First Gear
വെറും നാലു വർഷം; 100 കോടി വരുമാനം, മാസം 1000 യൂണിറ്റ്; കുതിച്ച് റിവർ ഇവി
ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ, ഹുബ്ലി, വിശാഖപട്ടണം, കൊച്ചി, കോയമ്പത്തൂർ, വെല്ലൂർ, തിരുപ്പതി, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലായി റിവറിന് 20 ഔട്ട്‌ലെറ്റുകൾ നിലവിലുണ്ട്.

ബെംഗളുരു|സ്ഥാപിതമായി വെറും നാല് വർഷം പിന്നിടുമ്പോഴേക്കും വൻ കുതിപ്പുമായി റിവർ ഇവി സ്‌കൂട്ടർ. 100 കോടി വരുമാനവും മാസം 1000 യൂണിറ്റ് വിൽപ്പന എന്ന നേട്ടവുമാണ് റിവർ ഇവി കൈവരിച്ചിരിക്കുന്നത്. 2021ൽ ബെംഗളുരു കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച കമ്പനിയാണ് റിവർ ഇവി. കമ്പനിയുടെ ആദ്യ ഇലക്ട്രിക് ഇരുചക്ര വാഹനമായ ഇൻഡി രണ്ട് വർഷം മുമ്പാണ് പുറത്തിറക്കിയത്. സ്കൂട്ടറുകളുടെ എസ്‌യുവി എന്നും അറിയപ്പെടുന്ന ഇൻഡി വളരെ പെട്ടെന്ന് തന്നെ വിപണിയിൽ തരംഗമായി. കഴിഞ്ഞ മാർച്ചിൽ 1,000 യൂണിറ്റ് വിൽപ്പന ഇൻഡി നേടി.
“വെറും 4 വർഷത്തിനുള്ളിൽ 100 കോടി രൂപ വരുമാനവും പ്രതിമാസ വിൽപ്പനയിൽ 1,000 കടന്നത് തങ്ങളുടെ ആതമവിശ്വാസം വർധിപ്പിച്ചതായി റിവറിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സഹസ്ഥാപകനുമായ അരവിന്ദ് മണി പറഞ്ഞു. ഗവേഷണ-വികസന ശേഷി, നിർമ്മാണം, വിതരണം എന്നിവയിലുടനീളം തങ്ങൾ കെട്ടിപ്പടുത്ത ശക്തമായ അടിത്തറയാണ് നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ, ഹുബ്ലി, വിശാഖപട്ടണം, കൊച്ചി, കോയമ്പത്തൂർ, വെല്ലൂർ, തിരുപ്പതി, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലായി റിവറിന് 20 ഔട്ട്‌ലെറ്റുകൾ നിലവിലുണ്ട്. വരും ആഴ്ചകളിൽ തിരുവനന്തപുരം, വിജയവാഡ, പൂനെ എന്നിവിടങ്ങളിലേക്ക് കമ്പനി പ്രവർത്തനം വ്യാപിപ്പിക്കും. ഡിമാൻഡ് വർദ്ധിക്കുന്നതിനനുസരിച്ച്, 2026 ഓടെ 100-ലധികം നഗരങ്ങളിൽ സ്‌റ്റോർ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
നിലവിൽ യമഹ മോട്ടോർ കോർപ്പറേഷൻ, മിറ്റ്സുയി & കമ്പനി ലിമിറ്റഡ്, മരുബെനി കോർപ്പറേഷൻ, അൽ ഫുട്ടൈം ഗ്രൂപ്പ്, ലോവർ കാർബൺ ക്യാപിറ്റൽ, ടൊയോട്ട വെഞ്ച്വേഴ്‌സ്, മാനിവ് മൊബിലിറ്റി, ട്രക്ക്സ് വിസി തുടങ്ങിയ വൻ കമ്പനികൾക്ക് റിവറിൽ നിക്ഷേപമുണ്ട്. 161 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന 4 kWh ബാറ്ററി പായ്ക്കോടുകൂടിയാണ് റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടർ വരുന്നത്. 5 മണിക്കൂറിനുള്ളിൽ പൂജ്യത്തിൽനിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. 26 Nm പരമാവധി ടോർക്കും 9 hp ഇലക്ട്രിക് മോട്ടോറുമാണുള്ളത്. ഇത് സ്കൂട്ടറിനെ 3.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കാൻ അനുവദിക്കുന്നു. കൂടാതെ 90 കിലോമീറ്റർ വേഗതയും ഉണ്ട്.