Connect with us

Kerala

പാപമോചനം തേടി വിശ്വാസി ലക്ഷങ്ങള്‍; പ്രൗഢം മഅ്ദിൻ പ്രാർഥനാ സമ്മേളനം

ഉത്തരങ്ങളുടെ ഉത്തമ രാത്രിയിൽ ജനലക്ഷങ്ങൾ സാക്ഷിയായ പ്രാർത്ഥനാ നഗരി പാപമോചനത്തിലലിഞ്ഞു ചേർന്നു

Published

|

Last Updated

മലപ്പുറം | ആയിരം മാസങ്ങളെക്കാൾ പുണ്യമേറിയ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന റമളാൻ 27-ാം രാവിൽ മഅ്ദിൻ പ്രാർഥനാ സമ്മേളനത്തിൽ പാപമോചനം തേടി വിശ്വാസി ലക്ഷങ്ങൾ. പ്രസവിക്കപ്പെട്ട കുഞ്ഞ് പാപമുക്തനായ പോലെ എന്നെയും പാപമുക്തനാക്കണേ എന്ന അകം തൊടുന്ന പ്രാർഥനയിലൂടെ പുതിയൊരു ജീവിതത്തിലേക്കാണ് വിശ്വാസികൾ കടന്നുചെന്നത്. ഉത്തരങ്ങളുടെ ഉത്തമ രാത്രിയിൽ ജനലക്ഷങ്ങൾ സാക്ഷിയായ പ്രാർത്ഥനാ നഗരി പാപമോചനത്തിലലിഞ്ഞു ചേർന്നു. നെഞ്ചിൽ കൈവെച്ച് മനമുരുകിയുള്ള പ്രാർഥനാ സംഗമം വിശ്വാസി ഹൃദയങ്ങളിൽ ആത്മനിർവൃതി പകരുന്നതായിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്കെതിരെ ഒത്തുചേർന്ന രാജ്യത്തെ ഏറ്റവും വലിയ സമാധാന സംഗമത്തിന് കൂടിയാണ് സ്വലാത്ത് നഗർ സാക്ഷിയായത്. മാരക വിപത്തായ ലഹരിക്കെതിരെ വിശ്വാസി സമൂഹമൊന്നിച്ച് കൂട്ട പ്രതിജ്ഞയുമെടുത്തു.

ഇന്നലെ പുലർച്ചെ മുതൽ തന്നെ വിശ്വാസികൾ ചെറുസംഘങ്ങളായി സ്വലാത്ത് നഗറിലേക്ക് ഒഴുകിയിരുന്നു. പ്രഭാതം മുതൽ മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ വിവിധ ആത്മീയ സദസ്സുകൾ നടന്നു. ഉച്ചക്ക് 1 മുതൽ നടന്ന അസ്മാഉൽ ബദ്രിയ്യീൻ മജ്ലിസോടെ പരിപാടികൾക്ക് തുടക്കമായി. ഉച്ചയോടെ മഅ്ദിൻ ഗ്രാൻഡ് മസ്ജിദ് നിറഞ്ഞു കവിഞ്ഞു. തുടർന്ന് ഗ്രാൻഡ് മസ്ജിദിലും ഗ്രൗണ്ടിലുമായി പതിനായിരങ്ങൾ സംബന്ധിച്ച മെഗാ ഇഫ്ത്വാർ നടന്നു. മഗ്രിബ്, ഇശാഅ്, അവ്വാബീൻ, തസ്ബീഹ്, തറാവീഹ്, വിത്റ് നിസ്കാരങ്ങൾ പ്രധാന വേദിയിലും ഗ്രാൻഡ് മസ്ജിദിലും വിവിധ ഓഡിറ്റോറിയങ്ങളിലും നടന്നു.

രാത്രി ഒമ്പതോടെ ജനലക്ഷങ്ങൾ പ്രാർഥനാ നഗരിയിലേക്ക് ഒഴുകിയെത്തി. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭ പ്രാർത്ഥനയോടെ സമാപന പരിപാടികൾക്ക് തുടക്കമായി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ല്യാർ അധ്യക്ഷത വഹിച്ചു. മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാർത്ഥനക്കും നേതൃത്വം നൽകി.

മഹാസംഗമത്തിലേക്കൊഴുകിയ വിശ്വാസി സമൂഹത്തെ സ്വീകരിക്കാനായി മഅ്ദിൻ അക്കാദമി പൂർണ സജ്ജമായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഫയർഫോഴ്സിന്റെയും സഹകരണത്തോടെ 5555 അംഗ വളണ്ടിയർ കോറിന്റെ പ്രവർത്തനം നിസ്തുലമായി. അടിയന്തിരാവശ്യങ്ങൾക്കായൊരുക്കിയ സൂപ്പർ സ്പെഷ്യാലിറ്റി ഇന്റൻസീവ് കെയർ യൂണിറ്റ്, മൊബൈൽ ടെലി മെഡിസിൻ യൂണിറ്റ്, ഭിന്നശേഷിക്കാർക്കായി പ്രത്യേക സജ്ജീകരണങ്ങൾ എന്നിവ വിശ്വാസികൾക്കനുഗ്രഹമായി. പ്രാർത്ഥനാ സമ്മേളനത്തിനെത്തിയ വിശ്വാസികൾക്ക് മഅ്ദിൻ മിംഹാറിന് കീഴിൽ സൗജന്യ ചികിത്സാ സൗകര്യമൊരുക്കി. ഭിന്നശേഷി സുഹൃത്തുക്കളുടെ സൗകര്യത്തിനായി പ്രത്യേക ക്രമീകരണങ്ങളുമൊരുക്കി.

പ്രധാനവേദിക്ക് പുറമെ പരിസരത്തെ മൈതാനങ്ങളും ഓഡിറ്റോറിയങ്ങളും തിരക്ക് നിയന്ത്രിക്കാൻ നിമിത്തമായി. പ്രാർത്ഥനാ സംഗമത്തിനെത്തിയ ലക്ഷങ്ങൾക്കായുള്ള നോമ്പ്തുറക്കും അംഗസ്നാനത്തിനും നമസ്കാരങ്ങൾക്കും പ്രാഥമിക കർമങ്ങൾക്കുമായി ഏർപ്പെടുത്തിയ പ്രത്യേക സൗകര്യങ്ങൾ ഏറെ ആശ്വാസം പകരുന്നതായിരുന്നു. ആത്മീയവേദിയുടെ പുണ്യം നുകരാനെത്തിയ സ്ത്രീകൾക്കുള്ള സൗകര്യവുമൊരുക്കിയിരുന്നു. സ്വലാത്ത്, തഹ്ലീൽ, ഖുർആൻ പാരായണം, തൗബ, പ്രാർത്ഥന എന്നിവ പരിപാടിയിൽ നടന്നു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ല്യാർ, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, ചാലിയം എ പി അബ്ദുൽ കരീം ഹാജി എന്നിവർ പ്രസംഗിച്ചു.

മലപ്പുറത്തിന്റെ സ്നേഹം പകര്‍ന്ന് പതിനായിരങ്ങള്‍ ഒന്നിച്ച് നോമ്പ് തുറന്നു

ഒരുമയുടെയും സൗഹൃദത്തിന്റെയും സന്ദേശം പകര്‍ന്ന് പതിനായിരങ്ങള്‍ക്ക് നോമ്പുതുറ ഒരുക്കി മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനം. സമ്മേളനത്തിനെത്തിയ വിശ്വാസികള്‍ക്ക് നോമ്പുതുറക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് നഗരിയില്‍ ഒരുക്കിയിരുന്നത്. എടവണ്ണപ്പാറ, കരേക്കാട് തുടങ്ങി മലപ്പുറത്തിന്റെ വിവിധ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നുമാണ് ഇഫ്ത്വാറിനായി പത്തിരിയും മറ്റു വിഭവങ്ങളും എത്തിച്ചത്. ഈത്തപ്പഴം, പത്തിരി, ബിരിയാണി, ജ്യൂസ്, ഫ്രൂട്ട്സ്, പൊരിക്കടികള്‍ തുടങ്ങി വിഭവസമൃദ്ധമായ വിരുന്നാണ് മഅ്ദിന്‍ അക്കാദമി വിശ്വാസികള്‍ക്കായി ഒരുക്കിയത്.

പത്തിരിയും വിഭവങ്ങളും സ്വീകരിക്കാനും സംഘടിപ്പിക്കാനും സന്നദ്ധസേവന പ്രവര്‍ത്തകര്‍ സജീവമായിരുന്നു. പ്രധാന ഗ്രൗണ്ടിലും ഗ്രാന്‍ഡ് മസ്ജിദ് പരിസരത്തും സ്വലാത്തിനായി സംവിധാനിച്ച വിവിധ ഓഡിറ്റോറിയങ്ങളിലും വിപുലമായ സ്വകര്യങ്ങളാണ് ഇഫ്ത്വാറിനായി സജ്ജമാക്കിയിരുന്നത്. 20 വര്‍ഷമായി റമസാന്‍ ഒന്ന് മുതല്‍ അവസാനം വരെ മഅ്ദിന്‍ അക്കാദമിയില്‍ ഒരുക്കുന്ന വിപുലമായ നോമ്പ് തുറ നിരവധി പേര്‍ക്ക് ആശ്വാസമാണ്. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ യാത്രക്കാരും പൊതുജനങ്ങളും നാട്ടുകാരും ഹോസ്റ്റല്‍ വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും വിവിധ തൊഴിലാളികളും മാധ്യമ പ്രവര്‍ത്തകരും ദിനംപ്രതി ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. അത്താഴവും മുത്താഴവും ഇവിടെ നിന്ന് നല്‍കുന്നുണ്ട്. ഹരിതചട്ടം പാലിച്ചുകൊണ്ടാണ് വിഭവങ്ങളെല്ലാം തയ്യാറാക്കുന്നതെന്ന പ്രത്യേകതയും ഈ ഇഫ്ത്വാറിനുണ്ട്.

മലപ്പുറത്തിന്റെ സ്നേഹവും കരുതലും അനുഭവിക്കാവുന്നതാണ് മഅ്ദിനിന്റെ സമൂഹ നോമ്പ് തുറ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ണത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ കലഹിക്കുകയും മനുഷ്യര്‍ തമ്മില്‍ അകലങ്ങള്‍ കൂടുകയും ചെയ്യുന്ന ഇക്കാലത്ത് ഇസ്ലാം ഉയര്‍ത്തി പിടിക്കുന്ന ഒരുമയുടെ സന്ദേശം സമൂഹ നോമ്പ് തുറ തുറന്നു കാണിക്കുകകയും ചെയ്യുന്നു. സമൂഹത്തിന്റെ നാനാഭാഗങ്ങളിലുള്ളവര്‍ ആശ്രയിക്കുന്ന മഅ്ദിന്‍ ഇഫ്ത്വാര്‍ വേറിട്ടൊരു കാഴ്ചയും മാതൃകയുമാണ്.

Summary

Millions of believers converged at Ma’din Swalath Nagar in Malappuram to observe the 27th night of Ramadan, seeking spiritual purification and divine forgiveness. The event, inaugurated by Indian Grand Mufti Kanthapuram A.P. Aboobacker Musliyar, also served as a major peace conference against global conflicts and drug abuse. Extensive arrangements, including medical units and volunteer support, ensured the smooth conduct of the massive gathering.

Latest