജഡ്ജിയാണ് ശിക്ഷ വിധിച്ചത്

Published

|

Last Updated

പാലക്കാട് | കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ഒന്ന് ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. പ്രതികളായ പാലക്കാപറമ്പിൽ അബ്ദുൽ ജലീൽ, തൃക്കളൂർ കല്ലാങ്കുഴി പലയക്കോടൻ സലാഹുദ്ദീൻ, മങ്ങാട്ടുതൊടി ഷമീർ, അക്കിയപാടം കത്തിച്ചാലിൽ സുലൈമാൻ, മാങ്ങോട്ടുത്തൊടി അമീർ, തെക്കുംപുറയൻ ഹംസ, ചീനത്ത് ഫാസിൽ, തെക്കുംപുറയൻ ഫാസിൽ, എം.റാഷിദ് (ബാപ്പൂട്ടി), ഇസ്മായിൽ (ഇപ്പായി), ഷിഹാബ്, മുസ്തഫ, നാസർ, ഹംസ (ഇക്കാപ്പ), സലിം, നൗഷാദ് (പാണ്ടി നൗഷാദ്), സെയ്താലി, താജുദ്ദീൻ, ഷഹീർ, അംജാദ്, മുഹമ്മദ് മുബഷീർ, മുഹമ്മദ് മുഹസിൻ, നിജാസ്, ഷമീം, സുലൈമാൻ എന്നിവർക്കാണ് ശിക്ഷിക്കപ്പെട്ടത്. കൊല നടന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്.

2013 നവംബര്‍ 20 ന് രാത്രി ഒമ്പതോടെയായിരുന്നു മാരകായുധങ്ങളുമായെത്തിയ സംഘം കല്ലാംകുഴി പള്ളത്ത് വീട്ടില്‍ പരേതനായ മുഹമ്മദ് ഹാജിയുടെ മക്കളായ കുഞ്ഞുഹംസ, നൂറുദ്ദീന്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മറ്റൊരു സഹോദരന്‍ കുഞ്ഞുമുഹമ്മദിനും പരുക്കേറ്റിരുന്നു. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത  26 പേരും മുസ്ലിം ലീഗുമായി ബന്ധമുള്ളവരോ സജീവ പ്രവര്‍ത്തകരോ ആയിരുന്നു. 27 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. നാലാം പ്രതി ഹംസപ്പ വിചാരണ തുടങ്ങും മുൻപു മരിച്ചു. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഒരാൾക്കു കൊലപാതകം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ല. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ചോലാട്ടില്‍ സിദ്ദീഖാണ് ഒന്നാം പ്രതി.

കല്ലാംകുഴി ഇരട്ടക്കൊലക്കേസ് പ്രതികള്‍: മുകളില്‍ ഇടത്ത് നിന്ന് ആദ്യം സിദ്ദീഖ്, റഷീദ്, നിജാസ്, മുഹ്‌സിന്‍, ഫാസില്‍, താജുദ്ദീന്‍, ഇസ് മാഈല്‍, മുസ്തഫ, ഷഹീര്‍, അമീര്‍, ചീനത്ത് നാസര്‍, ജലീല്‍, സലീം, ഫാസില്‍, സുലൈമാന്‍, സലാഹുദ്ദീന്‍, സെയ്തലവി, അംജദ്, മുബശ്ശിര്‍, ഷമീം, ഹംസപ്പ, സുലൈമാന്‍.

അറസ്റ്റിലായി വേഗത്തില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ലീഗ് നേതാക്കളോടൊപ്പം നില്‍ക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് വലിയ വിവാദങ്ങളുണ്ടാക്കി. പ്രതികള്‍ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ സാക്ഷികളെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഹൈക്കോടതി അഞ്ച് പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തിരുന്നു. കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോയതിനാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. തുടര്‍ന്ന് കേസിന്റെ വിചാരണ നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു. 90ഓളം സാക്ഷികളാണ് കേസിലുള്ളത്.

എസ് വൈ എസ് കല്ലാംകുഴി യൂനിറ്റ് സെക്രട്ടറിയായിരുന്നു നൂറുദ്ദീന്‍. പ്രതികളെ രക്ഷപ്പെടുത്താന്‍ രാഷ്ടീയ തലത്തിലും മറ്റും സമ്മര്‍ദമുണ്ടായിരുന്നുവെങ്കിലും ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയാറായത്. കല്ലാംകുഴി സുന്നി ജുമുഅ മസ്ജിദില്‍ തണല്‍ എന്ന സംഘടന അനധികൃത പിരിവ് നടത്തുന്നതിനെതിരെ വഖ്ഫ് ബോര്‍ഡില്‍ നിന്ന് കുഞ്ഞുഹംസ വിധി സമ്പാദിച്ചിരുന്നു. ഇതിലുള്ള വിരോധമായിരുന്നു കൊലപാതകത്തിന് പിന്നില്‍.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ടി.സി. കൃഷ്ണൻ നാരായണൻ ഹാജരായി.

Latest