Uae
രണ്ടാമത് ഷാർജ ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി
ബുദൂർ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു
ഷാർജ | രണ്ടാമത് ഷാർജ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. “കഥകളാൽ നെയ്ത ഒരു സമൂഹം’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ മേള സംഘടിപ്പിക്കുന്നത്. ഷാർജ യൂണിവേഴ്‌സിറ്റി സിറ്റി ഹാളിന് സമീപം സജ്ജീകരിച്ചിരിക്കുന്ന വേദിയിൽ ജനുവരി 11 വരെയാണ് ഫെസ്റ്റിവൽ നടക്കുക.
ഇമാറാത്തി സാഹിത്യ പ്രതിഭകളെ ആദരിക്കുന്നതിനും എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുമാണ് ഈ മേള ലക്ഷ്യമിടുന്നത്.
ഉദ്ഘാടന ചടങ്ങിൽ ഇമാറാത്തി യുവാക്കൾ അവതരിപ്പിച്ച തിയേറ്റർ പ്രകടനങ്ങളും കവിതാ പാരായണങ്ങളും ശ്രദ്ധേയമായി. 24-ഓളം സാംസ്‌കാരിക പരിപാടികളും പാനൽ ചർച്ചകളും മേളയുടെ ഭാഗമായി നടക്കും. പുരാതന നാഗരികതകൾ, കുട്ടികളുടെ എഴുത്തു രീതികൾ, ആധുനിക സാങ്കേതിക വിദ്യകൾ തുടങ്ങിയവ ഇതിൽ ചർച്ച ചെയ്യപ്പെടും. 42 ഇമാറാത്തി പബ്ലിഷിംഗ് ഹൗസുകൾ പങ്കെടുക്കുന്ന പുസ്തകമേളയിൽ പ്രാദേശിക എഴുത്തുകാരുടെ ഏറ്റവും പുതിയ കൃതികൾ ലഭ്യമാകും.
കാലിഗ്രാഫി, കഥപറച്ചിൽ, ക്രിയേറ്റീവ് ആർട്‌സ് തുടങ്ങി 14-ഓളം പഠനശിബിരങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. സാഹിത്യം സമൂഹത്തിന്റെ മൂല്യങ്ങളെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണെന്നും ഇത്തരം മേളകൾ തലമുറകൾ തമ്മിലുള്ള ബന്ധം ശക്തമാക്കാൻ സഹായിക്കുമെന്നും ശൈഖ ബുദൂർ അൽ ഖാസിമി പറഞ്ഞു.
എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷനും ഷാർജ ബുക്ക് അതോറിറ്റിയും സംയുക്തമായാണ് ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ഈ സാംസ്‌കാരിക മാമാങ്കം സംഘടിപ്പിക്കുന്നത്.



