Connect with us

Uae

ദുബൈയിൽ 35 പുതിയ ജഡ്ജിമാർ അധികാരമേറ്റു

ജനങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിലും നിയമവാഴ്ച നിലനിർത്തുന്നതിലും ജഡ്ജിമാർക്കുള്ള നിർണായക ഉത്തരവാദിത്തത്തെക്കുറിച്ച് ശൈഖ് മുഹമ്മദ് ഓർമിപ്പിച്ചു.

Published

|

Last Updated

ദുബൈ | ദുബൈ കോടതികളിലേക്ക് പുതുതായി നിയമിതരായ 35 ജഡ്ജിമാർ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ ശൈഖ് സഈദ് ബിൻ അഹമ്മദ് അൽ മക്തൂം പാലസിലായിരുന്നു ചടങ്ങ്.

ജനങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിലും നിയമവാഴ്ച നിലനിർത്തുന്നതിലും ജഡ്ജിമാർക്കുള്ള നിർണായക ഉത്തരവാദിത്തത്തെക്കുറിച്ച് ശൈഖ് മുഹമ്മദ് ഓർമിപ്പിച്ചു. നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയും നിഷ്പക്ഷതയും ദുബൈയുടെ വളർച്ചയിൽ സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നും അദ്ദേഹം നിർദേശിച്ചു.

പുതുതായി നിയമിതരായവരിൽ അപ്പീൽ കോടതിയിലെ അഞ്ച് ജഡ്ജിമാരും പ്രാഥമിക കോടതിയിലെ 30 ജഡ്ജിമാരും ഉൾപ്പെടുന്നു. നീതിന്യായ രംഗത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനും കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും പുതിയ നിയമനങ്ങൾ കരുത്താകും. സത്യസന്ധമായും ആത്മാർഥമായും ഔദ്യോഗിക കൃത്യനിർവഹണം നടത്തുമെന്ന് ജഡ്ജിമാർ ചടങ്ങിൽ പ്രതിജ്ഞ എടുത്തു. ദുബൈ ജുഡീഷ്യൽ കൗൺസിൽ അംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

 

Latest