Connect with us

Kerala

കല്ലാംകുഴി ഇരട്ടക്കൊല; കേസ് അട്ടിമറിക്കാന്‍ നടന്നത് വലിയ ഗൂഢാലോചനകള്‍

നീതിക്ക് വേണ്ടി അവസാനം വരെ പോരാടിയ സുന്നി സംഘശക്തിയുടെ വിജയമാണ് കോടതി വിധിയിലൂടെ പുറത്തുവന്നത്.

Published

|

Last Updated

പാലക്കാട് | കല്ലാംകുഴി ഇരട്ടക്കൊല കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പലതരത്തിലുള്ള ഗൂഢാലോചനകളാണ് തുടക്കം മുതല്‍ നടന്നത്. എന്നാല്‍, നീതിക്ക് വേണ്ടി അവസാനം വരെ പോരാടിയ സുന്നി സംഘശക്തിയുടെ വിജയമാണ് കോടതി വിധിയിലൂടെ പുറത്തുവന്നത്. 2013 നവംബര്‍ 20ന് കൊലപാതകം നടന്നതിന് പിന്നാലെ, പ്രതികളെ രക്ഷപ്പെടുത്താനുള്ള സാഹചര്യമാണ് അന്നത്തെ ഭരണകൂടവും പോലീസും ഒരുക്കിയത്. ശക്തമായ ജനവികാരത്തില്‍ നില്‍ക്കക്കള്ളിയില്ലാതെ അവസാനം പ്രതികളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു. പക്ഷേ, ഭരണസ്വാധീനവും സാമ്പത്തികമായ കരുത്തും കൊണ്ട് അവര്‍ക്ക് ഉടന്‍ ജാമ്യം ലഭിച്ചു. പ്രതികള്‍ക്ക് ജാമ്യം ലഭ്യമാക്കാന്‍ എഫ് ഐ ആര്‍ തിരുത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. പുറത്ത് സുന്നി സംഘടനാ പ്രക്ഷോഭം നടക്കുമ്പോള്‍, പ്രതികളെ പിടികൂടണമെന്ന ആവശ്യം അന്നത്തെ കോങ്ങാട് എം എല്‍ എ. കെ വി വിജയദാസ് നിയമസഭയില്‍ ഉന്നയിച്ചു. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ സാക്ഷികളെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ വിചാരണ നീണ്ടു. ഒടുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇത് പ്രകാരം കഴിഞ്ഞ നവംബര്‍ 15ന് വിചാരണ തുടങ്ങി. ഈ കാലത്തും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായി. പക്ഷേ ഒരാളും കൂറുമാറിയില്ല. ഇതോടെ പ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടു.

 

Latest