Achievements
ജാമിഅ സഅദിയ്യ; പത്തില്‍ ഏഴ് റാങ്കും മഅ്ദിന്‍ വിദ്യാര്‍ഥികള്‍ക്ക്; അദനികള്‍ക്ക് റാങ്കിന്റെ തിളക്കം

മലപ്പുറം | കാസര്‍കോട് ജാമിഅ സഅദിയ്യ അറബിയ്യ 2021-22 വര്‍ഷ തഖസ്സുസ് (പി ജി ഇസ്ലാമിക് ജൂറിസ്പ്രുഡന്‍സ്) ല്‍ ആദ്യ പത്തില്‍ ഏഴു റാങ്കുകളും മഅ്ദിന്‍ വിദ്യാര്‍ഥികള്‍ക്ക്. കുമരംപുത്തൂര്‍ സ്വദേശി മുഹമ്മദ് സ്വാലിഹ് അദനിക്കാണ് ഒന്നാം റാങ്ക്. അദനി ബിരുദത്തോടൊപ്പം ഇഗ്നോ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ സ്വാലിഹ് അദനി ഇല്‍മുല്‍ ഫറാഇദ്, ഇല്‍മുല്‍ ഫലക് തുടങ്ങിയവയില്‍ പ്രത്യേക നൈപുണ്യവും കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി കിതാബുകള്‍ തഖ് രീര്‍ ചെയ്യുകയും മജ്ലിസു ഉലമാഉസ്സഅദിയ്യീന്റെ കര്‍മ ശാസ്ത്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുറ്റാണിക്കാട് കളത്തില്‍ ഹൗസ് അബ്ദുല്‍ അസീസ് മുസ്ലിയാരുടെയും ഉമൈവയുടെയും മകനാണ്.
പള്ളിക്കല്‍ ബസാര്‍ സ്വദേശി മഹ്ബൂബ് സുഫിയാന്‍ അദനിക്കാണ് മൂന്നാം റാങ്ക്. ഇഗ്നോ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദവും നേടിയ മഹ്ബൂബ് അദനി സംസ്ഥാന തലത്തില്‍ നടന്ന നിരവധി പ്രബന്ധ മത്സരങ്ങളില്‍ വിജയം കൊയ്തിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതി വരുന്നു.
ഒളമതില്‍ സ്വദേശി ജഅ്ഫര്‍ നസീം അദനിക്കാണ് നാലാം റാങ്ക്. ഇഗ്നോ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയിട്ടുണ്ട്. കര്‍മ ശാസ്ത്ര മേഖലയില്‍ നിരവധി പഠന സമാഹാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. പത്തപ്പിരിയം സ്വദേശി മുഹമ്മദ് യാസീന്‍ അദനിക്കാണ് ആറാം റാങ്ക്. ഇഗ്നോ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടിയ ഇദ്ദേഹം പ്രഭാഷണ രംഗത്ത് നിറസാന്നിധ്യമാണ്. ആയിരങ്ങള്‍ പങ്കെടുക്കുന്ന അറിവിന്‍ പൊലിവ് ഓണ്‍ലൈന്‍ മജ്ലിസിന് നേതൃത്വം നല്‍കുന്നു.
അബൂബക്കര്‍ സാബിത് അദനി കാവനൂര്‍, അനസ് അദനി പത്തപ്പിരിയം, നസീബ് അദനി അരീക്കോട് എന്നിവര്‍ യഥാക്രമം ഏഴ്, എട്ട്, പത്ത് റാങ്കുകളും കരസ്ഥമാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളായ ഇവര്‍ ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പ്രത്യേക മേല്‍നോട്ടത്തില്‍ അല്‍ ഖാസിമിയ യൂണിവേഴ്സിറ്റിയില്‍ നടത്തപ്പെടുന്ന ഇന്റര്‍നാഷണല്‍ ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ സംബന്ധിച്ചിട്ടുണ്ട്. മികച്ച നേട്ടം കൈവരിച്ച അദനിമാരെ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.