Connect with us

kadakkavoor pocso case

കടയ്ക്കാവൂർ പോക്സോ കേസ്: മാതാവിനെതിരെ മകൻ സുപ്രീം കോടതിയിൽ

ഹൈക്കോടതി തന്റെ ഭാഗം കേൾക്കാതെയാണ് കേസ് അവസാനിപ്പിച്ചതെന്നും മാതാവിനെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മകൻ ഹരജി നൽകിയത്.

Published

|

Last Updated

ന്യൂഡൽഹി | കടയ്ക്കാവൂർ പോക്‌സോ കേസിൽ അന്വേഷണ സംഘത്തിന്റെ റിപോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ മകൻ സുപ്രീം കോടതിയിൽ ഹരജി നൽകി. ഹൈക്കോടതി തന്റെ ഭാഗം കേൾക്കാതെയാണ് കേസ് അവസാനിപ്പിച്ചതെന്നും മാതാവിനെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മകൻ ഹരജി നൽകിയത്. പതിമൂന്നുകാരനായ മകനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.

കേസിൽ അറസ്റ്റിലായ മാതാവിന് പിന്നീട് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം നൽകുകയും സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. മകനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ വർഷം ജൂണിൽ റിപോർട്ട് നൽകി.

ഈ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിടുകയും ഡിസംബറിൽ തിരുവനന്തപുരം പോക്സോ കോടതി കേസ് നടപടികൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഹൈക്കോടതി തന്റെ വാദം കേട്ടില്ലെന്നും പ്രോസിക്യൂഷന്റെ ഭാഗം മാത്രമാണ് കേട്ടതെന്നും കാണിച്ചാണ് മകൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.