Connect with us

feature

യുദ്ധമാണ്, നമുക്ക് കിടങ്ങുകളില്‍ രാപ്പാർക്കാം

രണ്ടാം ലോക യുദ്ധം അവസാനിച്ചിട്ട് 80 വർഷമാകുന്നു. പ്രത്യക്ഷത്തിൽ കേരളം യുദ്ധത്തിൽ ഭാഗഭാക്കായില്ലെങ്കിലും പരോക്ഷമായി യുദ്ധം കേരളത്തിൽ നിർണായകമായ പ്രകന്പനങ്ങളുണ്ടാക്കിയിരുന്നു.

Published

|

Last Updated

രണ്ടാം ലോക യുദ്ധം അവസാനിച്ചിട്ട് 80 വർഷമാകുന്നു. പ്രത്യക്ഷത്തിൽ കേരളം യുദ്ധത്തിൽ ഭാഗഭാക്കായില്ലെങ്കിലും പരോക്ഷമായി യുദ്ധം കേരളത്തിൽ നിർണായകമായ പ്രകന്പനങ്ങളുണ്ടാക്കി. ബ്രിട്ടീഷ് മലബാറിൽ ഏത് സമയവും എതിർ ചേരിയിലായിരുന്ന ജപ്പാന്റെ വ്യോമാക്രമണമുണ്ടാകുമെന്ന ഭീതി ജനങ്ങളിൽ പ്രചരിപ്പിക്കാൻ ഭരണകൂടം ബോധപൂർവമായ ശ്രമങ്ങളുണ്ടായി. യുദ്ധമുണ്ടായാൽ അതിനെ പ്രതിരോധിക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ മലബാറിൽ അന്നത്തെ ഭരണകൂടം നടത്തി. അതിലൊന്നായിരുന്നു കൊച്ചിയിലെ കിടങ്ങ് നിർമാണവും സുരക്ഷാ സംവിധാനമൊരുക്കലും.

ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെല്ലാം തന്നെ ജനങ്ങളിൽ യുദ്ധഭീതി സൃഷ്ടിക്കുകയും ആ ഭീതി ഭരണകൂടത്തോടുള്ള വിധേയത്വമായി മാറ്റാനും കൊളോണിയൽ ഭരണാധികാരികൾ ശ്രമിച്ചു. യുദ്ധമുണ്ടാകുന്പോഴാണല്ലോ സാധാരണ പൌരന്മാർക്ക് ഭരണകൂടത്തിന്റെ സുരക്ഷ ഏറ്റവും കൂടുതൽ ആവശ്യമായി വരിക. അന്ന് കൊച്ചി ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായിരുന്നു. ഇത് പ്രധാന തുറമുഖ നഗരങ്ങളിലൊന്നായിരുന്നു. അതിന്റെ വിവരങ്ങളാണ് കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവ്സിലെ മദ്രാസ് ഗവണ്‍മെന്റിന്റെ പബ്ലിക്ക് ഡിപ്പാര്‍ട്ട്മെന്റ്ഫയലില്‍ കാണുന്നത്.

രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ സഖ്യകക്ഷികളും അച്ചുതണ്ട് ശക്തികളും രണ്ട് വിരുദ്ധ ചേരികളിലായിരുന്നു. റഷ്യ, ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടണ്‍, ചൈന എന്നിവരുള്‍പ്പെട്ടതാണ് സഖ്യകക്ഷികളെങ്കില്‍ ജർമനി, ഇറ്റലി, ജപ്പാന്‍ ഉള്‍പ്പെട്ടതാണ് അച്ചുതണ്ട് ശക്തികള്‍. അച്ചുതണ്ട് ശക്തികളില്‍ ഏഷ്യയിലെ പ്രബലരായ ജപ്പാന്റെ ആക്രമണം ഏത് നിമിഷവും കൊച്ചിയിലുണ്ടാകാം എന്നുള്ളതായിരുന്നു അന്നത്തെ അവസ്ഥ. കൊച്ചിയില്‍ ജപ്പാന്റെ ആക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്ന ആലോചനകളാണ് ആര്‍ക്കൈവ്‌സ് രേഖയിലുള്ളത്. 1942 ഏപ്രില്‍ 11ന്  എ ജി മിലന്‍ എന്ന എ ആര്‍ പി കണ്‍ട്രോളര്‍ വെല്ലിംഗ്ടണ്‍ അയര്‍ലന്റില്‍ നിന്ന് മദ്രാസിലെ ചീഫ് സെക്രട്ടറിക്ക് ഒരു കത്തയച്ചു. മദ്രാസിലെ പബ്ലിക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചീഫ് സെക്രട്ടറിയുടെ ആസ്ഥാനം ഫോര്‍ട്ട് സെന്റ് ജോര്‍ജിലാണ്. എ ആര്‍ പി എന്നാല്‍ എയര്‍ റെയിഡ് പ്രികോഷന്‍  എന്നാണ്. അതായത് വ്യോമാക്രമണങ്ങള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ആളാണ് എ ആര്‍ പി കണ്‍ട്രോളര്‍. കത്തിന്റെ ഉള്ളടക്കം ഇതാണ്.

വ്യോമാക്രമണം ഉണ്ടായാല്‍ കൊച്ചിയിലെ പൗരന്മാരെ രക്ഷിക്കാനായി കിടങ്ങുകളും മറ്റും നിർമിക്കാന്‍ കൊച്ചിയിലെ ബ്രിട്ടീഷ് ഭരണകൂടം  ശ്രമിക്കുന്നു. അതിന് 36,228 രൂപ ചെലവ്  വരും. ഈ ചെലവ് അനുവദിച്ച് തരണമെന്നാണ് എ ആര്‍ പി കണ്‍ട്രോളര്‍ ചീഫ് സെക്രട്ടറിയോട് അഭ്യർഥിക്കുന്നത്.  എങ്ങനെയാണ് 36,228 രൂപ ചെലവ് വരുന്നത് എന്നതിന്റെ വിശദാംശങ്ങളും അദ്ദേഹം നല്‍കുന്നു. വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാനായി സ്ലിറ്റ് ട്രെഞ്ചുകളും മാസിനറി ടാങ്കുകളും നിർമിക്കേണ്ടതുണ്ട്.  ഒപ്പം കിണറുകളും ആവശ്യമാണ്. കുടിവെള്ളത്തിന്റെ വിതരണം ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനുള്ള ഒരു പദ്ധതിയാണ് എ ആര്‍ പി കണ്‍ട്രോളര്‍ ചീഫ് സെക്രട്ടറിക്ക് മുമ്പാകെ അവതരിപ്പിക്കുന്നത്. ( സ്ലിറ്റ് ട്രെഞ്ചസ് എന്ന് പറഞ്ഞാല്‍ ഒന്നോ അതിലധികമോ ഭടന്‍മാര്‍ക്ക് ഒളിച്ചിരിക്കാവുന്ന കിടങ്ങാണ്. മാസിനറി ടാങ്ക് എന്ന് പറഞ്ഞാല്‍ കല്‍പ്പണി കൊണ്ടുണ്ടാക്കിയ താത്കാലിക ടാങ്കുകളാണ്) കൊച്ചിയിലെ 90 ശതമാനം ജനങ്ങളെയും വ്യോമാക്രമണം ഉണ്ടായാല്‍ ഒഴിപ്പിക്കേണ്ടി വരും. അവശേഷിക്കുന്ന 10 ശതമാനം ജനങ്ങള്‍ക്ക് വേണ്ടിയിട്ടാണ് സ്ലിറ്റട് ട്രെഞ്ചുകള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നത്. താഴെ പറയുന്നവയാണ് വ്യോമാക്രമണത്തെ പ്രതിരോധിക്കാനായി നിർമിക്കേണ്ട അല്ലെങ്കില്‍ സ്വീകരിക്കേണ്ട പദ്ധതികള്‍. പത്ത് മാസിനറി അതായത് കല്‍പ്പണിക്കാര്‍ ഉണ്ടാക്കിയ ടാങ്കുകള്‍. ഒരു ടാങ്കിന്റെ വില 510 രൂപയാണ്. പത്ത് ടാങ്കുകള്‍ ഉണ്ടാക്കാനുള്ള നിർമാണ ചെലവ് 5100. ഇരുന്നൂറ് കിണറുകള്‍ കുഴിക്കുക. ഒരു കിണര്‍ കുഴിക്കാനുള്ള ചെലവ് 500 രൂപ. ഇരുപത് കിണര്‍ കുഴിക്കാന്‍ ചെലവ് 10,000 രൂപ. ഒരു സ്ലിറ്റട് ട്രെന്‍ച്  ഉണ്ടാക്കുന്നതിനുള്ള ചെലവ് 1,990 രൂപ. 10 സ്ലിറ്റട് ട്രെന്‍ചുകള്‍ ഉണ്ടാക്കുന്നതിനുള്ള ചെലവ് 19988 രൂപ. 56 വ്യക്തികള്‍ക്ക് ഒരു ശൗചാലയം ആവശ്യമുണ്ട്. അങ്ങനെ 57 ശൗചാലയങ്ങള്‍ ഉണ്ടാക്കേണ്ടതുമുണ്ട്. ഒരു ശൗചാലയം ഉണ്ടാക്കാനുള്ള ചെലവ് 20 രൂപയാണ്. 57 ശൗചാലയം ഉണ്ടാക്കാനുള്ള ചെലവ് 1,140 രൂപ. മൊത്തത്തില്‍ 36,228 രൂപയാണ് കൊച്ചിയിലെ യുദ്ധപ്രതിരോധ മാർഗങ്ങള്‍ക്ക് സ്വീകരിക്കേണ്ടത്.  രേഖ പറയുന്നു.

എ ആര്‍ പി കണ്‍ട്രോളറുടെ നിർദേശം ബ്രിട്ടീഷ് ഭരണകൂടം വളരെ പെട്ടെന്ന് അംഗീകരിച്ചു. 23.04.1942 ന് ഈ നിർദേശങ്ങള്‍ ബ്രിട്ടീഷ് ഭരണകൂടം സ്വീകരിക്കുകയും ഭരണകൂടത്തിന്റെ വക്താവായ സെക്രട്ടറി അംഗീകരിച്ചുകൊണ്ട് ഔദ്യോഗികമായ ഒരു കത്തയക്കുകയും ചെയ്തു. ബ്രിട്ടീഷ് ചരിത്രത്തിലെ നിർണായകഘട്ടത്തിലാണ് രണ്ടാംലോകയുദ്ധം നടക്കുന്നത്. 1930കളുടെ സാമ്പത്തികതകര്‍ച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. രണ്ടാം ലോകയുദ്ധം ബ്രിട്ടനെസംബന്ധിച്ചിടത്തോളം ജീവന്‍ മരണപോരാട്ടമായിരുന്നു. ആ സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയിലെ ജനങ്ങളുടെ പിന്തുണ നേടാനും അവരുടെ സംരക്ഷണം ഉറപ്പ് വരുത്താനും ബ്രിട്ടീഷ് ഭരണകൂടം തീവ്രമായി ശ്രമിച്ചു. ആ ശ്രമങ്ങളാണ് ഈ രേഖയില്‍ പ്രതിഫലിക്കുന്നത്.

 

Latest